കാന്‍ബറ: പ്രധാനമന്ത്രി എന്നാല്‍ മസിലുപിടിച്ചു സുരക്ഷാ സന്നാഹങ്ങള്‍ക്കു നടുവില്‍ നടന്നു നീങ്ങുന്ന കാലമൊക്കെ മാറുകയാണ്. ജനങ്ങളുമായി അടുത്ത് ഇടപെഴകാനും അവരിലൊരാളായി മാറാനും പാശ്ചാത്യ ലോകത്തെ ഭരണാധികാരികള്‍ ശ്രമിക്കുന്നു. ഇപ്പോഴിതാ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ക്രിക്കറ്റ് മൈതാനത്ത് 'വാട്ടര്‍ ബോയ്' ആയി വരെ എത്തി വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നു. ഞായറാഴ്ച ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലെത്തിയശ്രീലങ്കന്‍ ടീം പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനുമായി വ്യാഴാഴ്ച സന്നാഹ മത്സരം നടത്തിയപ്പോഴാണ് ഓസീസ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചു കൊണ്ട് 'വാട്ടര്‍ ബോയ്' ആയത്.
മത്സരത്തിനിടെ ഓസീസ് ടീമിന് കുടിക്കാനുള്ള വെള്ളവുമായി ഗ്രൗണ്ടിലെത്തിയത് സ്‌കോട്ട് മോറിസണായിരുന്നു. കാന്‍ബറയില്‍ നടന്ന മത്സരത്തിനിടെ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനിലെ ഡാനിയല്‍ ഫാളിന്‍സ് ലങ്കന്‍ താരം ദസുന്‍ ഷാനകയെ പുറത്താക്കിയതിനു പിന്നാലെയാണ് മോറിസണ്‍ തന്റെ ടീമിലെ കളിക്കാര്‍ക്കുള്ള വെള്ളവുമായി ഗ്രൗണ്ടിലിറങ്ങിയത്. കളിക്കാര്‍ ഇത് കണ്ടു ഞെട്ടുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ വൈകാതെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ പ്രശംസ പിടിച്ചുപറ്റുകയാണ് ഓസീസ് പ്രധാനമന്ത്രി. അതേസമയം ആവേശകരമായ മത്സരത്തില്‍ ഒരു പന്തു ശേഷിക്കെ പ്രധാനമന്ത്രിയുടെ ടീം വിജയം നേടുകയും ചെയ്തു.