നാട്ടുവാര്‍ത്തകള്‍

'ന്യൂസ്‌ 18' ലെ പീഡനം : ശക്‌തമായ നടപടിക്ക്‌ മുഖ്യമന്ത്രിയുടെ നിര്‍ദേശം, മറ്റൊരു മാധ്യമ പ്രവര്‍ത്തക കൂടി പരാതി നല്‍കി

തിരുവനന്തപുരം: ന്യൂസ്‌ 18 കേരള ടിവി ചാനലിലെ പീഡന പരാതിയില്‍ ശക്‌തമായ നടപടിയെടുക്കാന്‍ പോലീസിന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. എത്ര ഉന്നതരായാലും സ്‌ത്രീകള്‍ക്ക്‌ നേരേയുള്ള പീഡനത്തില്‍ വിട്ടുവീഴ്‌ച വേണ്ടെന്നാണ്‌ ആഭ്യന്തരവകുപ്പിന്റെ നിലപാട്‌.


അതിനിടെ, മറ്റൊരു മാധ്യമപ്രവര്‍ത്തകയും പരാതിയുമായി രംഗത്തെത്തി എന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു. തൊഴില്‍ പീഡനവും മാനസിക പീഡനവും ആരോപിച്ച് കോപ്പി എഡിറ്ററാണ് തുമ്പ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യയ്ക്കു ശ്രമിച്ച മാധ്യമ പ്രവര്‍ത്തക തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ചാനലിലെ പ്രമുഖ അവതാരകന്‍ അശ്ലീലം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു എന്നു മൂന്ന് മാസം മുമ്പ് എഡിറ്റര്‍ രാജീവ് ദേവരാജിന് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതിയില്‍ നടപടിയെടുക്കാതെ ഇത് പൂഴ്ത്തിയെന്നും തന്നെ പലവിധത്തില്‍ സമ്മര്‍ദത്തിലാക്കുന്നുവെന്നും മാധ്യമപ്രവര്‍ത്തക സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഒടുവില്‍ അപമാനിച്ച് പുറത്താക്കിയതിനെ തുടര്‍ന്നാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് മാധ്യമ പ്രവര്‍ത്തക പൊലീസിനോടു പറഞ്ഞത്.


ചാനലിന്റെ പ്രൊഡക്ഷന്‍ ഡെസ്‌കില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകയെ പ്രവര്‍ത്തനമികവ് ഇല്ലെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം പുറത്താക്കിയത്. രണ്ട് ദിവസം അവധിയിലായിരുന്ന യുവതി തിരികെയെത്തിയപ്പോഴാണ് പുറത്താക്കപ്പെട്ടത്. ഇഷ്ടക്കാരല്ലാത്തവരെ ഒഴിവാക്കുന്ന നടപടി കഴിഞ്ഞ കുറേ നാളായി ചാനലില്‍ നടന്നു വരുകയാണെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. കഴിഞ്ഞ ദിവസം ഓഫീസിലെത്തിയ മാധ്യമപ്രവര്‍ത്തകയെ എഡിറ്റര്‍ വിളിച്ച് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടു. തയ്യാറല്ലെന്ന് പറഞ്ഞതോടെ ഓഫീസില്‍ കാലുകുത്താന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് യുവതി പറയുന്നു.

ഒരു മണിക്കൂറിനു ശേഷം കരഞ്ഞുകൊണ്ട് ഇറങ്ങിയ യുവതി വീട്ടിലെത്തി അമിത ഡോസില്‍ ഗുളിക കഴിക്കുകയായിരുന്നു. ഇക്കാര്യം വാട്ട്സ്ആപ്പിലൂടെ മാധ്യമപ്രവര്‍ത്തക സഹപ്രവര്‍ത്തകരെ അറിയിച്ചു. വിവരമറിഞ്ഞ് സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെത്തി ഇവരെ വീടിനടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി വഷളായതിനെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞതോടെ കേസ് ഒതുക്കി തീര്‍ക്കാന്‍ ചാനല്‍ മേധാവി ഉള്‍പ്പെടെയുള്ളവര്‍ ശ്രമം നടത്തിയെങ്കിലും മറ്റുള്ള ജീവനക്കാര്‍ പരാജയപ്പെടുത്തി. ആത്മഹത്യാ ശ്രമത്തെ ഭക്ഷ്യവിഷബാധയാക്കി തീര്‍ക്കാനുള്ള ശ്രമമുണ്ടായതായി ആരോപണം ഉയര്‍ന്നിരുന്നു.


ഇക്കാര്യം അറിഞ്ഞതോടെ ന്യൂസ് 18ലെ ചില മാധ്യമ പ്രവര്‍ത്തകര്‍ ഡോക്ടറോട് കാര്യങ്ങള്‍ ധരിപ്പിച്ചു. ആത്മഹത്യാ ശ്രമത്തെക്കുറിച്ച് യുവതി ഇട്ട വാട്സ്ആപ്പ് സന്ദേശവും ഇവര്‍ ആശുപത്രി അധികൃതരെ കാണിച്ചതോടെയാണ് കേസ് ഒതുക്കാനുള്ള ശ്രമം പൊളിഞ്ഞത്. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് വഞ്ചിയൂര്‍ പോലീസെത്തി കേസെടുത്തു.
മാധ്യമ പ്രവര്‍ത്തക അപകട നില തരണം ചെയ്ത ശേഷം വഞ്ചിയൂര്‍ എസ്.ഐ. മൊഴിയെടുത്തു. ദളിതയായ തനിക്കെതിരേ നടന്നത് ക്രൂര മാനസിക പീഡനമാണെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞതായി അറിയുന്നു. വഞ്ചിയൂര്‍ പോലീസ് കേസ് തുമ്പ പോലീസിനു കൈമാറി.

നാല് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റവും സംഘം ചേര്‍ന്ന്‌ ആക്രമിക്കലുമാണ്‌ നിലവില്‍ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍. യുവതിയുടെ മൊഴിയില്‍ സ്‌ത്രീകളെ അപമാനിക്കല്‍ എന്ന കുറ്റവും ഉണ്ട്‌. എഡിറ്റര്‍ രാജീവ് ദേവരാജ്, സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ബി ദിലീപ് കുമാര്‍, സീനിയര്‍ ന്യൂസ് എഡിറ്റര്‍ ലല്ലു ശശിധരന്‍ പിള്ള, സിഎന്‍ പ്രകാശ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രാജീവ്‌ ദേവരാജിനെതിരേ ദേശീയ പട്ടികജാതി കമ്മിഷനും കേസെടുത്തതായി വിവരമുണ്ട്. അവതാരകന്‍ ഇ. സനീഷിനെതിരായ പരാതി രാജീവ്‌ മുക്കിയെന്നും പരാതിയുണ്ട്.

 • ജിത്തുവിന്റെ സംസ്കാരം മുഖത്തല സെന്റ് ജൂഡ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍
 • ജിത്തുവിന്റെ കൊല; അമ്മയ്ക്ക് മാനസിക രോഗമെന്ന വാദം തളളി നാട്ടുകാര്‍
 • ജിത്തുവിന്റെ മൃതദേഹം കത്തിച്ചശേഷം അടര്‍ത്തി മാറ്റിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
 • കണ്ണൂര്‍ സ്വദേശിയായ ഐഎസ് തീവ്രവാദി സിറിയയില്‍ കൊല്ലപ്പെട്ടു
 • ഭൂമി വിവാദം: തെറ്റു തിരുത്താല്‍ അഭിനന്ദനാര്‍ഹമെന്ന് സഭാ മുഖപത്രം
 • കേരളത്തെ നടുക്കി കൊല്ലത്ത് 14 കാരനെ അരും കൊലചെയ്തു; മകനെ വെട്ടിനുറുക്കി കത്തിച്ചത് താനെന്ന് മാതാവ്
 • മാണി മുന്നണി മാറുമ്പോള്‍ ബാര്‍ കോഴക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു; റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു
 • ആലപ്പുഴയില്‍ സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം; അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി; പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും
 • ദൃശ്യങ്ങള്‍ ദിലീപിന് കൊടുത്താല്‍ ഇരയുടെ സ്വകാര്യതയെ ബാധിക്കും- പോലീസ്
 • മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന്‍ കുത്തിക്കൊന്നു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway