ലണ്ടനിലെ ഒരു സ്‌കൂളില്‍ മതപരമായ ചടങ്ങുകള്‍ നടത്താന്‍ അനുവദിക്കണമെന്ന ഒരു മുസ്ലീം വിദ്യാര്‍ത്ഥിനിയുടെ പരാതി ഹൈക്കോടതി തള്ളിയതോടെ വിവിധ മത സംഘടനകള്‍ വ്യത്യസ്ത ധ്രുവങ്ങളില്‍. ബ്രെന്റിലെ, മിഖേല കമ്മ്യൂണിറ്റി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ആയിരുന്നു മത സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതായി കാണിച്ച് നിയമനടപടികള്‍ക്ക് മുതിര്‍ന്നത്. എന്നാല്‍, സ്‌കൂള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ നിരോധനം ഒരു വിദ്യാര്‍ത്ഥിയുടെയും അവകാശങ്ങളെ ഹനിക്കുന്നതല്ല എന്ന് വ്യക്തമാക്കിയ ഹൈക്കോടതി, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സഹിഷ്ണുതയും സഹവര്‍ത്തിത്തവും പലര്‍ത്തുന്നതിനായി സ്‌കൂള്‍ കൈക്കൊണ്ട നടപടി ഉചിതമാണെന്നും അഭിപ്രായപ്പെട്ടു.
ഹൈക്കോടതി വിധിയെ പിന്താങ്ങിക്കൊണ്ടായിരുന്നു ചര്‍ച്ച ഓഫ് ഇംഗ്ലണ്ടിന്റെ ചീഫ് എഡ്യൂക്കേഷന്‍ ഓഫീസര്‍ നീഗെല്‍ ജെന്‍ഡേഴ്‌സ് രംഗത്ത് വന്നത്. ഓരോ സ്‌കൂളിലേയും പ്രശ്നങ്ങളും പരാതികളും അവിടെ വെച്ചു തന്നെ പരിഹരിക്കാന്‍ പ്രധാന അദ്ധ്യാപകര്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഈ വിധി സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്നതാണെന്ന് ആരോപിച്ച് മുസ്ലീം സമുദായ നേതാക്കള്‍ രംഗത്തെത്തി. ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗം ആകുന്നതിന്റെ അര്‍ത്ഥം അടിസ്ഥാനപരമായി തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു.
അതേസമയം, സെക്കുലര്‍ സംഘടനകളും, പ്രചാരകരും വിധിയെ അനുകൂലിക്കുകയാണ്. മറ്റ് പരിഗണനകളേക്കാള്‍ പ്രാധാന്യമുണ്ട് മത സ്വാതന്ത്ര്യത്തിന് എന്നത് തെറ്റായ ധാരണയാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് വിധി എന്നാണ് അവര്‍ അവകാശപ്പെടുന്നത്. ബ്രിട്ടനിലെ ഏറ്റവും കര്‍ക്കശക്കാരിയായ അധ്യാപിക എന്നറിയപ്പെടുന്ന കാതറിന്‍ ബീര്‍ബല്‍സിംഗ്, തന്റെ സ്‌കൂളിന്റെ പ്രവര്‍ത്തനം ഇഷ്ടപ്പെടാത്ത മാതാപിതാക്കള്‍ കുട്ടികളെ അങ്ങോട്ട് പറഞ്ഞു വിടണ്ട എന്ന് പ്രതികരിച്ചതിന് തൊട്ടു പിന്നാലെയാണ് മറ്റ് പ്രതികരണങ്ങള്‍ എത്തിയത്.
ഇതിനെ സ്‌കൂളില്‍ പ്രാര്‍ത്ഥന നിരോധിച്ച കേസ് ആയി കാണരുതെന്നും, സ്‌കൂളിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ തീരുമാനമെടുക്കുന്നതിന് ഉള്ള അവകാശവുമായി ബന്ധപ്പെട്ട കേസാണെന്നുമായിരുന്നു ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് പ്രതിനിധി പ്രതികരിച്ചത്. അതിനുള്ള അവകാശം പ്രധാന അദ്ധ്യാപികക്കും, സ്‌കൂള്‍ അധികൃതര്‍ക്കും ഉണ്ട് എന്നാണ് ഈ വിധി അടിവരയിട്ട് പറയുന്നതെന്നും പ്രതിനിധി പറഞ്ഞു. സ്‌കൂളിന്റെ തീരുമാനത്തെ ഒരു വിഭാഗം പിന്തുണച്ചപ്പോള്‍, അവരവരുടെ പശ്ചാത്തലത്തിന് അനുസരിച്ച് ജീവിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു മറുഭാഗത്തിന്റെ വാദം.