ലാഹോര്‍ : ഇന്ത്യ തേടുന്ന കൊടും ഭീകരന്‍ , ജെയ് ഷെ മുഹമ്മദ്ദ് തലവന്‍ മസൂദ് അസര്‍ പാകിസ്ഥാനില്‍ തന്നെയുണ്ടെന്ന് ഒടുവില്‍ സമ്മതിച്ച് പാക് വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി. എന്നാല്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ വയ്യാത്ത തരത്തില്‍ അസുഖ ബാധിതനാണ് ജെയ് ഷെ തലവന്‍ എന്നാണ് പാക് മന്ത്രിയുടെ ന്യായീകരണം. അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്‍ നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.
പാകിസ്ഥാന്‍ കോടതിക്ക് സ്വീകാര്യമാകുന്ന തെളിവുകള്‍ ഇന്ത്യ നല്‍കിയാല്‍ മസൂദ് അസറിനെ അറസ്റ്റ് ചെയ്യുന്ന കാര്യം ആലോചിക്കാമെന്നാണ് ഖുറേഷി മാധ്യമത്തോട് പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തില്‍ ജെയ്‌ഷെയുടെ പങ്ക് സംബന്ധിക്കുന്ന തെളിവ് ബുധനാഴ്ച പാക്കിസ്ഥാന് കൈമാറിയിരുന്നു.
ഇന്ത്യയുടെ പക്കല്‍ വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ നമുക്ക് ഇരുന്ന ചര്‍ച്ചകള്‍ നടത്താമെന്നും തങ്ങള്‍ സഹകരിക്കുമെന്നും അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. മസൂദ് അസര്‍ എവിടെയുണ്ടെന്ന ചോദ്യത്തിന് ഇതാദ്യമായാണ് പാകിസ്ഥാന്‍ പ്രതികരിക്കുന്നത്. പുല്‍വാമ, ഉറി, മുംബൈ, പാര്‍ലമെന്റ് മന്ദിരം എന്നിവിടങ്ങളിലെയൊക്കെ ആക്രമണത്തിന് പിന്നില്‍ ജെയ് ഷെ മുഹമ്മദ്ദ് ആയിരുന്നു.