ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാലും കുടിയേറ്റ നിയന്ത്രണത്തില്‍ വലിയ വിട്ടുവീഴ്ചകള്‍ ഉണ്ടാകാന്‍ പോകുന്നില്ലെന്ന് സൂചന നല്‍കി പാര്‍ട്ടി ആരോഗ്യ വക്താവ്. കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് നടപ്പാക്കിയ നയങ്ങള്‍ തിരുത്താനോ, ഹെല്‍ത്ത്, കെയര്‍ ജോലിക്കാരുടെ വിദേശ ആശ്രിതരെ ബ്രിട്ടനിലേക്ക് പ്രവേശിപ്പിക്കാനോ സാധിക്കില്ലെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രഖ്യാപിച്ചു.
വിദേശ ജീവനക്കാരാണ് പല തലമുറകളായി എന്‍എച്ച്എസിനെ കെട്ടിപ്പടുത്തത്, ഇവരെ ലഭിച്ചത് യുകെയുടെ ഭാഗ്യമാണ്. എന്നാല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെയും, വിദേശ ജോലിക്കാരെയും അമിതമായി ആശ്രയിക്കുന്ന രീതിയിലേക്ക് സേവനം മാറി, വെസ് സ്ട്രീറ്റിംഗ് കുറ്റപ്പെടുത്തി. മാര്‍ച്ചിലാണ് ഉയര്‍ന്ന തോതിലുള്ള നിയമപരമായ കുടിയേറ്റം നിയന്ത്രിക്കാന്‍ ഡിപ്പന്‍ഡന്റ്‌സിനെ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
ഈ വര്‍ഷം ഹെല്‍ത്ത്, കെയര്‍ വര്‍ക്കര്‍ വിസ ആപ്ലിക്കേഷനില്‍ 76 ശതമാനത്തിന്റെ കുറവ് വന്നത് നയത്തിന്റെ മേന്മയായി പ്രശംസിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ നിയമങ്ങള്‍ മാറ്റാന്‍ ഷാഡോ ഹോം സെക്രട്ടറി വെറ്റ് കൂപ്പറിന് യാതൊരു പദ്ധതിയുമില്ലെന്ന് വോര്‍സ്റ്ററില്‍ സംസാരിച്ച സ്ട്രീറ്റിംഗ് പറഞ്ഞു. വിദേശ ജീവനക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് പാര്‍ട്ടിയുടെ പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കി.
'ആഗോള തലത്തില്‍ യോഗ്യതയുള്ളവര്‍ക്ക് ക്ഷാമം നേരിടുമ്പോള്‍ ലോകാരോഗ്യ സംഘടനയുടെ റെഡ് ലിസ്റ്റിലുള്ള ബംഗ്ലാദേശ്, നൈജീരിയ പോലുള്ള രാജ്യങ്ങളില്‍ നിന്നും ജോലിക്കാരെ റിക്രൂട്ട് ചെയ്യില്ല. ആയിരക്കണക്കിന് സ്‌ട്രെയിറ്റ് എ വിദ്യാര്‍ത്ഥികളെ മെഡിസിന്‍ പഠിക്കുന്നതില്‍ നിന്നും അകറ്റുകയാണ്. ഇത് പരിഹരിക്കണം. സ്വന്തം രാജ്യത്ത് കഴിവുള്ളവരെ വികസിപ്പിക്കുകയാണ് ഉറപ്പാക്കേണ്ടത്', സ്ട്രീറ്റിംഗ് പറഞ്ഞു.