ഇമിഗ്രേഷന്‍

കെയര്‍ വിസയുടെ ദുരുപയോഗം: ചട്ടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍

കെയര്‍ വിസയുടെ ദുരുപയോഗം വ്യാപകമാവുകയും യോഗ്യതയില്ലാത്തവര്‍ ധാരാളമായി എത്തിപ്പെടുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ ഫോറിന്‍ വര്‍ക്കര്‍ വിസ ചട്ടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. നൂറുകണക്കിന് പുതിയ കെയര്‍ഹോമുകള്‍ക്ക് വിദേശത്തു നിന്നും ജീവനക്കാരെ നിയമിക്കാന്‍ സ്പോണ്‍സര്‍ഷിപ് നല്‍കിയേക്കും എന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഈ അറിയിപ്പ് വരുന്നത്. കെയര്‍ വര്‍ക്കര്‍മാര്‍ ആശ്രിതരെ കൂടെ കൊണ്ടു വരുന്നതിനെ വിലക്കുന്നതിനൊപ്പം, കെയര്‍ സേവന ദാതാക്കള്‍ക്ക് റെജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതും ഇതില്‍ ഉള്‍പ്പെടും. ബ്രിട്ടനിലേക്ക് കുടിയേറുന്ന കെയര്‍ വര്‍ക്കര്‍മാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതോടെയാണ് ഈ നടപടി.

പുതിയ നിയമം, വിദേശ ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്ക് യു കെയിലേക്ക് കുടുംബത്തെ കൊണ്ടു വരുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുമ്പോള്‍, വിദേശ ജീവനക്കാരെ സ്പോണ്‍സര്‍ ചെയ്യണമെങ്കില്‍ കെയര്‍ ക്വാളിറ്റി കമ്മീഷനില്‍ റജിസ്റ്റര്‍ ചെയ്തിരിക്കണം എന്ന നിബന്ധനയും വയ്ക്കുന്നു.

ഈ നടപടികള്‍ ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തിന്റെ തോത് കുറയ്ക്കാന്‍ സഹായിക്കും എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍, നൂറു കണക്കിന് കമ്പനികള്‍ക്ക് സ്പോണ്‍സര്‍ഷിപ് ലൈസന്‍സ് നല്‍കിയെന്ന വാര്‍ത്ത പരന്നതോടെ നിരവധി വ്യാജ കമ്പനികള്‍ വിസ സ്പോണ്‍സര്‍ ചെയ്യുന്നതായുള്ള ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. കെയര്‍ സേവനം നല്‍കുന്ന ചരിത്രം പോലുമില്ലാത്ത, കേവലം അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച കമ്പനികള്‍ക്ക് വരെ ലൈസന്‍സ് നല്‍കി എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സി ക്യൂ സി പരിശോധന നടക്കാത്ത, ചുരുങ്ങിയത് 268 കമ്പനികള്‍ക്ക് എങ്കിലും വിദേശ ജീവനക്കാരെ സ്പോണ്‍സര്‍ ചെയ്യുന്നതിനുള്ള ലൈസന്‍സ് നല്‍കിയതായി സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒബ്സര്‍വര്‍ നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയതെന്നും പറയുന്നു. വിസ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നതിനുള്ള നടപടികള്‍ പരിശോധിച്ചു വരികയാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.


മൈഗ്രേഷന്‍ സിസ്റ്റം ദുരുപയോഗം ചെയ്യുന്നതിനുള്ള ശക്തമായ മാറ്റങ്ങള്‍ അടുത്തയാഴ്ച്ച വരുമെന്നും പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.


2023-ല്‍ 1,46,477 പേര്‍ക്ക് ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ ഹെല്‍ത്ത് വിസ അനുവദിച്ചപ്പോള്‍ അവര്‍ക്കൊപ്പം വന്ന ആശ്രിതരെ കൂടി കൂട്ടിയാല്‍ ബ്രിട്ടനില്‍ ഈ വഴി എത്തിയ മൊത്തം ആളുകളുടെ എണ്ണം 3,49,929 ആയി. 2022-ല്‍ ഇത് 1,57,636 ഉം 2021- ല്‍ ഇത് 63,291 ഉം ആയിരുന്നു. മാത്രമല്ല, വര്‍ക്ക് വിസയില്‍ ബ്രിട്ടനില്‍ താമസിക്കുന്നവരുടെ എണ്ണം കഴിഞ്ഞ എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലുമാണ്. കെയര്‍ വര്‍ക്കര്‍മാരുടെയും ഹോം കെയര്‍മാരുടെയും അധികമായ വരവാണ് ഇതിന് കാരണമെന്ന് ഹോം ഓഫീസ് പറയുന്നു.


കെയര്‍ വര്‍ക്കര്‍മാര്‍ക്ക് കൂടെ ആശ്രിതരെ കൊണ്ടു വരുന്നതിനുള്ള വിലക്ക് മാര്‍ച്ച് 11 മുതല്‍ പ്രാബല്യത്തില്‍ വരും. വിദേശികളെ സ്പോണ്‍സര്‍ ചെയ്യുന്നതിന് സി ക്യൂ സി പരിശോധന നിര്‍ബന്ധമാക്കുന്നതും അന്ന് തന്നെ നിലവില്‍ വരും. അതുപോലെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയില്‍ എത്തുന്നവര്‍ക്ക് ആവശ്യമായ കുറഞ്ഞ വേതന പരിധി ഉയരുന്നത് ഏപ്രില്‍ 4 മുതല്‍ പ്രാബല്യത്തില്‍ വരും. ആശ്രിതരെ ബ്രിട്ടനിലേക്ക് കൊണ്ടു വരുന്നതിനുള്ള കുറഞ്ഞ വേതന പരിധി ഉയരുന്നതും ഏപ്രില്‍ നിലവില്‍ വരും.

20,000 പൗണ്ട് വരെ ഈടാക്കി കെയര്‍ ഹോം ജോലികള്‍ വില്‍പ്പന നടത്തുന്ന ഇടനിലക്കാര്‍ അടുത്തിടെ ഒളിക്യാമറയില്‍ കുടുങ്ങിയിരുന്നു. കെയര്‍ ഹോം മേഖലയ്ക്കും, ഹോം ഓഫീസിനും ഞെട്ടല്‍ സമ്മാനിക്കുന്ന റിപ്പോര്‍ട്ട് ആണ് മെയില്‍ അന്വേഷണത്തില്‍ പുറത്തുവന്നത്. വന്‍തോതില്‍ വേക്കന്‍സികളുള്ളതിനാല്‍ കൂടുതല്‍ പരിശോധനകള്‍ കൂടാതെയാണ് പരിശീലനം നേടാത്ത, അമിതമായി ജോലി ചെയ്യേണ്ടി വരുന്ന, ഇംഗ്ലീഷ് സംസാരിക്കാന്‍ പോലും അറിയാത്തവരെ പ്രായമായ ആളുകളെ പരിപാലിക്കാനായി എത്തിക്കുന്നത്.
പണം നല്‍കി കെയര്‍ ജോലികള്‍ നേടുന്ന തട്ടിപ്പിനെ കുറിച്ചാണ് മെയില്‍ അന്വേഷണം. 20,000 പൗണ്ട് വരെയാണ് വിദേശ അപേക്ഷകരില്‍ നിന്നും ചില സ്ഥാപനങ്ങള്‍ ഈടാക്കുന്നത്. തൊഴില്‍ കണ്ടെത്തി, വിസ സംഘടിപ്പിച്ച്, ഇവിടെ താമസിക്കാന്‍ കഴിയുന്ന തരത്തില്‍ വഴിയൊരുക്കും.

2022ല്‍ കെയര്‍ മേഖലയിലെ ഉയര്‍ന്ന ഒഴിവുകള്‍ നികത്തായി മന്ത്രിമാര്‍ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവ് നല്‍കിയത് മുതല്‍ സിസ്റ്റം വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നതായി വാച്ച്‌ഡോഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 2021/22 കാലത്ത് അഡല്‍റ്റ് സോഷ്യല്‍ കെയര്‍ മേഖലയിലെ വേക്കന്‍സികള്‍ റെക്കോര്‍ഡായ 164,000 എത്തിയിരുന്നു. ഇതോടെയാണ് യുകെയില്‍ ജോലി ചെയ്യാനായി ജീവനക്കാരുടെ യോഗ്യതകള്‍ ഗവണ്‍മെന്റ് കുറച്ചത്.

ഇതോടെ കഴിഞ്ഞ വര്‍ഷം കെയര്‍ മേഖലയിലൂടെ ബ്രിട്ടനിലെത്തിയവരുടെ എണ്ണം റെക്കോര്‍ഡിട്ടു. കെയര്‍ വര്‍ക്കര്‍ വിസയില്‍ 349% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

  • ഗ്രാഡ്വേറ്റ് വിസ നയത്തിലും മാറ്റം; ആശങ്കയില്‍ യൂണിവേഴ്‌സിറ്റികള്‍
  • ബ്രിട്ടീഷ് വിസാ അപേക്ഷകളിലെ സുരക്ഷ പരിശോധന കൂടുതല്‍ കര്‍ശനമാക്കും; പ്രതികൂലമായി ബാധിക്കുക സ്‌കില്‍ഡ് വിസകളെ!
  • ജര്‍മനിയില്‍ മലയാളി നഴ്സുമാര്‍ക്ക് അവസരം; മാസ ശമ്പളം രണ്ട് ലക്ഷം, തൊഴില്‍ പരിചയം ആവശ്യമില്ല
  • യുകെ പാസ്പോര്‍ട്ട് ഫീസില്‍ വന്‍ വര്‍ധന; പുതുക്കിയ നിരക്ക് അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍
  • യുകെയിലേക്കുള്ള വിസിറ്റിംഗ് വിസക്കാര്‍ ഏപ്രില്‍ മുതല്‍ 10 പൗണ്ട് മുടക്കി ഇടിഎ എടുക്കണം
  • കഴിഞ്ഞ വര്‍ഷം അനുവദിച്ചത് 900,000ലേറെ വിസാ എക്‌സ്റ്റന്‍ഷന്‍; ഗുണം ചെയ്തത് ജോലിക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും
  • സിറ്റിസണ്‍ഷിപ്പിന് അപേക്ഷിക്കുമ്പോള്‍ ഹോം ഓഫീസ് മാനദണ്ഡങ്ങളിലെ പുതിയ മാറ്റങ്ങള്‍ നിലവില്‍
  • ആശ്രിത വിസ നിര്‍ത്തിയതും മിനിമം സാലറി ഉയര്‍ത്തിയതും വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ യുകെ ഉപേക്ഷിക്കാനിടയാക്കി
  • അഭയാര്‍ഥികള്‍ക്ക് ബ്രിട്ടിഷ് പൗരത്വം ഇനി സ്വപ്നം; അനധികൃത കുടിയേറ്റം തടയാന്‍ പുതിയ നിയമം
  • ഒറ്റമാസം അറുനൂറിലേറെ ഇമിഗ്രേഷന്‍ അറസ്റ്റ്; ഇന്ത്യന്‍ റെസ്റ്റോറെന്റുകളില്‍ റെയ്ഡ് , നാടുകടത്തല്‍ വര്‍ധിപ്പിക്കാനുള്ള ശ്രമവുമായി ലേബര്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions