വീക്ഷണം

ഇന്ത്യക്കാരുടെ ഇംഗ്ലണ്ട് സാധ്യതകള്‍ തകര്‍ന്നതിനെപ്പറ്റി ആദ്യകാല മലയാളി കുടിയേറ്റക്കാരന്‍ പ്രഭാകര്‍ജി - ടോം ജോസിന്റെ ലേഖനം

കഴിഞ്ഞ 50 വര്‍ഷത്തെ യുകെയിലെ മലയാളി ജീവിതത്തിന്റെ ചരിത്രം ഉറങ്ങുന്ന ഭാണ്ഡകെട്ട് തുറന്നു വയ്ക്കുകയാണ് പ്രഭാകര്‍ജി എന്ന പഴയ ഇന്ത്യന്‍ പട്ടാളക്കാരന്‍. ഇന്നു യുകെയില്‍ വന്നിട്ടുള്ള മലയാളികളില്‍ ഭൂരിപക്ഷവും ജനിക്കുന്നതിനുമുന്‍പ് യുകെയിലെ ലിവര്‍പൂളില്‍ എത്തി ഇവിടുത്തെ ഇംഗ്ലീഷ് സമൂഹവുമായി ഇടപെഴകി കഴിയുന്ന എറണാകുളം സ്വദേശി മംഗലത്ത് പയ്യമ്പിള്ളില്‍ നാരായണ്‍ പ്രഭാകര്‍ എന്ന പ്രഭാകര്‍ജിയുടെ അനുഭവത്തിന്റെ അടക്കിവച്ച ചുരുളുകള്‍ നിവര്‍ത്തിയപ്പോള്‍ അത് ഈ തലമുറയ്ക്ക് അറിയാത്ത പാഠങ്ങള്‍തന്നെയായിരുന്നു.
50 വര്‍ഷം പിന്നിടുന്ന ഇന്ത്യന്‍ അസോസിയേഷന്റെ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ ലിവര്‍പൂള്‍ ഇന്ത്യന്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ അവിടെ വച്ചാണ് പ്രഭാകര്‍ജിയുമായി സംസാരിച്ചത്.

ലോകത്തെ അറിയാനുള്ള ഹൃദയതുടിപ്പുമായിട്ടാണ് പ്രഭാകര്‍ജി ഇന്ത്യന്‍ നേവിയില്‍ ചേര്‍ന്നത്‌. എന്നാല്‍ അതുകൊണ്ട് ലോകം ചുറ്റാനുള്ള തന്‍റെ ആഗ്രഹം സഫലമാകില്ല എന്നു മനസിലാക്കിയ പ്രഭാകര്‍ജി അവിടെനിന്നും ഇംഗ്ലീഷ് മര്‍ച്ചന്റ് നേവിയില്‍ ചേര്‍ന്നു. പിന്നീട് ലോകം മുഴുവന്‍ കറങ്ങി കണ്ടു. അതിനു ശേഷം ലോകത്തെ പ്രധാന തുറമുഖങ്ങളില്‍ ഒന്നായ ലിവര്‍പൂളില്‍ 1963 ല്‍ എത്തി .


ലോകത്തെ പ്രധാന കപ്പല്‍ കമ്പനികള്‍ പ്രധാന തുറമുഖങ്ങില്‍ എല്ലാം സ്പേയര്‍ സ്റ്റാഫിനെ സൂക്ഷിക്കാറുണ്ട് . ആ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളില്‍ ഒന്നായ ലിവര്‍പൂള്‍ അല്‍ബര്‍ട്ട് ഡോക്കില്‍ കപ്പല്‍ കമ്പനി സൂക്ഷിച്ചിരുന്ന സ്പേയെര്‍ സ്റ്റാഫില്‍ പ്രഭാകര്‍ജിയെ ഉള്‍പ്പെടുത്തിയിരുന്നു . എന്നാല്‍ പലപ്പോഴും കപ്പലില്‍ തിരിച്ചു ജോലിക്ക് പ്രവേശിക്കേണ്ട സാഹചരൃത്തിലെല്ലാം രോഗം അഭിനയിച്ചു പ്രഭാകര്‍ജി ജോലിയില്‍ നിന്ന് രക്ഷപെട്ടു ലിവര്‍പൂളില്‍ തന്നെ തുടര്‍ന്നു. ഇതിനിടയില്‍ ജോലി അന്വേഷിച്ച പ്രഭാകര്‍ജിക്ക് ലിവര്‍പൂളില്‍ ഒരു ഫാക്ടറിയില്‍ ജോലികിട്ടി. അങ്ങനെ അദ്ദേഹം ലിവര്‍പൂളിലെ ആദ്യകാല മൂന്നു മലയാളി കുടിയേറ്റക്കാരില്‍ ഒരാളായി മാറി .

ആ കാലഘട്ടം പ്രഭാകര്‍ജി ഓര്‍ക്കുന്നത് വളരെ അത്ഭുതത്തോടെയാണ്, ജനിച്ച നാടുമായി യാതൊരു ബന്ധവും ഇല്ലാത്ത വളരെ വിസ്തൃതമായ ഒരു സംസ്കാരം നിലനില്‍ക്കുന്ന ഈ പ്രദേശത്തെ ഒരു കുട്ടിയെപോലെ നോക്കികാണാന്‍ അദ്ദേഹം ശ്രമിച്ചു. കോച്ചിയിലെ ചൂടുള്ള കാലാവസ്ഥയില്‍ നിന്നും തണുത്തുവിറച്ച ലിവര്‍പൂളിലെ ജീവിതവുമായി ആദ്യകാലത്ത് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെങ്കിലും ഈ നാട് ഒരു സ്വര്‍ഗമായിട്ടാണ് അന്നുതോന്നിയത് എന്നു പ്രഭാകര്‍ജി പറഞ്ഞു. ആ കാലത്ത് ഇവിടെ ആകെ മൂന്നു മലയാളികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ത്യക്കാര്‍ ധാരാളം ഉണ്ടായിരുന്നു. അവരെല്ലാം ഡോക്ടര്‍ , എഞ്ചിനിയര്‍ , വലിയ ബിസിനസ് മുതലായ ജോലികളാണ് ചെയ്തിരുന്നത്.


ആ കാലത്ത് ഞങ്ങളോട് ഇംഗ്ലീഷ്കാര്‍ക്ക് വലിയ സ്നേഹമായിരുന്നു. കുറച്ചു ഇംഗ്ലീഷ് പറയാന്‍ കഴിയുമെങ്കില്‍ ജോലി കിട്ടാന്‍ ഒരു വിഷമവും ഉണ്ടായിരുന്നില്ല. ആ കാലത്ത് ഇന്നത്തെപോലെ ഗ്യാസ് കണക്ഷന്‍ എല്ലാവീടുകളിലും ലഭ്യമായിരുന്നില്ല . കൊടും തണുപ്പില്‍ ജോലി കഴിഞ്ഞു ഒരു ചാക്ക് കല്‍ക്കരിയും വാങ്ങി ചുമന്നു കൊണ്ടുവന്നു കല്‍ക്കരി കത്തിച്ചു വെള്ളം ചൂടാക്കി വേണമായിരുന്നു കൈകഴുകന്‍. എന്നാല്‍ ഭക്ഷണം ഉണ്ടാക്കാന്‍ വൈദുതി അടുപ്പുകളാണ് ഉപയോഗിച്ചിരുന്നത് .
ഫാക്ടറി ജോലി ഉള്‍പ്പെടെ ഒട്ടേറെ ജോലികള്‍ ചെയ്തു. ഇതിനിടയില്‍ സ്കോട്ട്ലന്‍ഡില്‍ ആശുപത്രിയില്‍ രോഗിയായി അഡ്മിറ്റായപ്പോള്‍ പരിചരിച്ച ഇംഗ്ലീഷ് കാരി നഴ്സുമായി പ്രണയത്തിലായി. അവളെ വിവാഹം കഴിച്ചു. അതില്‍ ഒരു പെണ്‍കുട്ടിയുമുണ്ട്. കുട്ടിയെ കൊച്ചിയിലാണ് പഠിപ്പിച്ചത്. അതുമായി ബന്ധപ്പെട്ടു ഭാര്യയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസം വിവാഹ മോചനത്തിലാണ്‌ കലാശിച്ചത്. പിന്നീട് ബംഗ്ലൂരില്‍ നിന്നും ടീച്ചര്‍ ആയി സേവനമനുഷ്ടിച്ചിരുന്ന സ്ത്രിയെ വിവാഹം കഴിച്ചു. അതില്‍ മൂന്നു പെണ്കുട്ടികളുണ്ട് .

തനിക്ക് ആണ്‍കുട്ടികള്‍ ഉണ്ടാകാത്തതിനു കാരണം അമ്മയുടെ ശാപമാണ് എന്നാണ് പ്രഭാകര്‍ജി പറയുന്നത്. ചെറുപ്പത്തില്‍ മുതല്‍ വലിയ ഫുട്ബോള്‍ കമ്പകാരന്‍ ആയിരുന്ന പ്രഭാകര്‍ജി കളിക്കാരുമായി ശണ്ടകൂടുമായിരുന്നു. അവരുടെ പരാതികള്‍ എന്നും കേട്ട് മടുത്ത അമ്മ പറഞ്ഞു, നിനക്ക് ഇങ്ങനെ നാട്ടുകാരോട് വഴക്ക് പിടിക്കാന്‍ ഒരു മകന്‍ ഉണ്ടാകില്ല എന്ന്. ആ ശാപം ഫലിച്ചു എന്നാണ് അദ്ദേഹം പറയുന്നത് .
പ്രഭാകര്‍ജി ലിവര്‍പൂളില്‍ എത്തുന്ന കാലത്ത് ഉണ്ടായിരുന്ന മൂന്നു മലയാളികളില്‍ മറ്റു രണ്ടുപേര്‍ വിദ്യാര്‍ത്ഥികളായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടനുണ്ടായ വലിയ ആള്‍നാശം കൊണ്ട് ആ കാലത്ത് ഇവിടുത്തെ തുണി മില്ലുകളില്‍ പണിയെടുക്കാന്‍ തൊഴിലാളികള്‍ക്ക് ഷാമം അനുഭവപ്പെട്ടു. അതിന്റെയടിസ്ഥാനത്തില്‍ മില്ലില്‍ തൊഴില്‍ ചെയ്യാന്‍ ഇന്ത്യയില്‍ നിന്നും തൊഴിലാളികളെ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചു. അതിനുവേണ്ടി പതിനായിരം വൌച്ചറുകള്‍ (വിസ) നല്‍കി. പക്ഷെ, അന്നത്തെ ഇന്ത്യന്‍ സര്‍ക്കാറിന്റെ നയം അനുസരിച്ചു ഇന്ത്യക്കാരെ അയക്കാന്‍ തയാറായില്ല .ഇന്ത്യക്കാരെ ബ്രിട്ടനിലേക്ക് അടിമകളാക്കി കൊണ്ടുപോകാന്‍ അനുവദിക്കില്ല എന്നായിരുന്നു സര്‍ക്കാറിന്റെ നയം. അതുകൊണ്ട് പാക്കിസ്ഥാനില്‍ നിന്നും ബംഗ്ളാദേശില്‍ നിന്നും ആളുകളെ ഇവിടെ കൊണ്ടുവന്നു. അങ്ങനെയാണ് ഇവിടെ പാക്കിസ്ഥാനികള്‍ ഇത്രമാത്രം ഉണ്ടാകാന്‍ കാരണം. അന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ആളുകളെ അയക്കാന്‍ തയാറായിരുന്നു എങ്കില്‍ ഇന്നു ഇന്ത്യന്‍ സമൂഹം ഇവിടെ വളരെ ശക്തമായിവളര്‍ന്നേനെ എന്ന് പ്രഭാകര്‍ജി പറഞ്ഞു.


ആ കാലത്ത് പാക്കിസ്ഥാന്‍ ,ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും വന്ന തൊഴിലാളികള്‍ക്ക് വലിയ വിഭാഗിയത ഒന്നും അനുഭവിക്കേണ്ടി വന്നതായി കേട്ടിട്ടില്ല. പക്ഷെ ശനി, ഞായര്‍ ദിവസങ്ങളില്‍ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. കാരണം ആ ദിവസങ്ങളില്‍ ഇംഗ്ലീഷ് തൊഴിലാളികള്‍ തൊഴില്‍ ചെയ്യാന്‍ തല്‍പ്പര്യം കാണിച്ചിരുന്നില്ല. എന്നും അവര്‍ അങ്ങനെ തന്നെയാണ് . പക്ഷെ സ്ത്രി തൊഴിലാളികളോട് വളരെ വലിയ വിഭാഗിയതയാണ് അന്ന് നിലനിന്നിരുന്നത്. പകുതി കൂലി മാത്രമേ അന്ന് സ്ത്രികള്‍ക്ക് ലഭിച്ചിരുന്നുള്ളു. കഴിഞ്ഞ 50 വര്‍ഷംകൊണ്ട് വലിയ സാമൂഹിക മാറ്റമാണ് ബ്രിട്ടിഷ് സമൂഹത്തില്‍ ഉണ്ടായത് എന്നു പ്രഭാകര്‍ജി പറഞ്ഞു

ഇവിടുത്തെ മറ്റൊരു ശക്തമായ സമൂഹമാണ്‌ വെസ്റ്റ്ഇന്‍ഡീസില്‍ നിന്നും വന്നവര്‍. ഇതില്‍ കൂടുതലും ആശുപത്രിയിലും മറ്റും ചെറിയ ചെറിയ ജോലികള്‍ക്ക് വേണ്ടി കൊണ്ടുവന്നവരായിരുന്നു. അവരെല്ലാം യുദ്ധത്തില്‍ മരിച്ച പട്ടാളക്കാരുടെ സ്ത്രികളെ വിവാഹം കഴിച്ചു. അങ്ങനെ സങ്കരമായ ഒരു തലമുറ രൂപപ്പെട്ടു. ആ കാലത്ത് ഈ സങ്കര തലമുറയില്‍ പെട്ടവരായിരുന്നു ഇവിടുത്തെ മയക്കുമരുന്ന് കച്ചവടം നിയന്ത്രിച്ചിരുന്നത് എന്നും അദ്ദേഹം പറഞ്ഞു .

ഇന്നു യുകെയില്‍ ജീവിക്കുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗവും 1972 ല്‍ ഉഗാണ്ടയില്‍ നിന്നും ഒഴിഞ്ഞു പോകാന്‍ പ്രസിഡണ്ട്‌ ഇതി അമീന്‍ ഉത്തരവ് ഇട്ടതിന്റെ അടിസ്ഥാനത്തില്‍ ബ്രിട്ടന്‍ അഭയം കൊടുത്തവരാണ്. ഈ ഉത്തരവ് ഇടാന്‍ ഇതിഅമിനോട് അള്ളാഹു പറഞ്ഞു എന്നാണ് അദ്ദേഹം പറഞ്ഞത്. റെയില്‍വേ പണിയാനും മറ്റു വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വേണ്ടി ബ്രിട്ടിഷ് കോളനിയായിരുന്ന ഉഗാണ്ടയില്‍ ബ്രിട്ടീഷ്‌കാര്‍ കൊണ്ടുവന്ന ഇന്ത്യക്കരായിരുന്നു ഇതില്‍ ഭൂരിപക്ഷവും. അവരെ അവിടെ നിന്നും കൊണ്ടുവന്നു ബ്രിട്ടനില്‍ അഭയം കൊടുക്കുകയാണ് ചെയ്തത്. ആ കാലം മുതലാണ് ഇവിടെ വര്‍ണ്ണ വിവേചനം അനുഭവപ്പെടാന്‍ തുടങ്ങിയത്. എല്ലാദിവസവും ഇത്ര ആളുകള്‍ വരുന്നു എന്നു ഇവിടുത്തെ പത്രങ്ങള്‍ ഫോട്ടോ സഹിതം പ്രസിധികരിച്ചിരുന്നു. അത് കണ്ട ഇംഗ്ലീഷ് കാര്‍ക്ക് തങ്ങളുടെ ജോലി നഷ്ട പ്പെടും എന്നു ഭയപ്പെട്ടതില്‍ നിന്നാണ് വിവേചനം ആരംഭിച്ചത് എന്നും പ്രഭാകര്‍ജി പറഞ്ഞു.
വളരെ കുറച്ചു അംഗങ്ങള്‍ ഉള്ള ഒരു സമൂഹമാണ്‌ ലിവര്‍പൂളിലെ യഹൂദ സമൂഹമെങ്കിലും അവര്‍ എല്ലാം ഉയര്‍ന്ന ജോലികള്‍ ചെയ്യുന്നവരും വലിയ നിലയില്‍ ബിസിനസ് ചെയ്യുന്നവരുമാണ്. എന്നാല്‍ ഇന്നു ഏറ്റവും നന്നായി വളരുന്ന സമൂഹം ചൈനക്കാരാണ്‌. അതിനു ശേഷമാണു ഇന്ത്യക്കാരുടെ സ്ഥാനം എന്നും പ്രഭാകര്‍ജി പറഞ്ഞു .

ഇപ്പോള്‍ 78 വയസു കഴിഞ്ഞ പ്രഭാകര്‍ജി ചെഷയറിലെ ലിറ്റില്‍ സട്ടനിലാണ് താമസിക്കുന്നത്. അമ്പതു വര്ഷം മുന്‍പ് ആരംഭിച്ച ഇന്ത്യന്‍ അസോസിയേഷനിലെ ആദ്യകാല അംഗങ്ങളില്‍ അവശേഷിക്കുന്ന രണ്ടു പേരില്‍ ഒരാളാണു പ്രഭാകര്‍ജി. ഇപ്പോഴും കൊച്ചിയുമായി നല്ല ബന്ധം പുലര്‍ത്തുന്ന പ്രഭാകര്‍ജി കൊച്ചിയില്‍ മഹാത്മാ ഗാന്ധി വന്നപ്പോള്‍ അന്ന് ഗാന്ധിജിയുടെ ഡ്രൈവര്‍ പ്രഭാകര്‍ജിയുടെ പിതാവ് ആയിരുന്നു എന്ന് ഓര്‍മിച്ചു. കഴിഞ്ഞ വര്ഷം തിരുവനന്തപുരത്തു കൂടിയ ലോക മലയാളി സമ്മേളനത്തില്‍ വച്ച് സീനിയര്‍ വിദേശി എന്ന നിലയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഭാകര്‍ജിയെ പോന്നടയണിയിച്ച് ആദരിച്ചിരുന്നു. അവസാനം ഹോം ഓഫീസിലെ ജോലിയില്‍ നിന്നാണ് അദ്ദേഹംറിട്ടയര്‍ ചെയ്തത്.

തിരിഞ്ഞു നോക്കുമ്പോള്‍ പ്രഭാകര്‍ജിക്കു സംതൃപ്തിമാത്രമാണുള്ളത്. ലിവര്‍പൂള്‍ ഇന്ത്യന്‍ അസോസിയേഷന്‍ മീറ്റിംഗില്‍ മലയാളി സമൂഹത്തെ പ്രധിനിധികരിച്ച് ലിധീഷ് രാജ് തോമസ്‌ , ബിനു വര്‍ക്കി , ടോം ജോസ് തടിയംപാട് എന്നിവരാന് പങ്കെടുത്തത്.

 • കാണപ്പെട്ട ദൈവങ്ങളെ മാറ്റി നിര്‍ത്തി കാണാത്ത ദൈവങ്ങള്‍ക്ക് പിന്നാലെ പായുന്നവര്‍ ...
 • ഇന്ത്യയിലെ നോട്ടു നിരോധനം ബാക്കിവച്ചത്...
 • എന്താണ് ഈ മലയാളികള്‍ ഇങ്ങനെ!
 • വിവാഹം - തലമുറകളിലൂടെ മാറുന്ന സങ്കല്‍പ്പങ്ങള്‍
 • ലിവര്‍പൂളിലെ ആന്റോ ജോസിന്റെ പിതാവ് ജോസ് വര്‍ഗിസ് എഴുതിയ 'ഒരു കുടിയേറ്റക്കാരന്റെ ഓര്‍മ്മകുറിപ്പുകള്‍ ' ഒരവലോകനം
 • താര ദൈവങ്ങളെ ഇനി നമുക്ക് ഭൂമിയിലേക്ക് ഇറക്കിവയ്ക്കാം
 • പേടിക്കണം ബ്ലൂവെയില്‍ എന്ന മരണക്കളിയെ ...
 • ഈ വാട്സാപ്പ് സന്ദേശം ഉണ്ടാക്കിയ രാജ്യസ്നേഹിക്കു സലൂട്ട്
 • കേരളത്തിലേത് ആതുരാലയങ്ങളോ അറവു ശാലകളോ!
 • 2039ല്‍ കോട്ടയത്ത് നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ആകാശയാത്രയില്‍ കണ്ട കാഴ്ചകള്‍ ..
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway