കിഴക്കന്‍ ലണ്ടനിലെ ന്യൂഹാം, ന്യൂ സിറ്റി റോഡിലുള്ള ജേക്കബ്‌സ് ഹൗസിന്റെ പതിനഞ്ചാം നിലയില്‍ നിന്നും താഴെ വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. ഇന്നലെ രാവിലെയാണ് സംഭവം. മരണത്തില്‍ ദുരൂഹതകള്‍ ഒന്നും തന്നെയില്ലെന്ന് മെറ്റ് പോലീസ് അറിയിച്ചു. എന്നാല്‍, കുട്ടി എങ്ങനെയാണ് വീണതെന്നതിനെ കുറിച്ച് കൗണ്‍സില്‍ ജീവനക്കാര്‍ അന്വേഷണം നടത്തുകയാണ്. ഈ ടവര്‍ ബ്ലോക്കിലെ ജനലുകള്‍ കുട്ടികളെ സംബന്ധിച്ച് സുരക്ഷിതമല്ലെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നതാണ്.
അലാം മാകിയല്‍ എന്ന അഞ്ചു വയസ്സുകാരന്‍, തന്റെ മാതാപിതാക്കള്‍ ഉണരുന്നതിന് മുന്‍പേ ഉണര്‍ന്നെന്നും അടുക്കളയിലെ ജനലിലൂടെ താഴേക്ക് വീഴുകയായിരുന്നു എന്നും ബാലന്റെ ബന്ധുവായ മറിയം ഹഡാഫോ പറയുന്നു. വീടിന്റെ വാതിലുകളും ജനലുകളും കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് കാണിച്ച് ഈ ബാലന്റെ മാതാവ് കൗണ്‍സിലിന് നിരവധി ഇ മെയിലുകള്‍ അയച്ചിരുന്നതായും മറിയം വെളിപ്പെടുത്തി. അധികൃതരുടെ അനാസ്ഥയാണ് ഒരു കുരുന്നു ജീവന്‍ പൊലിയാന്‍ കാരാണമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതേ കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയില്‍ താമസിക്കുന്ന ഒരു വ്യക്തി പറഞ്ഞത് ആര്‍ക്കും ഒന്നും ചെയ്യാനില്ലായിരുന്നു എന്നാണ്. നിസ്സഹായരായി ഒരു ദുരന്തത്തിന് സാക്ഷ്യം വഹിക്കാന്‍ മാത്രമെ കഴിഞ്ഞുള്ളു. സംഭവസ്ഥലത്ത് എത്തിയ പാരാമെഡിക്സ് ടീമില്‍ പെട്ട ഒരു വനിത, കുട്ടി മരിച്ചെന്നറിഞ്ഞ് പൊട്ടിക്കരഞ്ഞതായും ദൃക്സാക്ഷികള്‍ പറയുന്നു. ദുരന്തത്തിന് സാക്ഷ്യം വഹിച്ച മറ്റൊരു ദൃക്സാക്ഷിയായ ഒരു ഊബര്‍ ഡ്രൈവര്‍ ഇനിയും ഞെട്ടലില്‍ നിന്നും മുക്തനായിട്ടില്ല. കുട്ടി വീണതിന്റെ നേരെ എതിര്‍ഭാഗത്ത് നില്‍ക്കുകയായിരുന്നു ഇയാള്‍.
അപ്രതീക്ഷിത മരണം എന്ന നിലയിലാണ് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് ഇതിനെ പരിഗണിക്കുന്നതെങ്കിലും, ഇതുവരെ അറസ്റ്റുകള്‍ ഒന്നും നടന്നിട്ടില്ല. 1960 കളില്‍ പണികഴിപ്പിച്ച ഈ പതിനാറ് നിലക്കെട്ടിടത്തിലെ അന്തേവാസികള്‍ ഞെട്ടലിലാണ്. മാത്രമല്ല, ഇത് എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് അറിയണമെന്നും അവര്‍ പറയുന്നു.