അസോസിയേഷന്‍

മലയാളികള്‍ മാഞ്ചസ്റ്റര്‍ നഗരം കീഴടക്കിയ ദിവസം; തെയ്യവും, തീവെട്ടിയും, കൂട്ടിന് ഉണ്ണിയാര്‍ച്ചമാരും, ചേകവന്‍മാരും നിറഞ്ഞാടിയ നഗര വീഥികള്‍


കഴിഞ്ഞ മാസം നടന്ന ചാവേര്‍ ഭീകര അക്രമണങ്ങള്‍ ഹൃദയത്തിനേല്പിച്ച മുറിവുകളില്‍ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ ചരിത്രമുറങ്ങുന്ന മാഞ്ചസ്റ്റര്‍ നഗരം. ആ നഗര വീഥികള്‍ക്കിരുവശവും തടിച്ചുകൂടിയ ആയിരക്കണക്കിന് തദ്ദേശീയരും, വിദേശികളുമായ ജനസഞ്ചയത്തെ സാക്ഷിയാക്കി കേരളത്തിന്റെ; മലയാളത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ .


യു കെയിലെ മലയാളികളെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാവുന്ന മുഹൂര്‍ത്തങ്ങളാണ് ഇന്നലെ മാഞ്ചസ്റ്ററില്‍ കാണാന്‍ കഴിഞ്ഞത്.
ഭരതനാട്യവും, ഗജവീരനും, പഞ്ചാരിമേളവും അകമ്പടിയായി ഒരു ഡസനോളം ഉണ്ണിയാര്‍ച്ചമാരും ആരോമല്‍ ചേകവന്‍മാരും തമ്മില്‍ അങ്കം വെട്ടി ഒരു ലക്ഷത്തോളം വരുന്ന കണികളെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു. കരിചാമുണ്ടിയുടെ കൂറ്റന്‍ തെയ്യവും, തീവെട്ടിയും ഉള്‍പ്പെടുന്ന മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ പരേഡില്‍ നടന്ന് നീങ്ങിയപ്പോള്‍ മാഞ്ചസ്റ്ററില്‍ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ പുനരാവിഷകാരമാവുകയായിരുന്നു.


കേരള വിനോദ സഞ്ചാര വകുപ്പിന്റെ പൂര്‍ണ സഹകരണത്തോടെയാണ് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ എട്ടാമത് മാഞ്ചസ്റ്റര്‍ പരേഡിന്റെ ഭാഗമായത്. ആയുര്‍വേദം ഒരു ശാസ്ത്രം എന്ന വിഷയത്തെ അടിസ്ഥാനമാക്കി കഴിഞ്ഞ വര്‍ഷം അവതരിപ്പിക്കപ്പെട്ട പ്രകടനം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് നൂറോളം സന്നദ്ധ സംഘടനകളാണ് ഇന്നലത്തെ പരേഡിന്റെ ഭാഗമായത്.

മാജിക് എന്നതായിരുന്നു ഈ വര്‍ഷത്തെ പരേഡിന്റെ പ്രതിപാദ്യ വിഷയം. കേരളത്തിന്റെ സാംസ്‌കാരിക മായാജാലത്തെ അടിസ്ഥാനമാക്കി ഉത്തര മലബാറിലെ ക്ഷേത്രകലയായ തെയ്യത്തിന്റെ മാസ്മരികതയായിരുന്നു പരേഡിലെ മുഖ്യ ആകര്‍ഷണം. ലോക അയോധന കലകളുടെ മാതാവെന്നറിയപ്പെടുന്ന കളരിപ്പയറ്റ്, ദക്ഷിണേന്ത്യന്‍ കലാരൂപമായ ഭരതനാട്യം, കേരളത്തിന്റെ പ്രൗഡി വിളിച്ചോതുന്ന നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍, കണ്ണിനും കാതിനും ഇമ്പമേകുന്ന ശിങ്കാരിമേളം എന്നിവ വര്‍ണശബളമായ മുത്തുക്കുടകളുടെ അകമ്പടിയോടെയാണ് അവതരിപ്പിക്കപ്പെട്ടത്.

നൂറ്റമ്പതോളം കലാകാരന്‍മാരും കലാകാരികളും അണിനിരന്ന് കേരളത്തിന്റെ തനത് സാംസ്‌കാരിക പൈതൃകം തദ്ദേശീയരുടെ മുമ്പാകെ അവതരിപ്പിക്കുവാന്‍ എം.എം.എയ്ക്ക് കേരള വിനോദ സഞ്ചാര വകുപ്പിന്റെ അകമഴിഞ്ഞ പിന്തുണയുമുണ്ടായിരുന്നു.


മാഞ്ചസ്റ്റര്‍ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കാണികളുടെ കുറവുണ്ടാകുമെന്ന ധാരണയെ മറികടന്ന് ‘We Love Manchester’ എന്ന പ്ലക്കാര്‍ഡ് കൈയ്യിലേന്തിയാണ് മാഞ്ചസ്റ്ററിനോടും രാജ്യത്തോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ കാണികള്‍ രണ്ട് കിലോമീറ്റര്‍ നീളുന്ന നഗരവീഥിയില്‍ തടിച്ച് കൂടിയത്.
ആനയുടെ തിടമ്പിലും മുഖത്തും We Love Manchester എന്ന് ആലേഖനം ചെയ്താണ് മലയാളികള്‍ തങ്ങളുടെ രാജ്യത്തോടുള്ള കൂറും സ്‌നേഹവും പ്രകടിച്ചിച്ചത്.


സാംസ്‌കാരിക വൈവിധ്യം നിറഞ്ഞ മാഞ്ചസ്റ്ററിലെ നിവാസികള്‍ക്ക് മുമ്പാകെ കേരളത്തിന്റെ സാംസ്‌കാരിക തനിമ പ്രദര്‍ശിപ്പിക്കുവാനുള്ള അവസരമാണ് ഇത്തരം വേദികളെന്ന് എം.എം.എ പ്രസിഡന്റ് ജനേഷ് നായര്‍ അഭിപ്രായപ്പെട്ടു.
അടുത്ത കാലത്ത് നടന്ന സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ പരേഡില്‍ പങ്കെടുക്കേണ്ടതുണ്ടോ എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍; ഇത്തരമൊരു സന്ദര്‍ഭത്തിലാണ് നാം ജീവിക്കുന്ന സമൂഹത്തോടുള്ള പ്രതിബദ്ധത തെളിയിക്കുവാന്‍ നമ്മുടെ സാന്നിദ്ധ്യം അനിവാര്യമെന്ന് ബഹുഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടിരുന്നുവെന്ന് സെക്രട്ടറി അനീഷ് കുര്യന്‍ അഭിപ്രായപ്പെട്ടു. മാഞ്ചസ്റ്റര്‍ പരേഡില്‍ എം. എം .എ യുടെ സാന്നിധ്യം വന്‍ വിജയമാക്കുവാന്‍ സഹകരിച്ച എല്ലാവര്‍ക്കും അനീഷ് കുര്യന്‍ നന്ദി അറിയിച്ചു.

 • എം.എം.സി.എ ബോളിവുഡ് ഡാന്‍സ് ക്ലാസുകളുടെ ഉദ്ഘാടനം നാളെ
 • ശ്രുതിയുടെ വാര്‍ഷികദിന ആഘോഷം ഏപ്രില്‍ 7 ന് പോണ്ടിഫ്രാക്ടില്‍
 • യുക്മ നേഴ്‌സസ് ഫോറം പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു : സൗത്ത് ഈസ്റ്റ് റീജിയണല്‍ കോണ്‍ഫറന്‍സും പഠനക്ലാസ്സും ഫെബ്രുവരി 10ന്
 • യുബിഎംഎ)യുടെ ക്രിസ്മസ് -ന്യൂഇയര്‍ ആഘോഷം ശനിയാഴ്ച
 • പ്രകൃതിയുടെ പ്രിയ കൂട്ടുകാരി കവയത്രി സുഗതകുമാരിയുടെ മുഖചിത്രത്തോടെ പുതുവര്‍ഷത്തിലെ ജ്വാല ഇ മാഗസിന്‍
 • യുവാവിന് കൈത്താങ്ങായി ലണ്ടന്‍ യാക്കോബിറ്റ് ചര്‍ച്ച്
 • യുക്മ സ്റ്റാര്‍സിംഗര്‍ 3 - അഞ്ചാം എപ്പിസോഡില്‍ പാടുന്നത് ആനന്ദ്, രചന, ജിജോ
 • ആഷ്‌ഫോര്‍ഡുകാര്‍ 13-ാമത് ക്രിസ്തുമസ് പുതുവത്സര ആഘോഷമായ 'പിറവി' നെഞ്ചിലേറ്റി
 • ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് & ന്യൂ ഇയര്‍ ആഘോഷം നാളെ
 • ഹീത്രു മലയാളി അസോസിയേഷന്റെ 'ഉദയം 2018 'മെഗാഷോ അവസാന ഒരുക്കങ്ങളിലേക്ക്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway