യു.കെ.വാര്‍ത്തകള്‍

കേംബ്രിഡ്ജിന് ആദ്യമായി മലയാളി മേയര്‍

യുകെയിലെ വിജ്ഞാന നഗരമെന്ന വിളിപ്പേരുള്ള കേംബ്രിഡ്ജിന് ആദ്യമായി മലയാളി മേയര്‍. ഏതാനും വര്‍ഷമായി കൗണ്‍സിലറും ഒരു വര്‍ഷമായി ഡെപ്യുട്ടി മേയറുമായ ലേബര്‍ പാര്‍ട്ടി അംഗമായ കോട്ടയം ആര്‍പ്പൂക്കര സ്വദേശി ബൈജു വര്‍ക്കി തിട്ടാല ആണ് ഒരു വര്‍ഷത്തേക്ക് മേയര്‍ പദവിയില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഡെപ്യുട്ടി മേയര്‍ ആയതോടെ സ്വാഭാവികമായും പ്രതീക്ഷിക്കപ്പെട്ട പദവി ആണെങ്കിലും ബ്രിട്ടീഷ് വംശജര്‍ക്ക് മൃഗീയ ആധിപത്യമുള്ള കൗണ്‍സിലില്‍ മലയാളി മേയര്‍ ആകുന്നു എന്നത് പ്രവാസി മലയാളി സമൂഹത്തിനു തന്നെ അഭിമാന നിമിഷം കൂടിയാണ്.

ആകെയുള്ള 42 കൗണ്‍സിലര്‍മാരില്‍ ബൈജു മാത്രമാണ് കുടിയേറ്റക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന ഏക അംഗം. ബൈജു വര്‍ക്കി മേയര്‍ ആയതോടെ ചുരുങ്ങിയത് ഈ പദവിയില്‍ എത്തുന്ന അഞ്ചാമത്തെ മലയാളി എന്ന നേട്ടവും മലയാളി സമൂഹത്തിനു സ്വന്തമാകുകയാണ്.

ക്രോയ്‌ഡോണ്‍ നഗരത്തിന്റെ മേയര്‍ ആയിരുന്ന മഞ്ജു ഷാഹുല്‍ ഹമീദ്, എസക്‌സിലെ ചെറുപട്ടണമായ ലൗട്ടനിലെ മേയര്‍ ആയിരുന്ന ഫിലിപ് എബ്രഹാം, ബ്രിസ്റ്റോളിന് അടുത്ത ബ്രാഡ്ലി സ്റ്റോക് എന്ന ചെറു ടൗണിലെ മേയര്‍ ആയിരുന്ന ടോം ആദിത്യ, ന്യൂകാസിലില്‍ പ്രാന്ത പട്ടണമായ സ്റ്റാന്‍ലിയിലെ മേയര്‍ ആയിരുന്ന ആദ്യകാല മലയാളി ബാലന്‍ നായര്‍ എന്നിവരൊക്കെ മുന്‍പ് ചെറുതും വലുതുമായ പട്ടണങ്ങളുടെ മേയര്‍ പദവിയില്‍ എത്തിയ മലയാളികളാണ്.

ക്രോയ്‌ഡോണിലും കേംബ്രിഡ്ജിലും ആയിരക്കണക്കിന് മലയാളികള്‍ താമസിക്കുന്ന നഗരങ്ങള്‍ ആയതിനാല്‍ ഈ രണ്ടു സ്ഥലത്തും മേയര്‍ പദവിയില്‍ മലയാളികള്‍ എത്തിയത് പ്രാദേശിക മലയാളി സമൂഹത്തിനും എടുത്തു പറയാവുന്ന നേട്ടമായി വിലയിരുത്തപ്പെടുകയാണ്.

കോട്ടയം ആര്‍പ്പൂക്കരയില്‍ നിന്നും ബിട്ടനിലെത്തി ഉപരിപഠനത്തിനുശേഷം പൊതുരംഗത്ത് സജീവമായ ബൈജു, തൊഴിലിടങ്ങളില്‍ മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്ന വിവേചനങ്ങള്‍ക്കെതിരേ നിയമ പോരാട്ടം നടത്തുന്ന വ്യക്തിയാണ്. 2013-ല്‍ ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും എല്‍എല്‍ബി ബിരുദം നേടുകയും പിന്നീട് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റിയില്‍നിന്നും എംപ്ലോയ്‌മെന്റ് ലോയില്‍ ഉന്നത ബിരുദവും നേടി. 2018ല്‍ കേംബ്രിഡ്ജിലെ ഈസ്റ്റ് ചെസ്റ്റര്‍ട്ടണ്‍ മണ്ഡലത്തില്‍നിന്നും ലേബര്‍ ടിക്കറ്റില്‍ ആദ്യമായി കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട ബൈജു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

2019 മുതല്‍ സോളിസിറ്ററായി ജോലി ചെയ്യുന്ന ബൈജു ക്രിമിനല്‍ ഡിഫന്‍സ് ലോയറായാണ് പ്രാക്ടീസ് ചെയ്യുന്നത്. യുകെ മലയാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന ബൈജു, രാഹുല്‍ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയിലും പങ്കെടുത്തിട്ടുണ്ട്. ബ്രിട്ടനില്‍ മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ സിഎല്‍പി എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറാണ്.

ആര്‍പ്പൂക്കര തിട്ടാല പാപ്പച്ചന്‍- ആലീസ് ദമ്പതികളുടെ മകനാണ്. കേംബ്രിഡ്ജില്‍ നഴ്‌സിങ് ഹോം യൂണിറ്റ് മാനേജരായി ജോലി ചെയ്യുന്ന ഭാര്യ ആന്‍സി തിട്ടാല, കോട്ടയം മുട്ടുചിറ മേലുക്കുന്നേല്‍ കുടുംബാംഗമാണ്. വിദ്യാര്‍ത്ഥികളായ അന്ന തിട്ടാല, അലന്‍ തിട്ടാല, അല്‍ഫോന്‍സ് തിട്ടാല എന്നിവര്‍ മക്കളാണ്.

  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions