മാഞ്ചസ്റ്ററില്‍ ഭീകരാക്രമണം; 2 പേര്‍ കൊല്ലപ്പെട്ടു, 3പേരുടെ നില ഗുരുതരം; അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു
മാഞ്ചസ്റ്ററിലെ സിനഗോഗില്‍ ഭീകരാക്രമണം നടത്തി രണ്ട് പേരെ കൊലപ്പെടുത്തി. ജൂത കലണ്ടറിലെ പുണ്യ ദിനമായ യോം കിപ്പൂര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ സിനഗോഗില്‍ ഒത്തുകൂടിയ വിശ്വാസികള്‍ക്ക് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. കാറിലെത്തിയ അക്രമി ജനകൂട്ടത്തിലേക്ക് വാഹനം ഓടിച്ചുകയറ്റിയ ശേഷം പുറത്തിറങ്ങി ആളുകളെ കഠാര ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേരുടെ നിലഗുരുതരമാണ്. വ്യാജ സൂയിസൈഡ് ബോംബ് വെസ്റ്റ് ധരിച്ച് കൈയില്‍ കത്തിയുമായി എത്തിയ തീവ്രവാദി ആറ് മിനിറ്റോളം നീണ്ട അക്രമമാണ് നടത്തിയത്.
കീഴടങ്ങാന്‍ മടിച്ച അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു. നോര്‍ത്ത് മാഞ്ചസ്റ്ററിലെ ക്രംസാല്‍ സിനഗോഗിലായിരുന്നു ഭീകരാക്രമണം.
സിനഗോഗിന് പുറത്തുനിന്ന്വര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതിനാല്‍ അക്രമിക്ക് സിനഗോഗിന് അകത്തേക്ക് പ്രവിശേക്കാനായില്ല. രണ്ടുപേര്‍ അറസ്റ്റിലായതായി യുകെ തീവ്രവാദ വിരുദ്ധ പൊലീസ് തലവന്‍ ലോറന്‍സ് ടെയ്‌ലര്‍ സ്ഥിരീകരിച്ചു. പൊലീസിന് ലഭിച്ച കോള്‍ കഴിഞ്ഞ് ഏഴു മിനിറ്റിനുള്ളില്‍ അക്രമിയെ കീഴടക്കിയതായി അധികൃതര്‍ പറഞ്ഞു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് 30-കളില്‍ പ്രായമുള്ള രണ്ട് പേരെയും, 60-കളില്‍ പ്രായമുള്ള ഒരു സ്ത്രീയും അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ചെറിയ കുട്ടി ആയിരിക്കുമ്പോള്‍ ബ്രിട്ടനിലെത്തിയ അല്‍ ഷാമിയ്ക്ക് 2006-ല്‍ പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പാണ് പൗരത്വം അനുവദിച്ചതെന്ന് ഹോം ഓഫീസ് സ്ഥിരീകരിച്ചതായി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സിനഗോഗ് റബ്ബി അക്രമണത്തില്‍ നിന്നും ആളുകളെ രക്ഷിക്കാനായി ധൈര്യപൂര്‍വ്വം ഇറങ്ങിയതും, ഒരു സുരക്ഷാ ഗാര്‍ഡ് അക്രമിയെ തടയാന്‍ ശ്രമിച്ചതുമാണ് കൂടുതല്‍ ജീവനെടുക്കാതെ സംരക്ഷിച്ചത്. രാജ്യത്തെ എല്ലാ സിനഗോഗുകള്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചു. ലണ്ടന്‍ നഗരത്തിലെ സിനഗോഗുകളിലും പൊലീസിനെ വിന്യസിച്ചു. നൂറുകണക്കിന് വിശ്വാസികളാണ് സിനഗോഗിലെത്തിയിരുന്നത്. സംഭവത്തിന് പിന്നാലെ ഡെന്മാര്‍ക്ക് സന്ദര്‍ശനത്തിലായിരുന്ന പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ യാത്ര വെട്ടിചുരുക്കി.