ന്യൂഹാം കൗണ്‍സില്‍ മുന്‍ സിവിക്ക് മേയറും, കൗണ്‍സിലറും, പ്രശസ്ത എഴുത്തുകാരിയും, സാമൂഹ്യപ്രവര്‍ത്തകയും, രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഡോ.ഓമന ഗംഗാധരന്റെ ഭര്‍ത്താവ് ഗംഗാധരന് ലണ്ടനില്‍ പൗരാവലി യാത്രാമൊഴിയേകി. കുടുംബാംഗങ്ങളും, സുഹൃത്തുക്കള്‍ക്കുമൊപ്പം രാഷ്ട്രീയ-സാമൂഹ്യ-സാമുദായിക മേഖലകളില്‍ നിന്നുമുള്ള നിരവധി പ്രമുഖര്‍ അന്ത്യോപചാര കര്‍മ്മങ്ങളിലും, അനുസ്മരണ ചടങ്ങിലും പങ്കു ചേര്‍ന്നു.
ഈസ്റ്റ്ഹാം എം പി സ്റ്റീഫന്‍ ടിംസ് ( മന്ത്രി,വര്‍ക്ക്സ് ആന്‍ഡ് പെന്‍ഷന്‍സ് ), ന്യൂഹാം കൗണ്‍സില്‍ സിവിക് മേയര്‍ രോഹിമ റഹ്മാന്‍, ന്യൂഹാം കൗണ്‍സില്‍ എക്സിക്യൂട്ടീവ് മേയര്‍ റുഖ്സാന ഫിയാസ് ( ലണ്ടനിലെ നാലു കൗണ്‍സിലുകളില്‍ മാത്രമുള്ള ഇലക്ടഡ് മേയര്‍), സുരേഷ് ധര്‍മജ (പ്രസിഡണ്ട്, ശ്രീനാരാണ ഗുരു മിഷന്‍), ബൈജു പാലക്കല്‍ (ചെയര്‍, ശിവഗിരി ആശ്രമം), സുബാഷ് സദാശിവന്‍ (മുന്‍ ചെയര്‍ & സെക്രട്ടറി, ശ്രീനാരായണ ഗുരു മിഷന്‍) അടക്കം നിരവധി പ്രമുഖ വ്യക്തികള്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി.
'രാഷ്ട്രീയത്തിലും വ്യക്തിബന്ധത്തിലും വലിയൊരു കൈത്താങ്ങാണ് നഷ്‌ടപ്പെട്ടതെന്നു” മന്ത്രി സ്റ്റീഫന്‍ ടിംസ് എംപി തന്റെ അനുസ്മരണ സന്ദേശത്തിര്‍ ഓര്‍മ്മിച്ചു. ലണ്ടന്‍ ന്യൂഹാമിലെ ശ്രീ മുരുകന്‍ ക്ഷേത്ര ഭാരവാഹികള്‍ മൃതദേഹത്തില്‍ ആദരസൂചമായി പുഷ്പമാല ചാര്‍ത്തുകയും, കോടി അണിയിക്കുകയും ചെയ്തു. ബ്രഹ്മശ്രീ സ്വാമി സച്ചിദാനന്ദ (പ്രസിഡണ്ട്,ശിവഗിരി മുട്ട്) തന്റെ ശബ്ദ സന്ദേശത്തില്‍ ‘ഗംഗാധരന്റെ ആത്മാവ് ഗുരുദേവ ചൈതന്യത്തില്‍ ലയിക്കട്ടെ’ എന്ന് ആശംസിച്ചുകൊണ്ട് പ്രാര്‍ത്ഥനയും നേര്‍ന്നു സംസാരിച്ചു.
ഡോ. ഓമന ഗംഗാധരന്റെ കഥയെ ആസ്പദമാക്കി സിനിമയാക്കിയ മണിവത്തൂരിലെ ആയിരം ശിവരാത്രികളിലെ ‘നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണ ചിറകുള്ള പക്ഷി’ എന്ന അനശ്വരഗാനമടക്കം ഓര്‍മ്മ ചെപ്പില്‍ നിന്നുമെടുത്ത അനര്‍ഘ നിമിഷങ്ങളിലെ നിരവധി ഫോട്ടോകളും സമ്മാനിച്ച മധുര മുഹൂര്‍ത്തങ്ങള്‍ വേദിയെ വികാരസാന്ദ്രമാക്കി. ഡോ. ഓമന ചെയര്‍ ആയ ബ്രിട്ടീഷ് ഏഷ്യന്‍ വിമന്‍സ് നെറ്റ് വര്‍ക്കിനെ പ്രതിനിധീകരിച്ച് നിഷ്യ അനുശോചന യോഗത്തില്‍ നന്ദി പ്രകാശിപ്പിച്ചു.
ന്യൂഹാം മാനര്‍ പാര്‍ ക്കിലെ ട്രിനിറ്റി ഹാളില്‍ വെച്ച് ഹിന്ദുമതാചാര പ്രകാരം മലയാളത്തിലും തമിഴിലും നടന്ന മരണാനന്തര കര്‍മ്മങ്ങള്‍ക്കു പൂജാരി മുരുകാനന്ദന്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് സിറ്റി ഓഫ് ലണ്ടന്‍ ശ്‌മശാനത്തിലേക്ക് മൃതദേഹം എത്തിച്ച് അവിടെ ദഹന കര്‍മ്മം നടത്തി. അന്ത്യോപചാര കര്‍മ്മത്തില്‍ സാക്ഷ്യം വഹിക്കുവാന്‍ വന്‍ ജനാവലിയാണ് എത്തിയത്.