യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ സ്‌കൂളില്‍ പോകാതെ കുട്ടികള്‍ മടിപിടിച്ചിരുന്നാല്‍ രക്ഷിതാക്കളുടെ കീശ കീറും, പിഴ 33% കൂടും

ലണ്ടന്‍: ഇംഗ്ലണ്ടില്‍ സ്‌കൂളില്‍ പോകാതെ കുട്ടികള്‍ വീട്ടില്‍ മടിപിടിച്ചിരുന്നാല്‍ രക്ഷിതാക്കളുടെ കീശ കാലിയാകും. സ്‌കൂളില്‍ പോകാത്ത കുട്ടികളുടെ പിഴ 33% വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നിലവിലെ തുകയായ 60 പൗണ്ടില്‍ നിന്ന് 80 പൗണ്ട് ആയി പിഴ ഉയര്‍ത്താനാണ് തീരുമാനം. അടുത്ത സെപ്റ്റംബറില്‍ പുതുക്കിയ പിഴ ഈടാക്കാനാണ് തീരുമാനം എടുത്തിരിക്കുന്നത്.

വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയന്‍ കീഗന്‍ കൊണ്ടുവന്ന പുതിയ പരിഷ്‌കാരം മൂലം അനധികൃതമായി സ്‌കൂളില്‍ ഹാജരാകാത്ത വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് പിഴ ചുമത്തുന്ന രീതി അടിമുടി മാറുകയാണ്. അനധികൃതമായി ഹാജരാകാത്തതിനെ തുടര്‍ന്ന് ഒരു കുട്ടിക്ക് അഞ്ച് ദിവസത്തെ ക്ലാസ് നഷ്ടമായാല്‍ പിഴ ചുമത്തുന്നത് പരിഗണിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു.

നിലവില്‍ ഓരോ പ്രാദേശിക അധികാരികള്‍ വ്യത്യസ്തമായ രീതിയിലാണ് ഇത്തരത്തിലുള്ള പിഴ ഈടാക്കുന്നുന്നത്. പുതിയ നിയമങ്ങള്‍ പ്രകാരം, ഇനീഷ്യല്‍ പെനാലിറ്റി നോട്ടീസ് 60 പൗണ്ടില്‍ നിന്ന് 80 പൗണ്ടായി ഉയര്‍ത്തും. ഇത് 21 ദിവസത്തിനുള്ളില്‍ അടയ്ക്കുകയും വേണം. പേയ്മെന്റ് വൈകുന്നവര്‍ക്ക് പിഴ 120 പൗണ്ടില്‍ നിന്ന് 160 പൗണ്ടായി ഉയര്‍ത്തും. കോവിഡിന് ശേഷമുള്ള തകര്‍ച്ചയില്‍ നിന്ന് ഹാജര്‍ നില മെച്ചപ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ ഡ്രൈവിന്റെ ഭാഗമായി സ്‌കൂളുകളുടെ ദൈനംദിന റജിസ്റ്ററുകള്‍ ഡിഎഫ്ഇയുമായും പ്രാദേശിക അധികാരികളുമായും ഓണ്‍ലൈനായി പങ്കിടുകയും ചെയ്യും.

പിഴ തുക ഇത്രയും വര്‍ധിപ്പിക്കുന്നതില്‍ ശക്തമായ പ്രതിഷേധം ഉയരാന്‍ ഇടയുണ്ട്. കുട്ടികളെ കൃത്യമായി സ്കൂളുകളില്‍ വിടാന്‍ സര്‍ക്കാര്‍ കൃത്യമായ ധനസഹായം നല്‍കിയാല്‍ ഹാജര്‍ നില ഉയരുമെന്നാണ് പൊതുവില്‍ ഉയരുന്ന വാദം. 2022-23 ല്‍ മൊത്തം 3,99,000 പെനാല്‍റ്റി നോട്ടീസുകളില്‍, ഇംഗ്ലണ്ടിലെ 3,50,000 രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ അനധികൃത അവധിക്ക് പിഴ ചുമത്തി. ഇത് കോവിഡിന് മുമ്പുള്ള അവസാന സ്‌കൂള്‍ വര്‍ഷമായ 2018-19 നെ അപേക്ഷിച്ച് മൊത്തം 20% കൂടുതലാണ്.

മഹാമാരിക്ക് മുമ്പുള്ള സ്ഥിതിയിലേയ്ക്ക് സ്കൂളുകളുടെ ഹാജര്‍ നില കൊണ്ടെത്തിക്കുന്നതിനായിട്ടാണ് പിഴ തുക ഉയര്‍ ത്താനുള്ള നീക്കം സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്നത്.

സ്കൂളുകളുടെ വേനല്‍ കാല അവധികള്‍ കുറയ്ക്കാനുള്ള മാര്‍ഗനിര്‍ദേശം അടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. വേനല്‍ കാല അവധികള്‍ നാലാഴ്ചയായി കുറയ്ക്കാനുള്ള നിര്‍ദ്ദേശമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.

  • ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions