അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ റിഷി സുനകിന്റെ ടോറി പാര്‍ട്ടിയെ കാത്തിരിക്കുന്നത് നാണം കെട്ട തോല്‍വിയെന്ന് പുതിയ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍. 15,000 പേരെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വ്വേയില്‍ പറയുന്നത്, ഭരണകക്ഷി വരുന്ന തെരഞ്ഞെടുപ്പില്‍ 98 സീറ്റുകളില്‍ ഒതുങ്ങും എന്നാണ്. അതേസമയം അട്ടിമറി വിജയം നേടുന്ന ലേബര്‍ പാര്‍ട്ടി 468 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. സണ്‍ഡേ ടൈംസിലായിരുന്നു ഈ സര്‍വ്വേഫലം വന്നത്.
ലേബര്‍ പാര്‍ട്ടിക്ക് 45 ശതമാനം പോയിന്റുകള്‍ ലഭിച്ചപ്പോള്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ലഭിച്ചത് വെറും 26 ശതമാനം മാത്രമായിരുന്നു. സ്‌കോട്ട്ലാന്‍ഡിലും, വെയ്ല്‍സിലും ഇപ്പോള്‍ പാര്‍ട്ടിയുടെ കൈവശമുള്ള സീറ്റുകള്‍ നഷ്ടപ്പെടുമെന്നും സര്‍വ്വേ സൂചിപ്പിക്കുന്നു. അതിനേക്കാള്‍ ഏറെ ഞെട്ടിപ്പിക്കുന്ന സംഗതി, പ്രധാനമന്ത്രി സുനക് തന്റെ മണ്ഡലത്തില്‍ ലേബര്‍ പാര്‍ട്ടിയോട് തോല്‍ക്കാന്‍ സാധ്യതയുണ്ട് എന്ന പ്രവചനമാണ്.
സുനകിനും പാര്‍ട്ടിക്കും ഞെട്ടലുളവാക്കുന്ന രീതിയില്‍ റിഫോംസ് യു കെയുടെ ജനപിന്തുണ വര്‍ദ്ധിച്ചു വരുന്നതായും സര്‍വ്വേ ഫലം ചൂണിക്കാണിക്കുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പരാജയപ്പെടുന്ന ഏഴോളം സീറ്റുകളില്‍ റിഫോം യു കെ രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് സര്‍വ്വേ പറയുന്നത്. സാഹചര്യം ഇങ്ങനെയൊക്കെയാണെങ്കിലും പൊതുതെരഞ്ഞെടുപ്പിന് മുന്‍പായി വിമതര്‍ സുനകിനെ നിലത്തിറക്കില്ല എന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ മറ്റൊരു നേതൃത്വമാറ്റം ഉണ്ടാകുന്നതിനെ 62 ശതമാനം പേര്‍ എതിര്‍ത്തപ്പോള്‍ 38 ശതമാനം പേര്‍ മാത്രമായിരുന്നു അനുകൂലിച്ചത്. കണ്‍സര്‍വേറ്റീവ് വോട്ടര്‍മാരില്‍ 70 ശതമാനത്തോളം പേര്‍, വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ സുനക് പാര്‍ട്ടിയെ നയിക്കണം എന്ന അഭിപ്രായമുള്ളവരാണ്. സര്‍വ്വെഫലം മൊത്തത്തില്‍ പരിഗണിച്ചാല്‍ കണസര്‍വേറ്റീവ് പാര്‍ട്ടി 21 പോയിന്റുകള്‍ക്കാണ് ലേബര്‍ പാര്‍ട്ടിയുടെ പുറകില്‍ പോയിരിക്കുന്നത്. പെന്നി മൗര്‍ഡന്റ് പാര്‍ട്ടി നേതൃത്വം ഏറ്റെടുത്താല്‍ ഇത് 15 ശതമാനമാക്കി കുറയുമെന്നാണ് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം കരുതുന്നത്.