തമിഴ്‌നാട്ടിലെ കരൂരില്‍ തമിഴക വെട്രി കഴകം സംഘടിപ്പിച്ച റാലിയിലെ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ എണ്ണം ഉയരുന്നു. കരൂര്‍ അപകടത്തില്‍ കുട്ടികളടക്കം 39 പേരാണ് മരിച്ചതെന്നാണ് ഒടുവില്‍ പുറത്തുവന്ന വിവരം. ഒന്നരവയസുള്ള കുട്ടിയടക്കം ഒമ്പതുകുട്ടികളാണ് മരിച്ചത്. 17 സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റ അറുപതോളം പേര്‍ കരൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ പത്തിലേറെ പേരുടെ നില ഗുരുതരമാണ്.
സംഭവത്തില്‍ തമിഴക വെട്രി കഴകം നേതാക്കള്‍ക്കെതിരെ പോലീസ് കേസെടു എടുത്തു. കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി വി പി മതിയഴകന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കരൂര്‍ ടൗണ്‍ പൊലീസിന്റേതാണ് നടപടി. നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നടന്‍ വിജയ്‌ക്കെതിരെയും കേസെടുക്കും. എന്നാല്‍ അറസ്റ്റ് ഉടനുണ്ടാവില്ല .
ശനിയാഴ്ച വൈകിട്ടായിരുന്നു വിജയ്‌യുടെ റാലിക്കിടെ വന്‍ അപകടം നടന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത് തന്നെ. രാവിലെ മുതല്‍ എത്തി കടുത്ത ചൂടിലും മറ്റും കാത്തുനിന്നവര്‍ ക്ഷീണിതരായിരുന്നു. ഇവര്‍ക്കിടയിലേയ്ക്ക് വിജയ് വെള്ളക്കുപ്പികള്‍ എറിഞ്ഞുകൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇത് പിടിക്കാന്‍ ആളുകള്‍ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് ആളുകള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇവരെ ചവിട്ടി മറ്റുള്ളവരും മുന്നോട്ടു നീങ്ങി. പതിനായിരം സീറ്റുള്ള സ്ഥലത്ത് രണ്ടുലക്ഷത്തോളം പേര്‍ പങ്കെടുത്തുവെന്നാണ് അനൗദ്യോഗിക കണക്ക്.
സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട് ഹൈക്കോടതി മുന്‍ ജഡ്ജി അരുണ ജഗതീശന്‍ അന്വേഷിക്കും. അപകടത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തമിഴ്നാട് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി പത്ത് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ധനസഹായമായി ഒരു ലക്ഷം രൂപയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. സംഭവ സ്ഥലവും ആശുപത്രിയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സന്ദര്‍ശിച്ചു. സംഭവസ്ഥലത്തു നിന്നും ഒന്നും പ്രതികരിക്കാതെ വിജയ് പെട്ടെന്ന് വിമാനത്തില്‍ ചെന്നൈയിലേക്ക് മടങ്ങിയിരുന്നു
'ഹൃദയം തകര്‍ന്നിരിക്കുന്നു പറഞ്ഞറിയിക്കാന്‍ കഴിയാത്ത വേദന'; എക്സിലൂടെ പ്രതികരിച്ച് വിജയ്
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ പ്രതികരണവുമായി ടിവികെ നേതാവ് വിജയ് രംഗത്ത്. തന്റെ ഹൃദയം തകര്‍ന്നുവെന്നാണ് വികാരഭരിതനായി വിജയ് കുറിച്ചത്.
'എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു. വിവരിക്കാന്‍ കഴിയാത്ത വേദനയിലും ദുഃഖത്തിലും ഞാന്‍ പുളയുകയാണ്. കരൂരില്‍ ജീവന്‍ നഷ്ടപ്പെട്ട പ്രിയപ്പെട്ട സഹോദരി സഹോദരന്മാരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. ചികിത്സയില്‍ കഴിയുന്നവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.' വിജയ് തന്റെ എക്‌സ് പോസ്റ്റില്‍ കുറിച്ചു.
താന്‍ നടത്തിയ പരിപാടിയില്‍ ഇത്ര വലിയ ദുരന്തമുണ്ടാവുകയും 38 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തപ്പോഴും ഒരക്ഷരം പോലും പ്രതികരിക്കാതെ പോയ വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എക്‌സ് പോസ്റ്റിലൂടെ വിജയ് തന്റെ ദുഃഖം രേഖപ്പെടുത്തിയിരിക്കുന്നത്.