യുകെയിലെ പണപ്പെരുപ്പ നിരക്ക് ജൂണിലും 2 ശതമാനത്തില്‍ തുടര്‍ന്നു. തുടര്‍ച്ചയായ രണ്ടാം മാസവും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിരക്ക് നിലനിന്നതോടെ പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷ ശക്തമായി. ജൂണ്‍ മാസത്തിലെ പണപ്പെരുപ്പ നിരക്ക് പുറത്തുവന്നതോടെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ലക്ഷ്യമായ നിരക്കില്‍ തന്നെ പണപ്പെരുപ്പം തുടരുന്നതായി വ്യക്തമാകുന്നത്.
കണ്‍സ്യൂമര്‍ പ്രൈസസ് ഇന്‍ഡക്‌സ് നിരക്ക് ജൂണിലും 2 ശതമാനത്തില്‍ തന്നെ തുടര്‍ന്നതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കി.
മൂന്ന് വര്‍ഷത്തോളം ലക്ഷ്യത്തിന് മുകളില്‍ കുതിച്ചുയര്‍ന്ന പണപ്പെരുപ്പം പൊതുജനങ്ങളെ സാമ്പത്തികമായി കനത്ത തോതില്‍ ഞെരുക്കത്തിലാക്കിയിരുന്നു. മൂന്ന് വര്‍ഷത്തിനിടെ മേയിലാണ് ആദ്യമായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 2 ശതമാനം ലക്ഷ്യത്തില്‍ സിപിഐ എത്തിയത്.
'ജൂണില്‍ പണപ്പെരുപ്പം മാറ്റമില്ലാതെ തുടര്‍ന്നു. ഹോട്ടല്‍ നിരക്കുകള്‍ ശക്തമായി വര്‍ദ്ധിച്ചു. സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ വില താഴ്ന്നു, എന്നിരുന്നാലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത് കുറവാണ്. വസ്ത്രനിരക്കുകളും കുറയുന്നുണ്ട്', ഒഎഎന്‍എസ് പറയുന്നു.
കഴിഞ്ഞ മാസത്തെ ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ യുകെ ടൂര്‍ മൂലം പണപ്പെരുപ്പം ഉയരുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത് ഫലവത്തായില്ല. ഇതോടെ ആഗസ്റ്റില്‍ പലിശ നിരക്ക് കുറയുമെന്ന അഭ്യൂഹങ്ങളും ശക്തമായി.