യാത്രാ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു 37 പേര്‍ക്ക് പരിക്കേറ്റു. വാന്‍കോവറില്‍ നിന്ന് സിഡ്‌നിയിലേക്ക് പോവുകയായിരുന്ന എയര്‍കാനഡ വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. ഇവരില്‍ 9 പേരുടെ നില ഗുരുതരമാണ്. സംഭവത്തെ തുടര്‍ന്ന് വിമാനം ഹോനോലുലു വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.
36000 അടി ഉയരത്തില്‍ പറക്കുന്നതിനിടെയാണ് എയര്‍കാനഡയുടെ ബോയിങ് 777-200 വിമാനം ആകാശച്ചുഴിയില്‍ കുടുങ്ങിയത്. 269 യാത്രക്കാരും 15 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.
വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ടതോടെ വലിയ കുലുക്കം സംഭവിച്ചെന്നും യാത്രക്കാരില്‍ മിക്കവരും സീറ്റില്‍ നിന്ന് ഉയര്‍ന്ന് സീലിങ്ങില്‍ തലയടിച്ചെന്നും യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട മിക്കവര്‍ക്കും സീലിങ്ങില്‍ തല ഇടിച്ചാണ് പരിക്കേറ്റത്.
സംഭവ സമയം വിമാനത്തിലുണ്ടായിരുന്ന മിക്കരും സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്നും ആഘാതത്തില്‍ യാത്രക്കാര്‍ ഉയര്‍ന്നുപൊങ്ങിയെന്നും കുട്ടികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ പരിഭ്രാന്തിയിലായെന്നും യാത്രക്കാരന്‍ പറയുന്നു. വിമാനം ഹോനോലുലു വിമാനത്താവളത്തിലിറക്കി ശേഷം പരിക്കേറ്റവര്‍ക്കെല്ലാം ചികിത്സ നല്‍കി. യാത്ര തടസ്സപ്പെട്ടവര്‍ക്ക് താമസ സൗകര്യവും നല്‍കിയതായി വിമാനക്കമ്പനി അറിയിച്ചു.