ലണ്ടന്‍, ബ്രിസ്റ്റോള്‍, ഷെഫീല്‍ഡ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ മഴ വ്യാപിക്കും
വരണ്ട കാലാവസ്ഥയിലെ വീക്കെന്‍ഡിന് പിന്നാലെ യുകെയിലേക്ക് മഴയുടെ വരവ്. വ്യാഴാഴ്ച മുതല്‍ രാജ്യത്ത് മഴ തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ഇത് 10 ദിവസത്തേക്ക് നീണ്ടുനില്‍ക്കുമെന്നാണ് സൂചന.
യുകെയിലെ മിക്ക പ്രദേശങ്ങളിലും ഓരോ ദിവസവും മഴ പെയ്യുമെന്നാണ് ബിബിസി വെതര്‍ കണക്കുകൂട്ടുന്നത്. ലണ്ടന്‍, ബ്രിസ്റ്റോള്‍, ഷെഫീല്‍ഡ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ മഴ പെയ്തിറങ്ങും. അതേസമയം വെയില്‍സിലെയും, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെയും ഭാഗങ്ങളില്‍ ഇന്ന് മുതല്‍ തന്നെ മഴയ്ക്ക് ആരംഭമാകും.
ആഴ്ചയുടെ ആരംഭത്തില്‍ ശരാശരി താപനില 9 മുതല്‍ 12 ഡിഗ്രി വരെയാകും. അതേസമയം തണുപ്പുള്ള കാറ്റ് മൂലം തണുപ്പ് കൂടുതലായി അനുഭവപ്പെടും. ഇതിനിടെ നോര്‍ത്ത് വെയില്‍സിലും, സ്‌കോട്ട്‌ലണ്ടിലും രാത്രികളില്‍ -2 സെല്‍ഷ്യസ് വരെ താപനില താഴുമെന്നതിനാല്‍ മഞ്ഞും, തണുത്തുറയലിനും സാധ്യതയുണ്ട്.
അതേസമയം അടുത്ത ആഴ്ചയോടെ താപനില കൂടുതല്‍ സുഖകരമായ അവസ്ഥയിലേക്ക് മാറും. ഏകദേശം മേയ് 4-ഓടെ ലണ്ടനില്‍ താപനില 17 സെല്‍ഷ്യസിലേക്ക് ഉയരുമെന്നാണ് കരുതുന്നത്. വര്‍ഷത്തിലെ ഈ സമയത്തേക്കാള്‍ ശരാശരി 1 ഡിഗ്രി സെല്‍ഷ്യസ് താപനില കൂടുതലാകുമെന്നാണ് മെറ്റ് ഓഫീസ് സൂചിപ്പിക്കുന്നത്.
മേയ് ആദ്യം സൗത്ത് മേഖലയില്‍ ശരാശരി നിലയില്‍ മഴ പെയ്യുമെന്നാണ് മെറ്റ് ഓഫീസ് പ്രവചനം. നോര്‍ത്ത് മേഖലയില്‍ പതിവിലും കുറഞ്ഞ തോതിലായിരിക്കും മഴ.