യുകെ മലയാളി സമൂഹത്തിനു ഞെട്ടലായി രണ്ടു പേരുടെ മരണവാര്‍ത്തകള്‍. സ്കോട്ട് ലന്‍ഡിലെ തൃശൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി ഏബലും(24) ലൂട്ടന്‍ മലയാളി നൈജോ(54) നാട്ടിലുമാണ് മരണപ്പെട്ടത്.
സ്കോട്ട് ലന്‍ഡിലെ വിദ്യാര്‍ത്ഥിയെ ഏബലിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തി വരുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
സ്റ്റര്‍ലിംഗ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ ഇടയിലെ കലാസാംസ്കാരിക മേഖലകളില്‍ വളരെ സജീവമായി ഇടപെട്ടിരുന്ന ആളായിരുന്നു ഏബല്‍. അതുകൊണ്ടു തന്നെ വിദ്യാര്‍ത്ഥി ഗ്രൂപ്പുകളില്‍ സജീവമായ ഏബലിന്റെ മരണം വലിയ ഞെട്ടലാണ് മലയാളി വിദ്യാര്‍ഥികളില്‍ സൃഷ്ടിച്ചത്.
മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം നാട്ടില്‍ മൃതസംസ്കാരം നടത്താനാണ് ബന്ധുക്കളും സുഹൃത്തുക്കളും താത്പര്യപ്പെടുന്നത്.
ലൂട്ടനില്‍ കുടുംബസമേതം താമസിച്ചിരുന്ന നൈജോ നാട്ടില്‍വച്ചാണ് അന്തരിച്ചത്. രാജഗിരി ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിക്കാണ് മരണം സംഭവിച്ചത്.
സംസ്കാരം ഇന്ന് (ശനിയാഴ്ച) രാവിലെ 9. 30 ന് അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കയിലാണ്.
നൈജോയുടെ ഭാര്യ ബിന്ദു ലുട്ടന്‍ എന്‍എച്ച് എസില്‍ നഴ്സായി ജോലി ചെയ്യുകയാണ്. ഐറിന്‍ (16 ), ഐവിന്‍ (15) എന്നിവരാണ് മക്കള്‍. സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ താമസിക്കുന്ന സിറിയക് പടയാറ്റില്‍ പരേതന്റെ ബന്ധുവാണ്.