ജൂണ്‍ 1 മുതല്‍ സ്‌കോട്ട്‌ലാന്‍ഡിലെ നാല് പ്രധാന നഗരങ്ങളില്‍ മൂന്നിലും പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് കാര്‍ബണ്‍ എമിഷന്‍ ചാര്‍ജ്ജ് ഈടാക്കും. പുതിയ എമിഷന്‍ സോണുകള്‍ അന്ന് മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. വര്‍ഷത്തില്‍ 365 ദിവസവും, ദിവസം മുഴുവന്‍ ലോ എമിഷന്‍ സോണ്‍ പ്രാബല്യത്തില്‍ ഉണ്ടായിരിക്കും. ഈ മേഖലയിലൂടെ ഓടുന്ന വാഹനങ്ങളെ നിരീക്ഷിക്കാന്‍ നാഷണല്‍ വെഹിക്കിള്‍ ലൈസന്‍സിംഗി ഡാറ്റയുമായി ബന്ധിപ്പിച്ച ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ ക്യാമറകളും സജ്ജമായി കഴിഞ്ഞു.
ലോ എമിഷന്‍ സോണ്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ കണ്ടെത്തനും പിടികൂടാനും ഈ ക്യാമറകള്‍ക്ക് കഴിയും. അതേസമയം, ഓടാതെ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് ലോ എമിഷന്‍ സോണ്‍ നിബന്ധനകള്‍ ബധകാമാകില്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പെനാലിറ്റി ചാര്‍ജ്ജ് നോട്ടീസ് (പി സി എന്‍) വഴിയായിരിക്കും ലോ എമിഷന്‍ സോണ്‍ നിയമങ്ങള്‍ നടപ്പിലാക്കുക. ഈ മേഖലയില്‍, മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനം കണ്ടെത്തിയാല്‍ റെജിസ്റ്റേര്‍ഡ് ഉടമക്ക് പി സി എന്‍ ലഭിക്കും.
വാതകങ്ങള്‍ പുറന്തള്ളുന്നതിന്റെ അളവ് അനുസരിച്ച്, ചില വാഹനങ്ങള്‍ക്ക് മാത്രം പ്രവേശനം അനുവദനീയമായ ലോ എമിഷന്‍ സോണുകള്‍ അബര്‍ഡീനിലും എഡിന്‍ബറോയിലും ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. നഗര ഹൃദയത്തിലെ അന്തരീക്ഷ മലൈനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി. റോഡ് ഗതാഗതം മൂലമുണ്ടാകുന്ന നൈട്രജന്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് കുറയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം. അബെര്‍ഡീനില്‍, രണ്ട് വര്‍ഷത്തെ ഗ്രേസ് പിരീഡോടെ 2022 മെയ് 30 ന് ആണ് ലോ എമിഷന്‍ സോണ്‍ നിലവില്‍ വന്നത്.
സ്‌കോട്ട്‌ലാന്‍ഡില്‍, ലോ എമിഷന്‍ സോണ്‍ കൊണ്ടുവന്ന രണ്ടാമത്തെ നഗരമാണ് ഡണ്‍ഡീ. ഒരു വര്‍ഷം മുന്‍പ്, ഗ്ലാസ്‌ഗോയില്‍ ഇത് നടപ്പിലാക്കിയാതിന് തൊട്ടു പുറകെ ഡണ്‍ഡിയും ലോ എമിഷന്‍ സോണ്‍ പ്രഖ്യാപിച്ചിരുന്നു. ഒരു വര്‍ഷം മുന്‍പ് ലോ എമിഷന്‍ സോണ്‍ പ്രാബല്യത്തില്‍ വന്ന ഗ്ലാസ്‌ഗോയില്‍ ഇക്കാലയളവിനുള്ളില്‍ 33,000 വാഹനമുടമകളില്‍ നിന്നായി 1 മില്യന്‍ പൗണ്ടിലധികം പിഴയായി പിരിച്ചു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിനിടയില്‍, യു കെയില്‍ ഇ സ്‌കൂട്ടര്‍ ട്രയലുകള്‍ക്കുള്ള നിയമത്തില്‍ സര്‍ക്കാര്‍ മാറ്റങ്ങള്‍ കൊണ്ടു വന്നു. ഇതോടെ ഇക്കാര്യത്തില്‍ പ്രാദേശിക കൗണ്‍സിലുകള്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കും.