ഇന്റര്‍വ്യൂ

ബാര്‍കോഴയില്‍ പിന്നോട്ടു പോകരുതെന്ന് ആവശ്യപ്പെട്ടത് പി സി ജോര്‍ജ്; കേരളത്തിലെ ഏറ്റവും വലിയ കള്ളന്‍ വെള്ളാപ്പള്ളി - വെളിപ്പെടുത്തലുകളുമായി ബിജു രമേശ്

വിവാദ വെളിപ്പെടുത്തലുമായി ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിനെയും കെ എം മാണിയെയും വെട്ടിലാക്കിയ ബിജുരമേശ്. ബാര്‍കോഴ എന്നത് വെറുമൊരു ആരോപണമല്ല. മറിച്ച് സത്യമാണ്. മാണി നേരിട്ടാണ് 1 കോടി രൂപ വാങ്ങിയത്. അതും മൂന്നുപ്രാവശ്യമായി. ബാക്കി നാലുകോടി രൂപകൂടി ഉടനെ കൊടുത്തിരുന്നുവെങ്കില്‍ കേരളത്തിലെ ഒരു ബാറുപോലും പൂട്ടില്ലായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കെ.എം. മാണിയുടെ അടുക്കലേക്ക് പറഞ്ഞുവിടുന്നത്- ബിജുരമേശ് പറയുന്നു. കേരളത്തിലെ ബാറിന്റെ പേരില്‍ കോഴ വാങ്ങിയത് കെ.എം. മാണി മാത്രമല്ല. യു.ഡി.എഫ്. മന്ത്രിസഭയിലെ ഒന്നോ രണ്ടോ മന്ത്രിമാര്‍ ഒഴിച്ച് ബാക്കി എല്ലാവരും ബാറിന്റെ പേരില്‍ കോടികള്‍ കൈപ്പറ്റിയവരാണ്. സമയമാകുമ്പോള്‍ എല്ലാവരുടെയും പേരുകള്‍ പുറത്തുവിടും. കൂടെ നില്‍ക്കുന്നവര്‍ ആരൊക്കെ പിന്‍മാറിയാലും ഞാന്‍ ഒരടി പിന്നോട്ടില്ല- മംഗളത്തിന് നല്കിയ അഭിമുഖത്തില്‍ ബിജു രമേശ് മനസ്സു തുറക്കുന്നു.


കേരളത്തെ പിടിച്ചുലച്ച ബാര്‍കോഴ വിവാദം എന്താണ്?
ഓരോ വര്‍ഷവും സാമ്പത്തികവര്‍ഷാരംഭമായ ഏപ്രില്‍ മാസത്തിലാണ് ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നത്. ഈ സമയത്ത് ഭരണകക്ഷിയിലെ മന്ത്രിമാര്‍ക്കും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും ചാകരയാണ്. ബാര്‍ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഓരോ വര്‍ഷവും കോടികളാണ് ഇവരുടെ പോക്കറ്റിലേക്ക് ഒഴുകുന്നത്. യു.ഡി.എഫ്. മന്ത്രിസഭ അധികാരത്തില്‍ വന്നതിനുശേഷം കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ഓരോ വര്‍ഷവും 20 കോടി രൂപ വീതമാണ് മന്ത്രിമാര്‍ക്കു കൈക്കൂലി കൊടുത്തിട്ടുള്ളത്. അതില്‍ ഓരോ മന്ത്രിമാര്‍ക്കും എത്ര രൂപാവച്ച് വര്‍ഷാവര്‍ഷം കൊടുത്തു എന്നതിന്റെ രേഖ ബാര്‍ അസോസിയേഷന്റെ മീറ്റിങ്ങിന്റെ മിനിട്‌സ് ബുക്കില്‍ ഉണ്ട്.
ഈ വര്‍ഷം ഈ അഴിമതി അവസാനിപ്പിക്കാനായി ബാര്‍ ലൈസന്‍സ് പുതുക്കുന്നത് ഓണ്‍ലൈന്‍ വഴി ആക്കാന്‍ തീരുമാനിച്ചു. അതിനുള്ള ട്രെയിനിംഗും ഞങ്ങള്‍ക്കു നല്‍കി. ലൈസന്‍സ് ഫീസായിട്ടുള്ള തുകയുടെ ഡി.ഡി.യും എടുത്ത് പുതുക്കേണ്ട ഡേറ്റിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. എന്നാല്‍ സമയമായിട്ടും സൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല.
പിന്നീട് അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ക്ക് വ്യക്തത വരുന്നത്. നിലവാരം ഇല്ല എന്ന പേരില്‍ 418 ബാറുകള്‍ കണ്ടെത്തി. അവയ്ക്ക് ലൈസന്‍സ് കൊടുക്കുന്നത് താനുമായി ആലോചിച്ച് മതിയെന്ന് വി.എം. സുധീരന്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് ബാബുവിന് അത്ര രസിച്ചില്ല. അദ്ദേഹം മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു. ''അതു മൈന്‍ഡ് ചെയ്യണ്ട കാര്യമില്ല. ക്യാബിനറ്റ് കൂടി നമുക്ക് ബാര്‍ ലൈസന്‍സ് നല്‍കാം'' എന്ന്. അതുപ്രകാരം ഞങ്ങള്‍ ബാര്‍ അസോസിയേഷന്‍കാര്‍ ക്യാബിനറ്റിനു മുമ്പായി മുഖ്യമന്ത്രിയെ ചെന്നു കണ്ടു. അദ്ദേഹം പറഞ്ഞു കുഴപ്പമൊന്നുമില്ല. ക്യാബിനറ്റില്‍വച്ച് പാസാക്കാം. അതിനുമുമ്പ് മാണിസാറിനെ ഒന്നുപോയി കണ്ടോളാന്‍ പറഞ്ഞു. അതുപ്രകാരം അസോസിയേഷനിലെ 15 പേര്‍ ചേര്‍ന്ന് പാലായിലെ വീട്ടില്‍ പോയി കെ.എം. മാണിയെ കണ്ടു.
മന്ത്രിയുടെ ഏറ്റവും അടുത്ത ബന്ധുവായ ബിനോയ് ആയിരുന്നു എല്ലാത്തിനും ചുക്കാന്‍. അദ്ദേഹത്തെ കണ്ടപ്പോള്‍ പറഞ്ഞത്, പ്രശ്‌നം എല്ലാം പരിഹരിക്കാം. പക്ഷേ കാശിനൊക്കെ ഇപ്പോള്‍ ടൈറ്റാണ്. അതുകൊണ്ട് കുറച്ചു കാശ് വേണം.'' എത്ര വേണമെന്നു ചോദിച്ചപ്പോള്‍ 5 കോടി വേണം എന്നാണ് പറഞ്ഞത്. അതുപ്രകാരം കോട്ടയം ജില്ലയിലെ ബാറുടമകളെ വിളിച്ചുപറഞ്ഞ് 15 പേര്‍ ചേര്‍ന്ന് ഒരു ലക്ഷം രൂപവീതം ഇട്ട് 15 ലക്ഷം രൂപ കൊണ്ടുവന്നു. 15 ലക്ഷം രൂപ അദ്ദേഹം നേരിട്ടാണ് മേടിച്ചത്. മാര്‍ച്ച് 18-ന് ആയിരുന്നു ഈ സംഭവം. തൊട്ടടുത്ത ആഴ്ച തന്നെ പാലായില്‍ വച്ച് 50 ലക്ഷം രൂപയും കൂടി അദ്ദേഹത്തിന് കൈമാറി. പിന്നീട് ഏപ്രില്‍ 2-ാം തീയതി തിരുവനന്തപുരത്ത് വച്ചായിരുന്നു 35 ലക്ഷം രൂപ കൈമാറിയത്. അതില്‍ പത്തുലക്ഷം രൂപ എന്റെ അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചതാണ്.
എന്നാല്‍ അടുത്തദിവസം കൂടിയ ക്യാബിനറ്റില്‍ ബാര്‍ലൈസന്‍സ് വിഷയം വന്നപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനുണ്ട് എന്നതായിരുന്നു മാണിയുടെ നിലപാട്. ശരിക്കും ബാക്കി കാശ് കിട്ടാത്തത് ആയിരുന്നു വിഷയം. ബാര്‍ അസോസിയേഷന് ബാക്കി തുക പെട്ടെന്നുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഫലമോ ലൈസന്‍സ് പുതുക്കിയതുമില്ല. സുധീരന്റെ കടുംപിടുത്തം കാരണം പുതിയ മദ്യനയം വരികയും ചെയ്തു. കാശ് തിരിച്ച് കിട്ടിയതുമില്ല, ലൈസന്‍സ് പുതുക്കിയതുമില്ല എന്ന അവസ്ഥ വന്നപ്പോഴാണ് കാശ് വാങ്ങിയ കാര്യം ഞാന്‍ പുറത്തുപറഞ്ഞത്. ശരിക്കും അന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടായിരുന്നു കെ.എം. മാണിയെ പോയി കണ്ടത്.


ഇതു പുറത്തു പറഞ്ഞതിനുശേഷം ആരെങ്കിലും വിളിച്ചിരുന്നോ?
ഒരുപാട് പ്രമുഖര്‍ വിളിച്ചിരുന്നു. വിളിച്ചവരെല്ലാം കടുത്തനിലപാടില്‍ നിന്നും പിന്‍മാറണം എന്നാണ് പറഞ്ഞത്. ചാനലില്‍ പറഞ്ഞത് മാറ്റിപ്പറയണം എന്നുവരെ ചിലര്‍ പറഞ്ഞു. ഇവരില്‍ പലരുമായും അടുത്ത വ്യക്തിബന്ധം പുലര്‍ത്തുന്നതിനാല്‍ അവരുടെ പേരുകള്‍ തത്ക്കാലം പറയുന്നില്ല. എന്നാല്‍ എന്നെ ഞെട്ടിച്ച ഒരു വിളി പറയാതിരിക്കാന്‍ വയ്യ. ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് ആയിരുന്നു അത്. ചാനല്‍ ചര്‍ച്ചകളില്‍ ബാര്‍ കോഴയില്‍ എനിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു അദ്ദേഹം. എന്നാല്‍ അദ്ദേഹം പറഞ്ഞത് കേട്ട് ഞാന്‍ ശരിക്കും ഞെട്ടി. ആരോപണത്തില്‍ നിന്നും അല്‍പ്പംപോലും പിന്നോട്ടു പോകരുതെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ചാനല്‍ ചര്‍ച്ചയില്‍ മാണിസാറിന്റെ കൂടെ നിന്നിട്ട് എന്തിനാ ഇപ്പോള്‍ ഇങ്ങനെ പറയുന്നത് എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് അതൊക്കെ നേരിട്ടു പറയാം. ഇപ്പോള്‍ വിഷയം എത്രയും ചൂടുപിടിപ്പിക്കണം എന്നാണ്. അപ്പോള്‍ മനസ്സിലാകുമല്ലോ കെ.എം. മാണിയുടെ കൂടെ നില്‍ക്കുന്നവരുടെ തന്നെ കാലുവാരി.


കെ.എം. മാണി എല്‍.ഡി.എഫിലേക്ക് അടുക്കുന്നു എന്നൊരു വാര്‍ത്തയുണ്ടായിരുന്നു. ഇതിന് തടയിടാന്‍ താങ്കളെ കരുവാക്കി ഉമ്മന്‍ചാണ്ടിയും രമേശ്‌ചെന്നിത്തലയും നടത്തിയ ഗൂഢനീക്കമാണോ അത്?
എനിക്കതിന്റെ ആവശ്യമില്ല. അങ്ങനെ പര്‍ച്ചേയ്‌സ് ചെയ്യാന്‍ കിട്ടുന്ന ഒരു വ്യക്തിയല്ല ഞാന്‍. ബാര്‍ കോഴക്കേസ് എന്നത് ആരോപണമല്ല. അത് സത്യമാണ്. അതിന്റെ തെളിവുകള്‍ ഞാന്‍ വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. പക്ഷേ അതിന്റെ ഭാവി എന്താകുമെന്ന് എനിക്ക് ആശങ്കയുണ്ട്. കാരണം ഈ ആരോപണം വന്നപ്പോള്‍ മന്ത്രിസഭ ഒറ്റക്കെട്ടായി മാണിയുടെ കൂടെയുണ്ട് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആ മുഖ്യമന്ത്രിയും രമേശ്‌ചെന്നിത്തലയുമാണ് വിജിലന്‍സ് കൈകാര്യം ചെയ്യുന്നത്. അപ്പോള്‍പ്പിന്നെ കേസിന്റെ അവസ്ഥ എന്താകുമെന്ന് അറിയാമല്ലോ?


മൊഴി കൊടുത്തതിനുശേഷം ആര്‍. ബാലകൃഷ്ണപിള്ള താങ്കളെ വിളിച്ചിരുന്നോ?
വിളിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ എന്ത് സഹായവും പ്രതീക്ഷിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ പങ്ക്. പിന്നെ അദ്ദേഹം പറഞ്ഞത് ശ്രദ്ധേയമായ കാര്യമാണ്. ''ഇടമലയാര്‍ കേസില്‍ ഞാന്‍ പ്രതിയായത് സാങ്കേതിക പിഴവില്‍ ആണ്. അല്ലാതെ കാശെടുത്തിട്ടില്ല. എന്നാല്‍ ഞാന്‍ രാജിവച്ചു. ഇത്രയും തെളിവുകള്‍ ഉണ്ടായിട്ടും മാണി രാജിവയ്ക്കാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നു.. ഇത്രയും തൊലിക്കട്ടിയുള്ള അധികാരമോഹിയായ ഒരു വ്യക്തിയെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല''.
കൂട്ടത്തില്‍ അദ്ദേഹം യു.ഡി.എഫ്. മന്ത്രിസഭയിലെ പ്രമുഖരുടെ അഴിമതിയെപ്പറ്റിയും സംസാരിച്ചു. സമയമാകുമ്പോള്‍ എല്ലാം പുറത്തുവിടും.


മാണിയെ സംരക്ഷിക്കാന്‍ വേണ്ടിയാണോ പൂട്ടിക്കിടക്കുന്ന ബാറുകളുടെ കാര്യത്തില്‍ പുതിയ മദ്യനയം കൊണ്ടുവന്നത്?
ആയിരിക്കാം. എനിക്കതിനെപ്പറ്റി അറിയില്ല. എന്തായാലും ദൈവംതമ്പുരാന്‍ വിചാരിച്ചാല്‍പ്പോലും കെ.എം. മാണി ഇതില്‍ നിന്നു രക്ഷപ്പെടാന്‍ പോകുന്നില്ല. വിജിലന്‍സ് ഈ കേസില്‍ എന്തെങ്കിലും തരികിട കാണിച്ചാല്‍ ഹൈക്കോടതിയില്‍ പോയി സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവ് മേടിക്കും.


ഇതെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണോ?
അല്ല എന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. കാരണം മാണി ചെയ്യുന്നത് വളരെ ബുദ്ധിപരമാണ്. ബഡ്ജറ്റ് അവതരിപ്പിക്കുമ്പോള്‍ എല്ലാത്തിന്റെയും ടാക്‌സ് കൂട്ടും. എന്നിട്ട് അവരെ ചര്‍ച്ചയ്ക്ക് വിളിച്ച് കാശു മേടിച്ചിട്ട് അത് കുറയ്ക്കും.
ഉദാഹരണത്തിന് സ്വര്‍ണ്ണ വ്യാപരികളുടെ കൈയില്‍ നിന്ന് കഴിഞ്ഞവര്‍ഷം വാങ്ങിയത് 10 കോടി രൂപ. കോമ്പൗണ്ട് ടാക്‌സ് ഒഴിവാക്കി കൊടുക്കാനായിരുന്നു ഇത്. ഇപ്പോള്‍ ജനങ്ങള്‍ അടയ്ക്കുന്ന ടാക്‌സ് നേരെ സ്വര്‍ണ്ണക്കടക്കാരന് കിട്ടും. അപ്പോള്‍പ്പിന്നെ പത്തുകോടി കൊടുത്താല്‍ എന്താ നഷ്ടം. ക്രഷര്‍ നടത്തുന്നവരുടെ കൈയില്‍ നിന്നും വാങ്ങിയിട്ടുണ്ട് 10 കോടി രൂപ. 8 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കുന്നത് മാത്രം ടാക്‌സ് ഏര്‍പ്പെടുത്തിയതിന് ആയിരുന്നു ഇത്. 24 മണിക്കൂറില്‍ ബാക്കി 16 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കാശ് ക്രഷര്‍ മുതലാളിക്ക്. നഷ്ടം സര്‍ക്കാരിന്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഒരു ഉത്പന്നമാണ് മൈദ. 5% ടാക്‌സ് ഉണ്ടായിരുന്ന മൈദയ്ക്ക് ഇപ്പോള്‍ ടാക്‌സില്ല. മൈദ വിപണി കൈകാര്യം ചെയ്യുന്നത് നോര്‍ത്ത് ഇന്ത്യന്‍ ലോബിയായതുകൊണ്ട് അവിടെ എത്ര മേടിച്ചു എന്ന് കൃത്യമായറിയില്ല.
ബേക്കറി ഉത്പന്നങ്ങളുടെ 14.5 ശതമാനം ടാക്‌സ് കുറയ്ക്കാന്‍ വേണ്ടി ബേക്കറി അസോസിയേഷനില്‍ നിന്നും വാങ്ങിയത് 2 കോടി രൂപ. ഇതൊന്നും മുഖ്യമന്ത്രിയുടെയോ മറ്റു മന്ത്രിമാരുടെയോ അറിവോടു കൂടിയല്ല വാങ്ങിയത് എന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. പക്ഷേ അവര്‍ക്ക് പ്രതികരിക്കാന്‍ ശേഷിയില്ല. ഭൂരിപക്ഷം കുറവായ ഉമ്മന്‍ചാണ്ടിക്ക് അധികാരത്തില്‍ തുടരണമെങ്കില്‍ ഇതൊന്നും കണ്ടില്ല കേട്ടില്ല എന്നു നടിക്കാനേ കഴിയൂ.


ബാര്‍കോഴ വിവാദത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ ഉയര്‍ത്തിക്കാട്ടിയ സി.ഡി.യില്‍ എന്താണുള്ളത്?
അത് ഉര്‍വ്വശീശാപം ഉപകാരമായതിന്റെ ഒരു കഥയാണ്. മാണി സാറിനെ വിളിക്കുമ്പോള്‍ ആരോ ചുമ്മാ ഒരു രസത്തിനുവേണ്ടി ആ സംഭാഷണം റിക്കാര്‍ഡ് ചെയ്തിരുന്നു. വീട്ടില്‍ പോയപ്പോള്‍ കുറച്ച് രംഗങ്ങളും. അന്നൊന്നും ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ടാകും എന്ന് ചിന്തിച്ചിട്ടുകൂടിയില്ലായിരുന്നു. എന്നാല്‍ വിഷയം ആയപ്പോള്‍ ഇത് ആരോ സി.ഡി.യിലാക്കി കോടിയേരിക്കു കൈമാറി. ഇത് ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടാല്‍ മാണിക്ക് ജയിലില്‍ പോകാന്‍ വേറൊരു തെളിവും വേണ്ടിവരില്ല.


മന്ത്രി അടൂര്‍പ്രകാശ് താങ്കളുടെ ബന്ധുവാകാന്‍ പോകുകയാണ്. അദ്ദേഹത്തിന് ഇതില്‍ എന്തെങ്കിലും പങ്കുണ്ടോ?
ഞാനും പ്രകാശേട്ടനുമായി മുപ്പതുവര്‍ഷത്തിന് മുകളിലുള്ള പരിചയമാണ്. എന്റെ മൂത്ത മകളെ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനുമായി വിവാഹം ആലോചിച്ചിരിക്കുകയാണ്. എന്നിട്ടുപോലും ഇത്രയും വിഷയം ഉണ്ടായിട്ടും ഞങ്ങള്‍ തമ്മില്‍ ഇതിനെപ്പറ്റി ഒരു വാക്കുപോലും സംസാരിച്ചിട്ടില്ല.

സുധീരന്‍ ആളെങ്ങനെ?
പേരിനും പ്രശസ്തിക്കുംവേണ്ടി മാത്രം ജീവിക്കുന്ന മനുഷ്യന്‍. ഇമേജിനുവേണ്ടി ഏത് അവാര്‍ഡും ചോദിച്ചു വാങ്ങുന്ന വ്യക്തി. കഴിഞ്ഞവര്‍ഷം ഡോ. പല്‍പ്പു മെമ്മോറിയല്‍ അവാര്‍ഡിന്റെ ചെയര്‍മാന്‍ ആയിരുന്ന എന്റെടുക്കല്‍ അദ്ദേഹം വിളിച്ചുപറഞ്ഞു. ആ അവാര്‍ഡ് അദ്ദേഹത്തിന് കൊടുക്കണമെന്ന്. അങ്ങനെ എത്രയോ പേരുടെ അടുക്കല്‍ പറഞ്ഞെന്ന് എത്രയോ പേര്‍ എന്റടുക്കല്‍ പറഞ്ഞിരിക്കുന്നു. ഇതൊക്കെ ചോദിച്ചുവാങ്ങി നാട്ടുകാരുടെ മുന്‍പില്‍ മാന്യന്‍ കളിക്കാനല്ലാതെ യാതൊരുവിധ നിലപാടും ഇല്ലാത്ത മനുഷ്യന്‍. അവാര്‍ഡ് അംഗീകാരമാണ്. ആ അവാര്‍ഡ് ഒരിക്കലും കിട്ടില്ല എന്നറിയുമ്പോഴാണ് സുധീരനെപ്പോയെുള്ളവര്‍ ഇത്തരം തറപ്പണി കാണിക്കുന്നത്.


വെള്ളാപ്പള്ളിയും താങ്കളും തമ്മില്‍ പിണക്കത്തിലാണെന്ന് കേള്‍ക്കുന്നത്?
ഞങ്ങള്‍ തമ്മിലുള്ള വിഷയം വ്യക്തിപരമല്ല. സംഘടനാപരമാണ്. എന്റെ കാഴ്ചപ്പാടില്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്നവരില്‍ വച്ച് ഏറ്റവും വലിയ കള്ളനാണ് വെള്ളാപ്പള്ളിനടേശന്‍. എസ്.എന്‍. ട്രസ്റ്റിന്റെ മുഴുവന്‍ വരുമാനവും അയാളുടെ കുടുംബത്തിലേക്കാണ് കൊണ്ടുപോകുന്നത്. അതും നേരെ ചൊവ്വെയുള്ള പണമല്ല. അഴിമതിയില്‍ക്കൂടെ ഉണ്ടാക്കുന്ന പണം. ഇയാള്‍ അധികാരത്തില്‍ വന്നതിനുശേഷം എസ്.എന്‍. ട്രസ്റ്റിന്റെ കീഴിലെ കോളജിലും സ്‌കൂളിലും നിയമനം നടത്തി ലക്ഷങ്ങളാണ് തട്ടുന്നത്. വെള്ളാപ്പള്ളി വന്നപ്പോള്‍ എസ്.എന്‍. സ്ഥാപനത്തില്‍ വിരമിക്കലിന്റെ ചാകരയായിരുന്നു. ഒരു ഉദാഹരണം പറയുകയാണെങ്കില്‍ കഴിഞ്ഞവര്‍ഷം മാത്രം എസ്.എന്‍. സ്ഥാപനങ്ങളില്‍ 135 നിയമനങ്ങളാണ് നടന്നത്. അതും ഒരാളുടെ കൈയില്‍ നിന്നും 30 ഉം 35 ഉം ലക്ഷവും വാങ്ങി. അപ്പോള്‍ നിയമനത്തില്‍ മാത്രം എത്ര കോടി രൂപ കിട്ടി. ഇതൊന്നും ട്രസ്റ്റില്‍ ഇല്ല. എല്ലാം അയാള്‍ വീട്ടില്‍ കൊണ്ടുപോയി.

ഇതിനിടയില്‍ സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിനു പിന്നില്‍ വെള്ളാപ്പള്ളിയാണെന്ന് താങ്കള്‍ ആരോപണം ഉന്നയിച്ചല്ലോ?
അതും വെറും ആരോപണം അല്ല. സത്യമാണ്. 15 വര്‍ഷം കേസന്വേഷിച്ച ക്രൈംബ്രാഞ്ചിനും ഇതെല്ലാം അറിയാമായിരുന്നു. പക്ഷേ രാഷ്ട്രീയ സ്വാധീനത്തിലാണ് തെളിയില്ല എന്നു പറഞ്ഞു സ്വാമി ശാശ്വതീകാനന്ദയുടെ കേസ് അവസാനിച്ചത്.


(കടപ്പാട്- മംഗളം)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions