പൊതു തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായി രംഗം വഷളാക്കാന്‍ അഞ്ചു ദിവസ സമരവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍. ഇതോടെ ഇംഗ്ലണ്ടിലെ ഒരു ലക്ഷത്തോളം രോഗികള്‍ക്കാണ് അപ്പോയിന്റ്‌മെന്റും ചികിത്സയും നിഷേധിക്കപ്പെടുന്നത്. സമരം തീര്‍ത്തും രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു പ്രധാനമന്ത്രി റിഷി സുനകിന്റെ പ്രതികരണം. റെക്കോര്‍ഡ് തലത്തിലെത്തിയ, വെയിറ്റിംഗ് ലിസ്റ്റ് തീര്‍ത്തുകൊണ്ടു വരാനുള്ള ശ്രമത്തിന് തിരിച്ചടിയാണ് അഞ്ച് ദിവസത്തെ ഈ സമരം എന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
ജൂണ്‍ 27 രാവിലെ ഏഴു മണിമുതല്‍ ജൂലൈ രണ്ടിന് രാവിലെ ഏഴു മണിവരെ ആയിരിക്കും ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ചെയ്യുക എന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ജൂലായ് 4 ന് ആണ് പൊതു തെരഞ്ഞെടുപ്പ്. ഇത് സുനകിന്റെ മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും എന്നതില്‍ സംശയമില്ല. ഒരു തെരഞ്ഞെടുപ്പ് കാലത്ത് സമരം ഉണ്ടാവുക എന്നത് ഏതൊരു ഭരണാധികാരിക്കും ആലോചിക്കാന്‍ കൂടി കഴിയാത്തതാണ്. മാത്രമല്ല, ലക്ഷക്കണക്കിന് വരുന്ന എന്‍ എച്ച് എസ് ജീവനക്കാരുടെ പിന്തുണ നഷ്ടമാകാനും സാധ്യതയുണ്ട്., അതുകൊണ്ടു തന്നെ സമരം ഒഴിവാക്കേണ്ടത് ഇപ്പോള്‍ സുനകിന്റെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും ആവശ്യമായി മാറിയിരിക്കുകയാണ്.
സമരത്തിനായി തെരഞ്ഞെടുത്ത സമയം തന്നെ അത് രാഷ്ട്രീയ പ്രേരിതമാണ് എന്ന് തെളിയിക്കുന്നതിനായി ഡെവണില്‍ പ്രചാരണത്തിനിടെ സുനാക് പറഞ്ഞു. പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ തയ്യാറാകാത്തത് ജൂനിയര്‍ ഡോക്ടര്‍മാര്‍ ആണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 10 ശതമാനം വര്‍ദ്ധനവ് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിക്കഴിഞ്ഞു. മാത്രമല്ല, കൂടുതല്‍ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. എന്‍ എച്ച് എസ്സിലെ മറ്റു വിഭാഗങ്ങളില്‍ പെടുന്ന ജീവനക്കാരുടെ പ്രശ്നങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്ത് പരിഹരിച്ച കാര്യവും സുനാക് എടുത്തു പറഞ്ഞു.
അതേസമയം, ലേബര്‍ പാര്‍ട്ടിയുടെ ഹെല്‍ത്ത് ഡേ ദിവസം തന്നെ സമരം വെച്ചത് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷന്‍ തള്ളി. ചര്‍ച്ചക്ക് തങ്ങള്‍ തയ്യാറാണെന്നും ബി എം എ വക്താവ് പറഞ്ഞു. വിശ്വാസയോഗ്യമായതും, നീതിപൂര്‍വ്വമായതുമായ ഒരു ഡീല്‍ വേണമെന്നാണ് തങ്ങള്‍ ആഗ്രഹിച്ചതെന്നും, സര്‍ക്കാരില്‍ നിന്നും അത് ലഭിക്കാതെ ആയതോടെയാണ് സമരം അനിവാര്യമായതെന്നും ബി എം എ പറയുന്നു.