യു.കെ.വാര്‍ത്തകള്‍

അണ്ടര്‍ 17 യൂറോപ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിനായി മലയാളി ജോഡി

ബാത്ത്: അണ്ടര്‍ 17 വിഭാഗത്തില്‍ സ്വീഡനില്‍ വെച്ച് നടത്തപ്പെടുന്ന യൂറോപ്യന്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍, ഇംഗ്ലണ്ടിനെ പ്രതിനിധാനം ചെയ്യുവാന്‍ സ്റ്റീവനേജില്‍ നിന്നുള്ള ജെഫ് അനി ജോസഫും എസക്‌സില്‍ നിന്നുള്ള സാമുവല്‍ ദീപക് പുലിക്കോട്ടിലും ദേശീയ ടീമില്‍ ഇടം നേടി. യൂറോപ്യന്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍ ഫ്രാന്‍സ്, ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ശക്തരായ ടീമുകളുമായാണ് ഡബിള്‍സ് വിഭാഗത്തില്‍ ജെഫ്-സാമുവല്‍ സഖ്യം മാറ്റുരക്കുക.


യുകെയില്‍ വിവിധ ദേശീയ മത്സരങ്ങളില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യവും വിജയങ്ങളും പുറത്തെടുക്കുവാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇംഗ്ലണ്ടിന്റെ ജേഴ്‌സി അണിയുവാന്‍ യോഗ്യത നേടുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഇംഗ്ലീഷ് നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഡബിള്‍സ് കാറ്റഗറിയില്‍ ബ്രോണ്‍സ് മെഡല്‍ നേടിയതോടെയാണ് ഇംഗ്ലണ്ട് സെലക്ഷന്‍ കമ്മിറ്റിയുടെ ശ്രദ്ധ ഈ മിടുക്കരിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ ദിവസം സോമര്‍സെറ്റിലെ ബാത്തില്‍ വച്ച് നടന്ന അണ്ടര്‍ 17 ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ജെഫ്-സാമുവല്‍ സഖ്യം നിലവിലെ ചാമ്പ്യന്മാരെ അട്ടിമറിച്ചു കൊണ്ട് ഫൈനലില്‍ നേടിയ മിന്നും വിജയവും തിളക്കമാര്‍ന്ന പ്രകടനവുമാണ് ഇവര്‍ക്ക് ഇംഗ്ലീഷ് ദേശീയ ടീമിലേക്കുള്ള യോഗ്യത ഉറപ്പിച്ചത്.


യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയില്‍ സിവില്‍ സെര്‍വന്റ് ആയി ജോലി നോക്കുന്ന കോട്ടയം ഇരവിമംഗലം സ്വദേശി പന്തമാന്‍ചുവട്ടില്‍ അനി ജോസഫിന്റെയും സ്റ്റീവനേജ് ലിസ്റ്റര്‍ ഹോസ്പിറ്റലില്‍ ജോലി നോക്കുന്ന ജീന മാത്യുവിന്റെയും മകനാണ് ജെഫ്. അനി ജോസഫ് മുമ്പ് സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസോസിയേഷനില്‍ പ്രസിഡണ്ട് പദവിയും വഹിച്ചിട്ടുണ്ട്. ജെഫിന്റെ രണ്ട് സഹോദരിമാരും ബാഡ്മിന്റണില്‍ തന്നെ മികച്ച കളിക്കാര്‍ ആണ്.

കഴിഞ്ഞ വര്‍ഷം 'യുകെകെസിഎ' സംഘടിപ്പിച്ച അഖില യുകെ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍ എല്ലാ മത്സരങ്ങളിലും സ്വര്‍ണ്ണ മെഡലുകള്‍ തൂത്തു വാരിക്കൊണ്ടാണ് കുടുംബപരമായ കായിക മികവ് അനി- ജീന കുടുംബം തെളിയിച്ചത്. പഠനത്തിലും മികവ് പുലര്‍ത്തുന്ന ജെഫ് അനി, സ്റ്റീവനേജിലെ സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ജിസിഎസ്ഇ വിദ്യാര്‍ത്ഥിയാണ്.

ലണ്ടനില്‍ എസ്സക്‌സില്‍ താമസിക്കുന്ന കുന്നംകുളത്തുകാരന്‍ ദീപക്-ബിനി പുലിക്കോട്ടില്‍ ദമ്പതികളുടെ മൂത്ത മകന്‍ ആണ് സാമുവേല്‍. ദി കൂപ്പേഴ്സ് കമ്പനി ആന്‍ഡ് കോബോണ്‍ സ്‌കൂളില്‍, ഇയര്‍ 11 വിദ്യാര്‍ത്ഥിയായ സാമുവല്‍, പഠനത്തിലും, പാഠ്യേതര വിഷയങ്ങളിലും ഏറെ മികവ് പുലര്‍ത്തുന്ന വ്യക്തിത്വമാണ്.

തലമുറകളായി കായിക രംഗത്തു മികച്ച സംഭാവനകള്‍ നല്‍കി വരുന്ന പുലിക്കോട്ടില്‍ കുടുംബത്തിന്റെ പാരമ്പര്യം, പുതു തലമുറയിലും പിന്തുടരുകയാണ് സാമുവല്‍ തന്റെ ഇംഗ്‌ളീഷ് ദേശീയ ചാമ്പ്യന്‍ പട്ട നേട്ടത്തിലൂടെ. ഇളയ സഹോദരന്‍ നിഖില്‍ കഴിഞ്ഞ വര്‍ഷത്തെ അണ്ടര്‍ 13 നാഷണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ ആയിരുന്നു. സ്ലൊവേനയില്‍ വെച്ച് നടന്ന യൂറോപ്പ്യന്‍ ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് ഡബിള്‍സില്‍ ഗോള്‍ഡ് മെഡലും, സിംഗ്ള്‍സില്‍ ബ്രോണ്‍സ് മെഡലും കരസ്ഥമാക്കിയിരുന്നു.


സാമൂവലിന്റെ പിതാവ് ദീപക് എന്‍എച്ച് എസില്‍ ബിസിനസ് ഇന്റലിജന്‍സ് മാനേജര്‍ ആയും, മാതാവ് ബിനി ദീപക് പീഡിയാട്രിക് ഫിസിയോതെറാഫിസ്റ്റ് ആയും ജോലി നോക്കുന്നു.

  • ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions