യുകെയില്‍ എന്‍എച്ച്എസില്‍ ലഭ്യമാക്കുന്ന ഐവിഎഫ് പ്രൊസീജ്യറുകളുടെ എണ്ണത്തില്‍ വലിയ തോതില്‍ കുറവ് വരുത്തി. . ഇതോടെ വന്ധ്യത നേരിടുന്ന സ്ത്രീകള്‍ക്ക് ചികിത്സ ലഭ്യമാകാത്ത അവസ്ഥയോ, വലിയ പണം മുടക്കി സ്വകാര്യ ചികിത്സ തേടാന്‍ നിര്‍ബന്ധിതമാകുകയോ ചെയ്യുന്ന സ്ഥിതിയാണ്.
2022-ല്‍ നടന്ന ഐവിഎഫ് സൈക്കിളുകളില്‍ നാലിലൊന്നില്‍ താഴെ മാത്രമാണ് ഹെല്‍ത്ത് സര്‍വ്വീസ് പണം നല്‍കിയത്. 2008 മുതലുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്., 2012-ല്‍ നല്‍കി വന്നിരുന്ന സേവനങ്ങളുടെ 40 ശതമാനം കുറവാണ് സേവനങ്ങളില്‍ വന്നിരിക്കുന്നത്.
ഏറ്റവും പുതിയ ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ & എംബ്രിയോളജി അതോറിറ്റി വാര്‍ഷിക റിപ്പോര്‍ട്ടാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഐവിഎഫ് സേവനങ്ങള്‍ കുത്തനെ കുറഞ്ഞതായി സ്ഥിരീകരിക്കുന്നത്. കുട്ടികള്‍ക്കായി കാത്തിരിക്കുന്ന പല സ്ത്രീകള്‍ക്കും ഈ ചികിത്സ ലോട്ടറി ലഭിക്കുന്നത് പോലെയായി മാറിയിരിക്കുകയാണെന്ന് വിദഗ്ധര്‍ പറഞ്ഞു.
യോഗ്യരായ എല്ലാ സ്ത്രീകള്‍ക്കും മൂന്ന് സൈക്കിള്‍ ഐവിഎഫ് നല്‍കണമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് & കെയര്‍ എക്‌സലന്‍സ് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. എന്നാല്‍ ഇത് ഒരിക്കലും നടക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം .