ലണ്ടന്‍: പുതു വര്‍ഷത്തില്‍ യു കെയിലെ സ്റ്റുഡന്റ് വിസ ചട്ടങ്ങളിലും മാറ്റങ്ങള്‍ വരികയാണ്. 2025 ജനുവരി 2 മുതലാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക. ഇതനുസരിച്ച് കൂടുതല്‍ പണം സ്വന്തം ചിലവിലേക്കായി ബാങ്ക് അക്കൗണ്ടില്‍ കരുതേണ്ടി വരും. അതായത് 2025 മുതല്‍ യുകെയിലെ പഠനം ചെലവേറിയ ഒന്നായി മാറും എന്നര്‍ത്ഥം.
ലണ്ടനിലാണ് നിങ്ങള്‍ പഠിക്കുന്നതെങ്കില്‍, പ്രതിമാസം 1,450 പൗണ്ട് വീതവും യു കെയുടെ മറ്റേതെങ്കിലും ഭാഗത്താണെങ്കില്‍ പ്രതിമാസം 1,125 പൗണ്ട് വീതവും ചെലവിനുള്ള തുക (ഒന്‍പത് മാസത്തേക്കുള്ളത്) ബാങ്ക് അക്കൗണ്ടില്‍ ഉണ്ടെങ്കില്‍ മാത്രമെ വിസ ലഭിക്കുകയുള്ളു. നിലവില്‍, ലണ്ടനിലേക്ക് വരുന്നവര്‍ക്ക് പ്രതിമാസം 1,334 പൗണ്ടും രാജ്യത്തിന്റെ മറ്റിടങ്ങളില്‍ 1,023 പൗണ്ടും ആണ് കരുതേണ്ടത്.
പഠന സമയത്തെ ചെലവിനുള്ള തുക കൂടി ഇനിമുതല്‍ ട്യൂഷന്‍ ഫീസിന് പുറമെ ബാങ്ക് അക്കൗണ്ടില്‍ കാണിക്കേണ്ടതായി വരും. ഉയരുന്ന ജീവിത ചെലവുകള്‍ക്ക് പുറമെ, സ്റ്റുഡന്റ് വിസ സൗകര്യം ദുരുപയോഗം ചെയ്ത് ബ്രിട്ടനില്‍ കുടിയേറ്റത്തിനുള്ള ശ്രമങ്ങള്‍ തടയുക എന്നതുകൂടി ഈ പുതിയ നിയമ രൂപീകരണത്തിന് പുറകിലുണ്ട്. അതിനോടൊപ്പം, ബ്രിട്ടനില്‍ താമസിക്കുന്നതിന് വിദേശ വിദ്യാര്‍ത്ഥികള്‍ പൂര്‍ണ്ണമായും സജ്ജരാണെന്ന ഉറപ്പു കൂടി ഇതുവഴി ലഭിക്കും.
തദ്ദേശീയരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെയിന്റനന്‍സ് ലോണുകളുമായി ഒത്തു പോകുന്നതാണ് ഈ പുതിയ നിബന്ധനകള്‍. എന്നാല്‍, പുതിയ നിയമം വികസ്വര രാജ്യങ്ങളിലെ സാമ്പത്തികം കുറഞ്ഞ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിട്ടനില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെടാനിടയാക്കും എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
16 വയസ് കഴിഞ്ഞ ആര്‍ക്കും യു കെയിലേക്ക് സ്റ്റുഡന്റ് വിസയ്ക്കായി അപേക്ഷിക്കാം. എന്നാല്‍, ഇതിനായി ഒരു ലൈസന്‍സ് ഉള്ള സ്‌പോണ്‍സര്‍ നല്‍കുന്ന കോഴ്സില്‍ പ്രവേശനം ലഭിച്ചിരിക്കണം. മാത്രമല്ല, ഇംഗ്ലീഷ് എഴുതുവാനും , വായിക്കുവാനും, സംസാരിക്കാനും അറിഞ്ഞിരിക്കണം. കോഴ്സ് ആരംഭിക്കുന്നതിന് ആറ് മാസം മുന്‍പ് മുതല്‍ വിസയ്ക്കായി അപേക്ഷിക്കാം. യു കെയില്‍ നിന്നു തന്നെയാണ് അപേക്ഷിക്കുന്നതെങ്കില്‍ 3 മാസം മുന്‍പ് മുതല്‍ അപേക്ഷിക്കാന്‍ കഴിയും. ഈ വിസ, കോഴ്സിന്റെ കാലാവധി തീരുന്നത് വരെ ആയിരിക്കും സാധുവാകുക. 490 പൗണ്ട് ആണ് അപേക്ഷ ഫീസ്.