ലോകമെമ്പാടുമുള്ള 300 ദശലക്ഷത്തിലധികം കുട്ടികള്‍ പ്രതിവര്‍ഷം , ഓണ്‍ലൈനില്‍ ലൈംഗിക ചൂഷണവും ദുരുപയോഗവും നേരിടേണ്ടി വരുന്നതായി കണ്ടെത്തല്‍. എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം വിവിധ രാജ്യങ്ങളിലെ 12.6% കുട്ടികള്‍ക്ക് ലൈംഗിക ഉള്ളടക്കത്തോടുള്ള മെസേജുകള്‍ ലഭിച്ചിരുന്നു. സമാന രീതിയില്‍ 12.5% കുട്ടികള്‍ സെക്‌സ്റ്റിംഗിന് ഇരയാണെന്നും ഗവേഷക സംഘം കണ്ടെത്തി. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഡീപ്പ് ഫേക്ക് പോലുള്ള നിര്‍മ്മിത ബുദ്ധിയുടെ സാങ്കേതിക വിദ്യകളാണ് കുറ്റവാളികള്‍ ഉപയോഗിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
എഡിന്‍ബര്‍ഗ് സര്‍വകലാശാലയുടെ ഗവേഷക സംഘം പുറത്ത് വിട്ട കണക്കുകളില്‍ ഒന്നാമത് യുഎസ് ആണ്. സര്‍വ്വകലാശാലയുടെ ചൈല്‍ഡ്‌ലൈറ്റ് എന്ന സംരംഭം നടത്തിയ പഠനത്തില്‍ യുഎസിലെ 14 ദശലക്ഷം പുരുഷന്മാരും ഓണ്‍ലൈനില്‍ കുട്ടികളെ ലൈംഗിക ചൂഷണം ചെയ്തതായി കണ്ടെത്തി. യുകെയിലെ 1.8 ദശലക്ഷം പുരുഷന്മാര്‍ ഇത് സമ്മതിച്ചു. കുട്ടികള്‍ക്കെതിരായ ശാരീരിക ലൈംഗിക അതിക്രമങ്ങള്‍ രഹസ്യമായിരിക്കുമെന്ന് മനസിലാക്കിയതിനാലാണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്‌തതെന്ന് പലരും സമ്മതിച്ചത്.
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെയും ദുരുപയോഗം ചെയ്യുന്നതിന്റെയും അമ്പരിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വിട്ട ചൈല്‍ഡ്‌ലൈറ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവായ പോള്‍ സ്റ്റാന്‍ഫീല്‍ഡ്, ഇത്തരം പ്രശ്‌നങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കേണ്ടതിന്റെ പ്രസക്തി ചൂണ്ടി കാട്ടി. ശ്രമിച്ചാല്‍ തടയാന്‍ കഴിയുന്ന പ്രശ്നമായി ഇതിനെ കണക്കാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്റര്‍പോളിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റീഫന്‍ കവാനി, ഓണ്‍ലൈനില്‍ കൂടി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനും ദുരുപയോഗം ചെയ്യുന്നതിനുമുള്ള പ്രശ്നം പരിഹരിക്കുന്നതില്‍ നിലവിലുള്ള നിയമങ്ങള്‍ പര്യാപ്തമല്ലെന്ന് വ്യക്തമാക്കി.