തൊടുപുഴയില്‍ കാണാതായ ബിജുവിനെ തട്ടിക്കൊണ്ടുപോയി കാറില്‍ വച്ച് കൊലപ്പെടുത്തി മാന്‍ഹോളില്‍ തള്ളി
തൊടുപുഴ: ചുങ്കത്ത് മൂന്ന് ദിവസം മുന്‍പ് കാണാതായ ബിജു ജോസഫിന്റെ കൊലപാതകത്തിന് പിന്നില്‍ ബിസിനസ് പാട്ണര്‍മാര്‍ക്കിടയില്‍ ഉണ്ടായ സാമ്പത്തിക തര്‍ക്കമാണ് കാരണമെന്ന് പൊലീസിന്റെ നിഗമനം. ആദ്യം കാണാനില്ലെന്ന കേസാണ് റജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ അന്വേഷണം നടക്കുമ്പോഴാണ് ബിസിനസ് പങ്കാളിത്തവുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളുണ്ടായിരുന്നുവെന്ന് കണ്ടത്തിയത്. അതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പ്രതികള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ബിജുവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നെന്ന് ഒന്നാം പ്രതി ജോമോന്‍ സമ്മതിച്ചിട്ടുണ്ട്. മൂന്ന് പേരെയാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചുവരികയാണ്. സംഭവത്തില്‍ പ്രതിയായ നാലാമന്‍ കാപ്പ ചുമത്തപ്പെട്ട് ജയിലിലാണുള്ളത്. അയാള്‍ക്കെതിരെയും നടപടിയുണ്ടാകും. തട്ടിക്കൊണ്ടുപോയ വണ്ടിയില്‍ നിന്ന് തന്നെ ബിജു കൊല്ലപ്പെട്ടെന്നാണ് കരുതുന്നത്.
കൊല്ലപ്പെട്ട ബിജുവും പ്രതികളെന്ന് സംശയിക്കുന്ന ഒരാളും തമ്മില്‍ ബിസിനസ് പങ്കാളികളായിരുന്നു. ദേവമാത എന്ന പേരിലുള്ള കാറ്ററിംഗ് സ്ഥാപനവും മൊബൈല്‍ മോര്‍ച്ചറിയും ഇവര്‍ നടത്തിയിരുന്നു. എന്നാല്‍ പിന്നീട് ബിസിനസ് പങ്കാളിത്തത്തിന്റെ പേരില്‍ സാമ്പത്തിക തര്‍ക്കമുണ്ടായി. കോടതിയില്‍ കേസുമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.