ഗാര്‍ഹിക പീഡനം നടത്തുന്നവര്‍ ഇരകളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന പ്രവണത കൂടിവരുന്നതു പരിഗണിച്ചു കേസ് കടുപ്പിക്കാന്‍ പദ്ധതിയുമായി യുകെ പോലീസ്. പങ്കാളിയില്‍ നിന്നും നേരിടുന്ന മാനസികവും, ശാരീരികവുമായ പീഡനങ്ങള്‍ക്കൊടുവില്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നവര്‍ക്ക് വേണ്ടിയാണിത്. മാനസിക പ്രശ്‌നങ്ങളുടെ പേരില്‍ ജീവനൊടുക്കിയെന്ന് മുദ്ര കുത്തുന്നതോടെ ഈ സംഭവങ്ങളിലെ 'യഥാര്‍ത്ഥ പ്രതികള്‍' യാതൊരു നടപടിയും നേരിടാതെ രക്ഷപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണിത്.
2024 മാര്‍ച്ച് അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടിലും, വെയില്‍സിലും ഗാര്‍ഹിക പീഡനം നേരിട്ട ഇരകളുടെ പ്രധാന മരണകാരണം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ആത്മഹത്യയാണെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
കീനാ ഡോവ്‌സ് എന്ന സ്ത്രീയുടെ ആത്മഹത്യയെ തുടര്‍ന്ന് നടന്ന റിവ്യൂവിന് ശേഷമാണ് ഈ തീരുമാനം. ഇവരുടെ പങ്കാളിക്കെതിരെ നരഹത്യാ കുറ്റം ചുമത്തിയെങ്കിലും ഗാര്‍ഹിക പീഡനത്തില്‍ മാത്രമാണ് കുറ്റക്കാരനായി കണ്ടെത്തിയത്. ഡോവ്‌സിന്റെ ഫോണില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിലാണ് 'പതിയെ... റയാന്‍ വെല്ലിംഗ്‌സ് എന്നെ കൊല്ലുകയാണ് ചെയ്തത്' എന്ന് രേഖപ്പെടുത്തിയിരുന്നത്. വെല്ലിംഗ്‌സിന് സംഭവത്തില്‍ ആറര വര്‍ഷം ജയില്‍ശിക്ഷയാണ് വിധിച്ചത്.
ഗാര്‍ഹിക പീഡനം നടത്തുന്നവര്‍ ഇരകളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന പ്രവണയതാണ് കാണുന്നതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന കേസുകള്‍ കണ്ടെത്താന്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒരു പങ്കാളിയാല്‍ കൊല്ലപ്പെടുന്ന ആളുകളേക്കാള്‍ കൂടുതല്‍ ആളുകളാണ് ഗാര്‍ഹിക പീഡനത്തിനൊടുവില്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണമെന്നാണ് പുതിയ റിപ്പോര്‍ട്ട്.