ഇന്ത്യയിലെ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുന്ന അന്ന് യുകെയില്‍ പ്രചാരണ കാഹളം മുഴക്കി പ്രധാനമന്ത്രി റിഷി സുനാകും പ്രതിപക്ഷ നേതാവ് കീര്‍ സ്റ്റാര്‍മറും ആദ്യ ടെലിവിഷന്‍ ഡിബേറ്റില്‍ ഏറ്റുമുട്ടും. ജൂണ്‍ നാലിനാണു ആദ്യ ഡിബേറ്റ്. നേതാക്കള്‍ പരസ്പരം ആശയങ്ങളും വാഗ്ദാനങ്ങളും നിരത്തി, കൊണ്ടും കൊടുത്തും മുന്നേറുന്ന ചാനല്‍ ഡിബേറ്റില്‍ നേടുന്ന മേല്‍ക്കൈ വോട്ടര്‍മാരെ സ്വാധീനിക്കുന്നതാണ്.
ജൂലൈ നാലിന് പൊതു തിരഞ്ഞെടുപ്പു നടക്കുന്ന ബ്രിട്ടനില്‍ ഇക്കുറി നേതാക്കളുടെ ആദ്യത്തെ ഡിബേറ്റ് ഐടിവിയിലാണ്. ജൂണ്‍ നാലിന് രാത്രി ഒന്‍പതിനാണ് ഐടിവിയിലെ ഒരു മണിക്കൂര്‍ നീളുന്ന സംവാദം.
'സുനാക് വേഴ്സസ് സ്റ്റാര്‍മര്‍' എന്നാണ് പരിപാടിയുടെ പേര്. ജൂലി എച്ചിങ്ങാം അവതാരികയാകുന്ന പരിപാടി തത്സമയം പ്രേക്ഷകരുടെ മുന്നിലാകും നടക്കുക. അതിനാല്‍തന്നെ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കും നേതാക്കള്‍ മറുപടി പറയേണ്ടിവരും. 2015, 2017, 2019 വര്‍ഷങ്ങളില്‍ സമാനമായ തിരഞ്ഞെടുപ്പു സംവാദ പരിപാടികള്‍ നടത്തി പരിചയമുള്ള മാധ്യമ പ്രവര്‍ത്തകയാണ് ജൂലി. വരും ദിവസങ്ങളില്‍ മറ്റു പാര്‍ട്ടി നേതാക്കളെ പങ്കെടുപ്പിച്ചുള്ള അഭിമുഖങ്ങളും സംവാദങ്ങളും ഐടിവി വിഭാവനം ചെയ്യുന്നുണ്ട്.
സുനാകും സ്റ്റാര്‍മറും തമ്മിലുള്ള ഒരു മണിക്കൂര്‍ സംവാദം രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔദ്യോഗിക തുടക്കംകൂടിയാകും. രാജ്യത്തെ മറ്റു പ്രമുഖ ചാനലുകളായ ബിബിസി, ചാനല്‍-4, സ്കൈ ടിവി തുടങ്ങിയവരും വരും ദിവസങ്ങളില്‍ സമാനമായ സംവാദങ്ങള്‍ ഒരുക്കുന്നുണ്ട്.