യുകെയിലെ മികച്ച മെഡിക്കല്‍ പ്രൊഫസറും, രണ്ട് മക്കളുടെ പിതാവുമായ ഇന്ത്യന്‍ വംശജനെ മരണത്തിലേക്ക് നയിച്ചത് ഒരിക്കലും നല്‍കാന്‍ പാടില്ലാത്ത തെറ്റായ ചികിത്സയെന്ന് കൊറോണര്‍. ഒരു അപൂര്‍വ്വ രോഗാവസ്ഥയ്ക്കുള്ള പ്രൊസീജ്യറിന് വിധേയനായതോടെയാണ് ഗുരുതരമായ ആന്തരിക രക്തസ്രാവം നേരിട്ട് പ്രൊഫ. അമിത് പട്ടേല്‍ മരിച്ചത്.
പ്രൊഫ. അമിത് പട്ടേലിന്റെ മരണത്തില്‍ കലാശിച്ചത് ചികിത്സയിലെ പരാജയപ്പെടലായിരുന്നുവെന്ന് വ്യക്തമാക്കിയ കൊറോണര്‍ മരണം ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നും ചൂണ്ടിക്കാണിച്ചു. ഈ തലമുറയില്‍ പെട്ട ഏറ്റവും മികച്ച ഡോക്ടര്‍മാരില്‍ ഒരാളായിരുന്ന ഇദ്ദേഹം സ്‌റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റേഷനില്‍ മുന്‍നിരക്കാരനുമായിരുന്നുവെന്ന് ഇന്‍ക്വസ്റ്റ് പറഞ്ഞു.
എന്നാല്‍ 2021 ആഗസ്റ്റില്‍ മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ ഹോസ്പിറ്റലില്‍ ഫ്‌ളൂവിന് സമാനമായ ലക്ഷണങ്ങളുമായാണ് പ്രൊഫ. പട്ടേലിനെ പ്രവേശിപ്പിച്ചിരുന്നത്. ഇദ്ദേഹത്തിന് 'സ്റ്റില്‍സ് ഡിസീസ്' എന്ന അപൂര്‍വ്വ ഇന്‍ഫ്‌ളമേറ്ററി അവസ്ഥ രൂപപ്പെട്ടതിനാല്‍ മാരകമായ പ്രതിരോധ പാര്‍ശ്വഫലം നേടിരുന്നതായി ഡോക്ടര്‍മാര്‍ വിലയിരുത്തി.
ഇതേത്തുടര്‍ന്ന് ശ്വാസകോളം പരിശോധിക്കാന്‍ എന്‍ഡോബ്രോംഗിയല്‍ അള്‍ട്രാസൗണ്ട് ഗൈഡഡ് ബയോപ്‌സി നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ഇതോടെ ഡോക്ടര്‍ക്ക് ഗുരുതരവും, അപൂര്‍വ്വവുമായ ബ്ലഡ് ക്ലോട്ട് പാര്‍ശ്വഫലം രൂപപ്പെടുകയും, അനിയന്ത്രിതമായ രക്തസ്രാവം ഉണ്ടാകുകയുമായിരുന്നു. പ്രതിരോധ പാര്‍ശ്വഫലം ഉള്ളതായി ഡോക്ടര്‍മാര്‍ പറയാതെ പോയതാണ് ചികിത്സ നിര്‍ദ്ദേശിക്കാന്‍ ഇടയാക്കിയത്.
നാഷണല്‍ മെഡിക്കല്‍ അഡൈ്വസര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെന്ന് കൊറോണര്‍ സാക് ഗോലോംബെക് സ്ഥിരീകരിച്ചു. ഒരു രോഗിയെന്ന നിലയേക്കാള്‍ സഹഡോക്ടറെന്ന നിലയിലാണ് ഡോക്ടര്‍മാര്‍ ചികിത്സ നല്‍കിയതെന്നും വിമര്‍ശനമുണ്ട്. പരിചരണത്തിലെ വീഴ്ചകളാണ് ഡോക്ടറെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് കൊറോണര്‍ വ്യക്തമാക്കി.