മുകേഷ് അംബാനി മകനായി സംഘടിപ്പിച്ച ആഡംബര കല്യാണത്തില്‍ കണ്ണ് തള്ളി ബ്രിട്ടീഷ് മാധ്യമങ്ങള്‍! 250 മില്ല്യണ്‍ പൗണ്ട് ചെലവിട്ട് നടന്ന ചടങ്ങില്‍ അണിനിരന്നത്. വിഐപികളും വിവിഐപികളും അടങ്ങിയ നീണ്ട നിര. ഏഴ് മാസം മുന്‍പ് തുടങ്ങിയ ആഘോഷങ്ങള്‍ക്കു ഒടുവിലാണ് ആനന്ദ് അംബാനിയും, രാധികാ മെര്‍ച്ചന്റും വിവാഹിതരായത് . മുംബൈയില്‍ അത്യാഢംബരപൂര്‍വ്വമായി നടത്തിയ ചടങ്ങിലായിരുന്നു വിവാഹം.ലോകത്തിലെ തന്നെ ഏറ്റവും ധനികരായ കുടുംബത്തില്‍ നടക്കുന്ന വിവാഹത്തിനായി 250 മില്ല്യണ്‍ പൗണ്ട് പൊടിച്ചതായാണ് റിപ്പോര്‍ട്ട്.
ലോകത്തിലെ മുന്‍നിര എ-ലിസ്റ്റ് സെലിബ്രിറ്റികളാണ് അംബാനിയുടെ മകന്റെയും, ഫാര്‍മസ്യൂട്ടിക്കല്‍ വമ്പന്റെ മകളുമായ രാധികയുടെയും വിവാഹത്തിനായി അണിനിരന്നത്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായ ബോറിസ് ജോണ്‍സനും, ടോണി ബ്ലെയറും ഉള്‍പ്പെടെയുള്ളവരും ചടങ്ങിനെത്തിയിരുന്നു. അതിഥികള്‍ ഏതാണ്ട് 100 മില്ല്യണ്‍ പൗണ്ടിന്റെ ആഡംബര വിവാഹ സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
അംബാനിയുടെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു ചടങ്ങ്. വമ്പന്‍ താരങ്ങള്‍ എത്തുന്നതിനാല്‍ പോലീസ് ചുറ്റുവട്ടമുള്ള റോഡുകള്‍ അടച്ചിരുന്നു. കിം കര്‍ദാഷിയന്‍, ഖോല്‍ കര്‍ദാഷിയന്‍, ജോണ്‍ സീനാ, പ്രിയങ്ക ചോപ്ര, ജോ ജോണസ് എന്നിവരും ചടങ്ങിനെത്തി. ഫിഫാ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ, ഭാര്യ ലീനയ്ക്ക് ഒപ്പമായിരുന്നു മുംബൈയിലെത്തിയത്.
ലോകം കണ്ടതില്‍ വെച്ച് തന്നെ ഏറ്റവും ആഡംബരവും, ചെലവേറിയതുമായ വിവാഹമാണ് മുകേഷ് അംബാനി മകനായി സംഘടിപ്പിച്ചത്.