ഭര്‍ത്താവ് ജീവനൊടുക്കുന്നതിന്റെ ലൈവ് വീഡിയോ 44 മിനിറ്റുകള്‍ കണ്ടു നിന്ന ഭാര്യയ്‌ക്കെതിരെ കേസ്
ഭര്‍ത്താവ് ജീവനൊടുക്കുന്നതിന്റെ ലൈവ് വിഡിയോ 44 മിനിറ്റുകള്‍ കണ്ട് നിന്ന ഭാര്യയ്ക്കെതിരെ കേസെടുത്ത് പൊലീസ്. മധ്യപ്രദേശിലാണ് സംഭവം. 27 വയസുകാരനായ ശിവപ്രകാശ് തിവാരി എന്നയാളുടെ മരണവുമായി ബന്ധപ്പെട്ടാണ് ഇയാളുടെ ഭാര്യയേയും ഭാര്യാമാതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യ മരണത്തിന്റെ ലൈവ് വിഡിയോ കണ്ടതായി പൊലീസിന് ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചു. എന്നിരിക്കിലും താന്‍ ലൈവ് സ്ട്രീമിംഗ് കണ്ടില്ലെന്നും മരണശേഷം മാത്രമാണ് താന്‍ ഈ വിഡിയോ കാണാനിടയായതെന്നും പ്രിയ ത്രിപാഠി പൊലീസിനോട് പറഞ്ഞു.യുവാവ് വിഡിയോയില്‍ ഭാര്യയ്ക്കെതിരെ പരാമര്‍ശം നടത്തിയ പശ്ചാത്തലത്തിലാണ് ആത്മഹത്യ പ്രേരണക്കുറ്റം ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മധ്യപ്രദേശിലെ മെഹ്റ ഗ്രാമത്തില്‍ കഴിഞ്ഞയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രിയയും ശിവപ്രകാശും വിവാഹിതരാകുന്നത്. പ്രിയയ്ക്ക് ഒരു അവിഹിത ബന്ധമുണ്ടെന്ന് ശിവപ്രകാശിന് സംശയമുണ്ടായിരുന്നു. ഒരു അപകടത്തില്‍ കാലൊടിഞ്ഞ ശേഷം ശിവപ്രകാശ് വീട്ടില്‍ വിശ്രമത്തിലായ സമയത്ത് ഇവര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായി. ഇതിനിടെ പ്രിയ ശിവപ്രകാശുമായി വഴക്കിട്ട് തന്റെ അമ്മയുടെ വീട്ടിലേക്ക് പോയി. ഈ സാഹചര്യത്തിലാണ് ശിവപ്രകാശ് തൂങ്ങിമരിച്ചത്. ഇവര്‍ക്ക് ആറുമാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ ഭാര്യയും അവരുടെ മാതാവും ചേര്‍ന്ന് തന്റെ വീട് നശിപ്പിച്ചതായി ശിവപ്രകാശ് പറയുന്നുണ്ട്. സംഭവത്തില്‍ സിര്‍മോര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.