ലണ്ടനിലെ ഹാക്കനിയില്‍ വെടിവെപ്പില്‍ പരിക്കേറ്റ പത്തുവയസുള്ള മലയാളി ബാലികയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. എറണാകുളം പറവൂര്‍ ഗോതുരുത്ത് സ്വദേശികളായ ആനത്താഴത്ത് അജീഷ്- വിനയ ദമ്പതികളുടെ മകള്‍ ലിസേല്‍ മരിയയാണ് ജീവനായി പൊരുതുന്നത്.
കുട്ടിയുടെ തലയ്ക്കാണ് വെടിയേറ്റയത്. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും വെടിയുണ്ട പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. റസ്റ്റോറന്റിലുണ്ടായ വെടിവെപ്പില്‍ ലക്ഷ്യം തെറ്റിയാണ് കുട്ടിക്ക് വെടിയേറ്റതെന്നാണ് വിവരം. ബൈക്കില്‍ എത്തിയ അക്രമിയാണ് വെടിയുതിര്‍ത്തത്.
ഡല്‍സ്റ്റണിലെ കിങ്സ്ലന്‍ഡ് ഹൈസ്ട്രീറ്റിലെ റസ്റ്റോറന്റില്‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു കുട്ടി. ബുധനാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. 26, 37, 42 വയസ്സുള്ള യുവാക്കളാണ് പരിക്കേറ്റ മറ്റുള്ളവര്‍.
അക്രമി റെസ്റ്റോറന്റിന് നേരെ വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. കിംഗ്‌സ്ലാന്‍ഡ് ഹൈ സ്ട്രീറ്റിലുള്ള എവിന്‍സിന് സമീപത്തേക്ക് അക്രമി വരുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃശ്യം മെയില്‍ ഓണ്‍ലൈന്‍ ആണ് പുറത്തു വിട്ടിരിക്കുന്നത്. റെസ്റ്റോറന്റിന് അടുത്തെത്തിയ അക്രമി, നിറത്തോക്ക് പുറത്തെടുത്ത്, അകത്ത് ഭക്ഷണം കഴിച്ചിരിക്കുന്നവരെ ലക്ഷ്യമാക്കി ആറു തവണ വെടിയുതിര്‍ക്കുന്നതും ദൃശ്യത്തില്‍ കാണാം.
കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തിയ ഈ പെണ്‍കുട്ടി ഇരുന്ന മേശയുടെ മുന്നിലായിരുന്നു അക്രമി ഉന്നം വെച്ച മൂന്നു പേരും ഇരുന്നിരുന്നത്.
വെടിയൊച്ച കേട്ട് ഭക്ഷണം കഴിക്കാനെത്തിയവരില്‍ ഏറെയും പേര്‍ മേശകള്‍ക്ക് അടിയിലേക്ക് കയറി. തീര്‍ത്തും ഭയപ്പെടുത്തുന്ന അനുഭവം എന്നാണ് അവരില്‍ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞത്..
സംഭവസമയത്ത് പരിസരത്ത് ഉണ്ടായിരുന്നവരോട് തങ്ങള്‍ക്കറിയാവുന്ന വിവരങ്ങള്‍ പങ്കുവെക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടുണ്ട്.