തൊടുപുഴ നിയോജക മണ്ഡലത്തിലെ ഭക്ഷണത്തിനുപോലും വകയില്ലാത്ത കിടപ്പുരോഗികള്‍ക്ക് പ്രതിമാസം ആയിരം രൂപവീതം ഒരുവര്‍ഷത്തേക്കു നല്‍കുന്നതടക്കമുള്ള 84 ലക്ഷത്തിന്റെ സഹായപദ്ധതിയുമായി പി.ജെ ജോസഫ് എംഎല്‍എ. തന്റെ കുടുംബസ്വത്തില്‍ നിന്നുമാണ് തുക ചിലവഴിക്കുന്നത്. ശാരീരിക പ്രശ്നങ്ങളുള്ള ഇളയമകന്‍ 'ജോക്കുട്ട'നെന്ന ജോമോന്‍ ജോസഫിനു നീക്കി വച്ച സ്വത്തില്‍ നിന്നുമാണ് തുക ചിലവഴിയ്ക്കുകയെന്നും പി.ജെ.ജോസഫ് അറിയിച്ചു. തൊടുപുഴയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഉദ്ഘാടനം കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ നിര്‍വഹിക്കും.
പിജെ ജോസഫ് ചെയര്‍മാനായ, ജോമോന്‍ ജോസഫ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ തൊടുപുഴ ജില്ലാ ആശുപത്രിയുടെ പരിധിയില്‍ സാന്ത്വനപരിചരണത്തിലുള്ളവര്‍ക്കായി 'കനിവ്' എന്നപേരിലാണ് പദ്ധതി. കുടുംബസ്വത്തിന് പുറമെ ട്രസ്റ്റിനു ലഭിക്കുന്ന സംഭാവനകളിലൂടെയും പദ്ധതിക്കു തുക കണ്ടെത്തും. തൊടുപുഴ നിയോജകമണ്ഡലത്തില്‍ മാത്രം 1500-ലധികം കിടപ്പുരോഗികളുണ്ടെന്നാണ് കണക്കുകള്‍ , ഇതില്‍ 699 രോഗികള്‍ ഒരുനേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാത്തവരാണെന്നു കണ്ടെത്തിയിരുന്നു. ഇവരെ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുടെ തുടക്കെമെന്നോണം ആദ്യമാസം രോഗികളുടെ വീടുകളില്‍ നേരിട്ടെത്തി തുക നല്‍കും. തുടര്‍ന്നുള്ള മാസങ്ങളില്‍ ബാങ്ക് അക്കൗണ്ടുവഴി വിതരണം ചെയ്യാനാണ് ലക്‌ഷ്യം. ഒരുവര്‍ഷം കഴിയുമ്പോഴേക്കും പദ്ധതി സര്‍ക്കാരോ സമൂഹമോ ഏറ്റെടുത്തു തുടരുമെന്നാണു തന്റെ പ്രതീക്ഷയെന്നും പിജെ ജോസഫ് പറയുന്നു.