കൗമാരക്കാര്‍ക്കടക്കം അനാവശ്യ പരിശോധനകള്‍: ഇന്ത്യന്‍ വംശജനായ ജിപിക്കെതിരെ കടുത്ത ആരോപണങ്ങള്‍
കൗമാരക്കാരായ പെണ്‍കുട്ടികളെയടക്കം രോഗികളെ കയറിപ്പിടിക്കാന്‍ അനാവശ്യ പരിശോധനകള്‍ നടത്തിയതിനു നിയമ നടപടി നേരിട്ട് ഇന്ത്യന്‍ വംശജനായ ഡോക്ടര്‍. വനിതാ രോഗികളെ കയറിപ്പിടിക്കാനും, ശരീരഭാഗങ്ങള്‍ കാണാനുമായി അനാവശ്യ മെഡിക്കല്‍ പ്രൊസീജ്യറുകള്‍ നടത്തിയ 50-കാരന്‍ ഡോ. സതേന്ദ്ര ശര്‍മ്മക്കെതിരെ നിരവധി ആരോപണങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നത്.
തലവേദനയും, നെഞ്ചുവേദനയുമായി എത്തിയ 18, 19 വയസുള്ള ഒരു പെണ്‍കുട്ടിയോട് മടിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ട ഇയാള്‍ മുഖം മസാജ് ചെയ്യുകയും, പിന്നീട് സ്തനങ്ങളില്‍ കയറിപ്പിടിക്കുകയുമായിരുന്നു. മറ്റൊരു യുവതിയുമായി പ്രണയബന്ധം തുടങ്ങാന്‍ ശ്രമിച്ച ജിപി കോഫി കുടിക്കാന്‍ ക്ഷണിക്കുകയും, സ്വകാര്യമായി കാണാന്‍ കഴിഞ്ഞാല്‍ മസാജ് ചെയ്ത് തരാമെന്നും അറിയിച്ചു.
ഈ കൗമാരക്കാരില്‍ ഒരാളെ അലര്‍ജിക് റിയാക്ഷനുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അനാവശ്യ പ്രൊസീജ്യര്‍ നടത്തി ലൈംഗികമായി അക്രമിച്ചെന്നും ഡോ. ശര്‍മ്മ ആരോപണം നേരിടുന്നുണ്ട്. രണ്ട് വനിതാ രോഗികളാണ് ഇപ്പോള്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരെ മൊഴി നല്‍കിയിട്ടുള്ളത്.
മെഡിക്കല്‍ പരിശോധനകളെന്ന പേരില്‍ രോഗികളെ കയറിപ്പിടിക്കുകയാണ് ഡോക്ടര്‍ ചെയ്തതെന്ന് പ്രോസിക്യൂട്ടര്‍ ടോം റൈറ്റ് കെസി പറഞ്ഞു. പോര്‍ട്‌സ്മൗത്തിലെ ക്യൂന്‍ അലക്‌സാന്‍ഡ്ര ഹോസ്പിറ്റലില്‍ ജിപി സ്‌പെഷ്യലിസ്റ്റായും, ഹാംപ്ഷയറിലെ വിറ്റെലെ സര്‍ജറിയില്‍ ട്രെയിനി ജിപിയായി സേവനം നല്‍കുകയും ചെയ്തപ്പോഴാണ് സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടന്നതെന്നാണ് ആരോപണം.
19-കാരി തനിക്ക് നേരെ അപമാനം നേരിട്ടതോടെ പോലീസില്‍ വിവരം അറിയിച്ചു. കുട്ടിയുടെ പിതാവ് ഡോക്ടറെ ചോദ്യം ചെയ്തപ്പോള്‍ വേണമെങ്കില്‍ എന്റെ മുഖത്ത് അടിച്ചോളൂയെന്നാണ് ഇയാള്‍ പ്രതികരിച്ചത്. ഇതോടെ സംഭവിച്ചത് അബദ്ധമല്ലെന്ന് വ്യക്തമാകുന്നതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കി.