വീക്ഷണം

2039ല്‍ കോട്ടയത്ത് നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ആകാശയാത്രയില്‍ കണ്ട കാഴ്ചകള്‍ ..


2039 ഡിസംബര്‍ രണ്ടാം തീയതി ഞാനും എന്റെ കൂടെയുള്ള ആര് പേരും കൂടി പരിസ്ഥിതി പഠനം, അന്യഗ്രഹ യാത്രയ്ക്കുമായി നടക്കുന്ന മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിന് വേണ്ടി ന്യൂയോര്‍ക്കിലേക്ക് യാത്ര പുറപ്പെട്ടു. കോട്ടയം തിരുനക്കര മൈതാനത്തിനു സമീപത്തുള്ള എയര്‍പോര്‍ട്ടില്‍ നിന്നാണ് ഞങ്ങളുടെ യാത്രാപേടകം പുറപ്പെടുന്നത്. ഏഴുപേര്‍ക്ക് യാത്ര ചെയ്യാവുന്ന പേടകത്തില്‍ ഞങ്ങള്‍ നാല് പേര്‍ കോട്ടയത്ത് നിന്നും മറ്റു മൂന്നു പേര്‍ തൃശൂരില്‍ നിന്നുമാണ് കയറുന്നത്.സോളാര്‍ ശക്തികൊണ്ട് പ്രവര്‍ത്തിക്കുന്ന പേടകം കരയിലും വെള്ളത്തിലും ആകാശത്തിലും ഒരു പോലെ സഞ്ചരിക്കുന്നതെയാണ്. പേടകം പത്തു മിനിറ്റുകൊണ്ട് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തുള്ള എയര്‍പോര്‍ട്ടില്‍ എത്തി. രണ്ടു ശാസ്ത്രജ്ഞര്‍ , ഒരു മീഡിയ പ്രവര്‍ത്തകന്‍ ,രണ്ടു ഗവേഷകര്‍ ( അന്യഗ്രഹങ്ങളെക്കുറിച്ചു ഗവേഷണം നടത്തുന്നവര്‍ ) ഒരു കമ്പ്യൂട്ടര്‍ വിദഗ്ധനും പിന്നെ ഞാനും. യാത്രാ പേടകം നിയന്ത്രിക്കലാണ് എന്റെ ചുമതല. യാത്രയില്‍ കടന്നുപോകുന്ന സ്ഥലത്തിന്റെ മുഴുവന്‍ വിവരങ്ങളും പേടകത്തിന് മുന്നിലുള്ള സ്‌ക്രീനില്‍ തെളിയും. എത്രമാത്രം നദികളും കുന്നുകളും ഉണ്ടായിരുന്ന കേരളത്തില്‍ ഇപ്പോള്‍ കുന്നുകള്‍ ഒന്നും അവശേഷിക്കുന്നില്ല. എല്ലാം ഇടിച്ചു നിരത്തിക്കഴിഞ്ഞു. വലിയ പാറക്കുന്നുകള്‍ എപ്പോഴേ പൊട്ടിച്ചു നിരത്തിക്കഴിഞ്ഞു. ഏകദേശം മരുഭൂമി പോലെ മിക്കവാറും സ്ഥലങ്ങള്‍ നിരപ്പുഭൂമിയായിക്കഴിഞ്ഞു. മഴ മേഘങ്ങള്‍ ഒഴിഞ്ഞ ആകാശ നീലിമയാണ് യാത്രയില്‍ തളിഞ്ഞു കാണുന്നത്. കാലടിപ്പുഴയുടെ മുകളിലൂടെ ഞങ്ങളുടെ യാനം നീങ്ങിക്കൊണ്ടിരിക്കെ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. ഒരുകാലത്തു നൂറുകണക്കിന് മീറ്റര്‍ വീതിയില്‍ ഒഴുകിക്കൊണ്ടിരുന്ന പുഴ ഇപ്പോള്‍ നൂലുപോലുള്ള കൈത്തോടായി മാറിക്കഴിഞ്ഞു. പുഴ ഒഴുകിയിരുന്ന സ്ഥലത്തു പള്ളിയുടെ ഉയര്‍ന്ന കുരിശുകളും അമ്പലത്തിന്റെതും മോസ്കിന്റെതുമായ ഉയര്‍ന്ന കോണ്‍ക്രീറ്റ് സൗധങ്ങളുമാണ് ഞങ്ങളുടെ കാഴ്ചയില്‍പ്പെട്ടത്.ഇടയ്ക്കു മീഡിയാ പ്രവര്‍ത്തകന്‍ മേഘന്‍ പറഞ്ഞത്, ഇനി വിരലിലെണ്ണാവുന്ന നദികളെ ശേഷിച്ചിട്ടുള്ളൂ എന്നും അതും തോടുകളായി ശോഷിച്ചു പോയി എന്നുമാണ്. തൃശൂര്‍ വാഹനം ഇറക്കി മറ്റുള്ള മൂന്നു പേരെക്കൂടി കയറ്റി ഞങ്ങള്‍ യാത്ര തുടര്‍ന്നു. തൃശൂരിന്റെ അവസ്ഥയും വിഭിന്നമല്ല. ഉയര്‍ന്ന തൂണുകള്‍ പോലെ കുറെ കെട്ടിടങ്ങള്‍. എങ്ങും യാതൊരു പച്ചപ്പും അവശേഷിച്ചിട്ടില്ല. കൊച്ചി കൂടിയാണ് ഞങ്ങള്‍ പോന്നത്. ബോള്‍ഗാട്ടി പാലസിന്റെ മുകളിലൂടെ പറക്കുമ്പോള്‍ കണ്ടത് അവിടെയുണ്ടായിരുന്ന ആ പാലസ് ഒട്ടുമുക്കാലും കടല്‍വെള്ളത്തില്‍ താഴ്ന്നുകഴിഞ്ഞു. അതുപോലെ കൊച്ചിയുടെ മുക്കാലും തന്നെ കടലെടുത്തുകഴിഞ്ഞു. പരിസ്ഥിതിയുടെ അസന്തുലിതാവസ്ഥ കാരണം ധ്രുവ പ്രദേശങ്ങളിലെ ഐസ് ഉരുകുകയും താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലാവുകയും ചെയ്തു.


പരിസ്ഥിതിയില്‍ ഏല്‍പ്പിക്കുന്ന ആഘാതം മൂലം അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളം മരുഭൂമിയായി മാറുമെന്നും ഇടിച്ചു നിരത്തപ്പെട്ട കുന്നുകളും മലകളും മൂലം മഴ ഇല്ലാതാവുകയും വര്‍ഷത്തില്‍ ഒന്നോ രണ്ടോ ആയി കുറയുകയും മെല്ലെ മരുഭൂമിയായി മാറുമെന്നുമാണ് പരിസ്ഥിതി പ്രവര്‍ത്തകന്‍ നിഗന്‍ പറഞ്ഞത്.നാല്‍പ്പതു മിനിറ്റുകൊണ്ട് ഞങ്ങള്‍ മസ്ക്കറ്റിന്റെ അതിര്‍ത്തിയില്‍ പ്രവേശിച്ചു. സലാല വഴിയാണ് പേടകം സഞ്ചരിക്കുന്നത്. വളരെ മനോഹര കാഴ്ചയാണ് കണ്ണില്‍പ്പെട്ടത്. നൂറുകണക്കിന് കിലോമീറ്റര്‍ സ്ഥലം വനമായി മാറിയിരിക്കുന്നു. അതിലൂടെ ആനയും കടുവയും കാട്ടുപോത്തും അടങ്ങുന്ന വന്യമൃഗങ്ങള്‍ മേഞ്ഞുനടക്കുന്നു. കുന്നിന്‍മുകളില്‍ വളരെ ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ ... വര്‍ഷങ്ങള്‍ക്കു മുമ്പേ ഭരണാധികാരികളും ജനങ്ങളും കൈകോര്‍ത്തുനിന്ന് പരിശ്രമിച്ചതിന്റെ ഫലമാണ് അവിടെ കാണാന്‍ കഴിഞ്ഞത്. തെളിനീരായി ഒഴുകുന്ന നദിയില്‍ ധാരാളം മല്‍സ്യങ്ങള്‍ തുള്ളിക്കളിക്കുന്ന. വെള്ളച്ചാട്ടത്തില്‍ മാരിവില്ലുകള്‍ തെളിഞ്ഞുവരുന്ന കാഴ്ചയും മനോഹരമാണ്.


സോഹാറും പിന്നിട്ടു ഞങ്ങളുടെ പേടകം ദുബായ് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നു. അവിടയെത്തിയപ്പോള്‍ അംബരചുംബികളായ സൗധങ്ങളുടെയിടയില്‍ വലിയൊരു മല കാണപ്പെട്ടു. ഏക്കറുകണക്കിനുള്ള മലയില്‍ നിറയെ വൃക്ഷങ്ങള്‍, അവയ്ക്കു മീതെ കരിമ്പടപുതപ്പുപോലെ മഴമേഘങ്ങള്‍ , ഏത് നേരത്തും പെയ്യാവുന്ന മേഘങ്ങള്‍ .
നിഗന്‍ പറഞ്ഞത്, ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരി കോണ്‍ക്രീറ്റ് സൗധങ്ങള്‍ക്കൊപ്പം അതെ ഉയരത്തില്‍ കൃത്രിമമായി ഒരു മല ഉണ്ടാക്കുകയും അവയില്‍ ധാരാളം മരങ്ങള്‍ നട്ടു പിടിപ്പിക്കുകയും ചെയ്തു എന്നാണ്. പ്രകൃതി അവയുടെ സംഭാവനയായി മഴയും വെള്ളവും കൊടുത്തു രാജ്യത്തെ അനുഗ്രഹിച്ചു. ഭൂമിയിലെ ചിലര്‍ കുന്നുകളും മലകളും ഇടിച്ചു നിരത്തുകയും വൃക്ഷങ്ങള്‍ വെട്ടിനശിപ്പിക്കുകയും ചെയ്യുമ്പോള്‍ മറ്റു ദേശക്കാര്‍ കൃത്രിമമായി മലകളും കുന്നുകളും ഉണ്ടാക്കിയെടുത്തു ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു.


മിഡില്‍ ഈസ്റ്റിന്റെ മുകളില്‍ക്കൂടി ഞങ്ങള്‍ സഞ്ചരിച്ചപ്പോള്‍ ഒരു കാലത്തു മരുഭൂമിയായിരുന്ന ഗള്‍ഫ് രാജ്യങ്ങള്‍ എല്ലാം തന്നെ ഫലഫൂയിഷ്ടമായ വിളകള്‍ നല്‍കുന്ന കൃഷിഭൂമിയും കാടുകളും മലകളും നിറഞ്ഞ പ്രദേശമായും കാണപ്പെട്ടു. ബോമിയെ രക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കിയ ഭരണാധികാരികള്‍ ഉണ്ടായിരുന്ന രാക്ഷ്ട്രങ്ങളുടെ നേട്ടം ഞങ്ങള്‍ക്ക് നേരില്‍ കാണാന്‍ കഴിഞ്ഞു.

അമേരിക്കയിലെ ന്യൂയോര്‍ക്കിലേക്കാണ് ഞങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. അവിടെയാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. രണ്ടു മണിക്കൂറിനുള്ളില്‍ ഞങ്ങളുടെ യാനം അവിടെ എത്തിച്ചേരും. സോളാര്‍യാനമാകയാല്‍ ഇന്ധനത്തെപ്പറ്റി വ്യാകുലത ഒട്ടുമേ ഉണ്ടായില്ല. ഒരു കാലത്തു ന്യൂയോര്‍ക്കും ജനങ്ങളുടെ സ്വപ്‍ന ഭൂമിയായിരുന്നു. ഇന്നവിടം പ്രേതഭൂമിപോലെയാണ് കാണപ്പെടുന്നത്. വീശിയടിച്ച ചുഴലിക്കാറ്റില്‍ നശിപ്പിക്കപ്പെട്ട അനേകം കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ .കാട്ടുതീയുടെ സംഹാരതാണ്ഡവത്തില്‍ കത്തിയെരിഞ്ഞ ആയിരക്കണക്കിന് ഏക്കര്‍ വനഭൂമിയുടെ മുകളില്‍കൂടി ഞങ്ങളുടെ പേടകം ലക്ഷ്യസ്ഥാനത്തേയ്‌ക്ക്‌ കുതിച്ചു പാഞ്ഞു. തലയുയര്‍ത്തി നില്‍ക്കുന്ന സൗധങ്ങളിലൊന്നിന്റെ മുകള്‍പ്പരപ്പില്‍ ഞങ്ങളുടെ വാഹനം ഇറക്കി കോണ്‍ഫറന്‍സ് ഹാളിലേക്ക് നീങ്ങുമ്പോള്‍ കടന്നുവന്ന വഴിത്താരകളിലൂടെ മനസ് സഞ്ചരിച്ചുകൊണ്ടിരുന്നു.

കേരളത്തിലെ ഭൂമിയുടെ മനസ്സറിഞ്ഞ ഒരു ഭരണാധികാരി ഞങ്ങള്‍ക്കില്ലാതെ പോയല്ലോ ഓരോരുത്തരും പരസ്പരം നോക്കി നെടുവീര്‍പ്പിട്ടു. മറ്റൊരു ഗ്രഹത്തിലേക്കു കുടിയേറാനുള്ള ആശയോടെ ഹാളിലേക്ക് നടന്നടുത്തു.

 • കാണപ്പെട്ട ദൈവങ്ങളെ മാറ്റി നിര്‍ത്തി കാണാത്ത ദൈവങ്ങള്‍ക്ക് പിന്നാലെ പായുന്നവര്‍ ...
 • ഇന്ത്യയിലെ നോട്ടു നിരോധനം ബാക്കിവച്ചത്...
 • എന്താണ് ഈ മലയാളികള്‍ ഇങ്ങനെ!
 • വിവാഹം - തലമുറകളിലൂടെ മാറുന്ന സങ്കല്‍പ്പങ്ങള്‍
 • ലിവര്‍പൂളിലെ ആന്റോ ജോസിന്റെ പിതാവ് ജോസ് വര്‍ഗിസ് എഴുതിയ 'ഒരു കുടിയേറ്റക്കാരന്റെ ഓര്‍മ്മകുറിപ്പുകള്‍ ' ഒരവലോകനം
 • താര ദൈവങ്ങളെ ഇനി നമുക്ക് ഭൂമിയിലേക്ക് ഇറക്കിവയ്ക്കാം
 • പേടിക്കണം ബ്ലൂവെയില്‍ എന്ന മരണക്കളിയെ ...
 • ഈ വാട്സാപ്പ് സന്ദേശം ഉണ്ടാക്കിയ രാജ്യസ്നേഹിക്കു സലൂട്ട്
 • കേരളത്തിലേത് ആതുരാലയങ്ങളോ അറവു ശാലകളോ!
 • ഇന്ത്യക്കാരുടെ ഇംഗ്ലണ്ട് സാധ്യതകള്‍ തകര്‍ന്നതിനെപ്പറ്റി ആദ്യകാല മലയാളി കുടിയേറ്റക്കാരന്‍ പ്രഭാകര്‍ജി - ടോം ജോസിന്റെ ലേഖനം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway