ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമായ കിളിമഞ്ജാരോയുടെ നെറുകയിലെത്തിയ ആദ്യ യുകെ മലയാളിയായി ഗ്ലാസ്‌ഗോയിലെ അലീന ആന്റണി. അലീന സ്‌കോട്‌ലന്‍ഡിലെ ഡന്‍ഡി യൂനിവേഴ്‌സിറ്റിയിലെ അഞ്ചാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ്. ആഫ്രിക്കയിലെ ടാന്‍സാനിയായില്‍ മൂന്നു മാസത്തെ മെഡിക്കല്‍ പരിശീലനത്തിന്യൂണിവേഴ്‌സിറ്റിയില്‍ നിന്നും പോയ 25 വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് അലീന.
തങ്ങള്‍ ജോലി ചെയ്ത ആശുപത്രിയുടെ ശോചനീയാവസ്ഥ കണ്ട് അവിടുത്തെ അശരണരായ രോഗികള്‍ക്കുവേണ്ടി, ഹോസ്പിറ്റലിനു വേണ്ടി സാമ്പത്തികമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹ പൂര്‍ത്തീകരണത്തിനു വേണ്ടിയാണ് അലീനയും സുഹൃത്തുക്കളും അതിസാഹസികമായ ഈ ഉദ്യമത്തിന് തുനിഞ്ഞത്. അലീനയുടെ നേതൃത്വത്തില്‍ 12 പേരടങ്ങുന്ന സംഘമാണ് ആദ്യം ഇതിനായി തയ്യാറെടുത്തത്. പിന്നിടത് എട്ടു പേരായി ചുരുങ്ങി, ദൗത്യം പൂര്‍ത്തിയാക്കിയത് വെറും മൂന്നു പേര്‍ മാത്രവുമാണ്.
ഒട്ടേറെ പ്രതിസന്ധികളെയും ദുര്‍ഘട സാഹചര്യങ്ങളെയും അതിജീവിച്ചാണ് അലീനയും സംഘവും കിളിമഞ്ജാരോ കൊടുമുടിയുടെ നെറുകയിലെത്തിയത്. പര്‍വ്വത മുകളില്‍ ഓക്‌സിജന്റെ കുറവും അന്തരീക്ഷ ഊഷ്മാവ് -20°Cയിലും കുറവുമായിരുന്നു. ഇവയെല്ലാം തരണം ചെയ്യാനുള്ള മുന്‍കരുതല്‍ ഇവര്‍ എടുത്തിരുന്നു കൂടാതെ ആഴ്ചകള്‍ക്കു മുന്‍പേ ആവശ്യമായ പ്രതിരോധ മരുന്നുകളും പ്രത്യേക ഭക്ഷണ ക്രമീകരണങ്ങളും നടത്തി. ആറു ദിനരാത്രങ്ങള്‍ കൊണ്ട് സമുദ്രനിരപ്പില്‍ നിന്നും 5895 മീറ്റര്‍ ഉയരത്തിലുള്ള കൊടുമുടിയിലെത്തുന്ന രീതിയിലാണ് പര്‍വ്വതാരോഹണം ക്രമീകരിച്ചത്. എന്നാല്‍ അലീനയും സംഘവും വെറും നാലു ദിവസം കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കി.
തൃശ്ശൂര്‍, ചാലക്കുടി സ്വദേശി ആന്റണി ജോസഫിന്റെയും സിനിയുടെയും ഇളയ മകളാണ് അലീന. സഹോദരന്‍ ആല്‍ബര്‍ട്ട് ആന്റണി സ്‌കോട്‌ലാന്‍ഡിലെ ബോക്‌സിംങ് ചാമ്പ്യനാണ്.