യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എട്ട് മുസ്ലിം സംഘടനകളെയും 11 വ്യക്തികളെയും യുഎഇ കരിമ്പട്ടികയില്‍പ്പെടുത്തി. യുഎഇ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച മുസ്ലീം ബ്രദര്‍ഹുഡുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നീക്കം. ഇതോടെ ഈ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് യുഎഇയുമായുള്ള സാമ്പത്തികവും നിയമപരമവുമായ കാര്യങ്ങളില്‍ വിലക്ക് വരും. യുഎഇയുടെ ഭീകരവിരുദ്ധ നടപടികള്‍ പ്രകാരം ഭീകരസംഘടനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും യാത്രാ വിലക്കുകള്‍, ആസ്തി മരവിപ്പിക്കല്‍, കര്‍ശനമായ സാമ്പത്തികനിയന്ത്രണങ്ങള്‍ എന്നിവയായിരിക്കും ഏര്‍പ്പെടുത്തുക. ഇതിന് പുറമെ കരിമ്പട്ടികയില്‍പ്പെടുത്തിയവര്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതില്‍ നിന്ന് യുഎഇ പൗരന്മാരെയും അവിടെയുള്ള ബിസിനസ് സ്ഥാപനങ്ങളെയും വിലക്കിയിട്ടുമുണ്ട്.
കേംബ്രിഡ്ജ് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് സെന്റര്‍ ലിമിറ്റഡ്, വെംബ്ലി ട്രീ ലിമിറ്റഡ്, വസ്ലഫോറല്‍, ഫ്യൂച്ചര്‍ ഗ്രാജുവേറ്റ്സ് ലിമിറ്റഡ്, യാസ് ഫോര്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് റിയല്‍ എസ്റ്റേറ്റ്, ഹോള്‍ഡ്കോ യുകെ പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ്, നാഫല്‍ ക്യാപിറ്റല്‍ എന്നീ സംഘടനകളെയാണ് യുഎഇ കരിമ്പട്ടികയില്‍പ്പെടുത്തിയിരിക്കുന്നത്.
ബ്രിട്ടീഷ്-പാകിസ്ഥാന്‍ പുരുഷന്മാര്‍ ദുര്‍ബലരായ പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യുകെയില്‍ പൊതുജന രോഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ലൈംഗിക പീഡനമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിലുള്ള പരാജയങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് രാജ്യവ്യാപകമായി ആവശ്യമുയരുന്നുണ്ട്. പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറിന് ഇതില്‍ പങ്കുണ്ടെന്ന് കോടീശ്വരന്‍ എലോണ്‍ മസ്‌ക് ആരോപണം ഉന്നയിച്ചതോടെയാണ് ചര്‍ച്ചയ്ക്ക് തിരി കൊളുത്തിയത്.
യുഎഇ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഈ സംഘടനകള്‍ റിയല്‍ എസ്റ്റേറ്റ് മുതല്‍ വിദ്യാഭ്യാസം, മാധ്യമം തുടങ്ങിയ മേഖല എന്നിവയില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുന്നു. ഈ സ്ഥാപനങ്ങളിലെ ഭൂരിഭാഗം ഡയറക്ടര്‍മാരും ഉന്നത ഉദ്യോഗസ്ഥരും യുഎഇ പൗരന്മാരാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
യുകെയിലും നിരോധിത സംഘടനകളുടെ പട്ടികയുണ്ട്. ഏകദേശം 75 സംഘടനകളെയാണ് അവര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റഷ്യയിലെ വാഗ്‌നര്‍ ഗ്രൂപ്പ്, തെഹ്രിക് ഇ താലിബാന്‍ പാകിസ്ഥാന്‍ എന്നിവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു. ഒരു സംഘടനയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ ആ ഗ്രൂപ്പില്‍ അംഗമാകുന്നതും പിന്തുണയ്ക്കുകയും ചെയ്യുന്നത് യുകെയില്‍ ക്രിമിനല്‍ കുറ്റമാകും. 14 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.
എന്നാല്‍ മുസ്ലിം ബ്രദര്‍ഹുഡിനെ യുകെയില്‍ നിരോധിക്കുകയോ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ലെന്നതാണ് ശ്രദ്ധേയം.