ആയിരക്കണക്കിന് കൊറോണാവൈറസ് രോഗികളുടെ അഡ്മിഷന്റെ ചുമതല നിര്‍വ്വഹിക്കുന്നതിനിടെ ഷിഫ്റ്റുകളില്‍ നിന്നും മുങ്ങി സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് മലയാളി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. മഹാമാരി അതിന്റെ ഉന്നതിയില്‍ എത്തിനില്‍ക്കുമ്പോഴാണ് എന്‍എച്ച്എസ് സേവനങ്ങള്‍ക്കിടയില്‍ പ്രൈവറ്റ് രോഗികള്‍ക്ക് രഹസ്യമായി ചികിത്സ നല്‍കിയതിനു ഡോക്ടര്‍ പിടിക്കപ്പെടുന്നത്.
58-കാരനായ ഡോ. എന്‍സണ്‍ തോമസിനെ ഒരു എന്‍എച്ച്എസ് ട്രസ്റ്റ് കൊവിഡ്-19 ലീഡായി നിയോഗിച്ചിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ തിരക്കേറിയ രണ്ട് ആശുപത്രികളിലായി ദീര്‍ഘിപ്പിച്ച ജോലി സമയത്ത് സേവനം നല്‍കുകയായിരുന്നു ഡോക്ടര്‍. എന്നാല്‍ ശ്വാസകോശ മെഡിസിന്‍ വിദഗ്ധനായ മൂന്ന് മക്കളുടെ പിതാവ് തന്റെ കൊവിഡ് ഷിഫ്റ്റിന് ഇടയില്‍ മുങ്ങുകയും, ചെസ്റ്റ് ക്ലിനിക്കില്‍ 38 രോഗികള്‍ക്ക് ചികിത്സ നല്‍കുകയുമാണ് ചെയ്തതെന്ന് അച്ചടക്ക ഹിയറിംഗില്‍ വ്യക്തമാക്കി.
2019 മുതല്‍ 2021 വരെ 19 മാസക്കാലയളവില്‍ ഡോ. തോമസ് സ്വകാര്യ ജോലിക്കായി അനുമതിയില്ലാതെ എന്‍എച്ച്എസ് സ്‌റ്റേഷനറി ഉപയോഗിക്കുകയും ചെയ്തു. നാല് ബ്യൂപാ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന ഡോ. തോമസ് എന്‍എച്ച്എസ് രോഗികളേക്കാള്‍ തന്റെ സ്വകാര്യ ജോലിക്ക് പ്രാധാന്യം നല്‍കിയെന്ന് ഇദ്ദേഹത്തിന്റെ സെക്രട്ടറി മൊഴി നല്‍കി. ഇതിന് ആവശ്യമായ സൗകര്യം ഒരുക്കാന്‍ തന്നെ സമ്മര്‍ദത്തിലാക്കിയെന്നും സെക്രട്ടറി പറഞ്ഞു.
ഹെല്‍ത്ത് സര്‍വ്വീസ് കോണ്‍ട്രാക്ട് പ്രകാരം സ്വകാര്യ ജോലി ചെയ്യാന്‍ അനുമതിയുണ്ടായിരുന്നു. എന്നാല്‍ എന്‍എച്ച്എസ് സേവനം നല്‍കുന്ന സമയത്ത് സ്വകാര്യ രോഗികളെ ചികിത്സിച്ചതാണ് പ്രശ്‌നമായത്. ഗുരുതര വീഴ്ചകള്‍ വരുത്തിയതായി കണ്ടെത്തി മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ട്രിബ്യൂണല്‍ രണ്ട് മാസത്തെ സസ്‌പെന്‍ഷനാണ് വിധിച്ചത്.
കേരളത്തില്‍ നിന്നും 1989-ല്‍ യോഗ്യത നേടിയ ഡോ. തോമസ് 21 വര്‍ഷക്കാലമായി കണ്‍സള്‍ട്ടന്റാണ്. ബെഡ്‌ഫോര്‍ഡിന് സമീപമുള്ള ബ്രോംഹാം ഗ്രാമത്തില 700,000 പൗണ്ടിന്റെ അഞ്ച് ബെഡ്‌റൂം പ്രോപ്പര്‍ട്ടിയിലാണ് താമസം.