ഓരോ കാന്‍സര്‍ രോഗികള്‍ക്കും സ്വന്തം രോഗത്തിന് അനുസരിച്ചുള്ള വാക്‌സിനുകളുമായി എന്‍എച്ച്എസ്
യുകെയില്‍ ആയിരക്കണക്കിന് എന്‍എച്ച്എസ് രോഗികള്‍ക്ക് വ്യക്തിഗത കാന്‍സര്‍ വാക്‌സിനുകള്‍ നല്‍കുന്നു. കാന്‍സര്‍ ചികിത്സയില്‍ സുപ്രധാന നാഴികക്കല്ലായി മാറിക്കൊണ്ടാണ് അടുത്ത വര്‍ഷത്തോടെ വാക്‌സിന്‍ വിതരണം വ്യാപകമാകുക. കാന്‍സര്‍ മടങ്ങിവരുന്നത് തടയുന്ന വിധത്തിലാണ് വാക്‌സിന്‍ തയാറാക്കിയിട്ടുള്ളത്. ഓരോ കാന്‍സര്‍ രോഗികള്‍ക്കും സ്വന്തം രോഗത്തിന് അനുസരിച്ചുള്ള വാക്‌സിനുകളാവും നല്‍കുക.
ഈ ചികിത്സ രോഗത്തിന് എതിരായ പോരാട്ടത്തില്‍ ഒരു പുതിയ യുഗത്തിന്റെ തുടക്കമായി മാറുമെന്നാണ് ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നത്. ഡസന്‍ കണക്കിന് വാക്‌സിനുകളാണ് നിര്‍മ്മാണ ഘട്ടത്തിലുള്ളത്. ക്ലിനിക്കല്‍ ട്രയല്‍സിനുള്ള ആശുപത്രി രോഗികളെ പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണ് ലോകത്തിലെ മുന്‍നിര സ്‌കീമില്‍ എന്‍എച്ച്എസ് ഉള്‍പ്പെടുത്തുക.
സുപ്രധാനമായ ഗവേഷണത്തിന്റെ ഭാഗമായി വാക്‌സിനെടുക്കാന്‍ കഴിയുന്നവര്‍ക്ക് രാജ്യത്തിന്റെ ഏത് ഭാഗത്താണെങ്കിലും ക്ലിനിക്കല്‍ സൈറ്റിലെത്തിയ സ്വീകരിക്കാന്‍ കഴിയുന്ന തരത്തില്‍ ഫാസ്റ്റ് ട്രാക്ക് ചെയ്താണ് പദ്ധതി നടപ്പാക്കുന്നത്. അധികം വൈകാതെ തന്നെ സാധാരണ ചികിത്സയുടെ ഭാഗമായി ഇത് മാറുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.
നാല് മക്കളുടെ പിതാവായ 55-കാരന്‍ എലിയറ്റ് ഫെബ്വെയാണ് എന്‍എച്ച്എസില്‍ നിന്നും ബവല്‍ കാന്‍സര്‍ വാക്‌സിന്‍ സ്വീകരിച്ച ആദ്യ വ്യക്തിയായി മാറിയത്. ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സിലാണ് ആദ്യ ഡോസ് നല്‍കിയത്. ലോകത്തിലെ മുന്‍നിര റിസേര്‍ച്ചില്‍ പങ്കെടുക്കാന്‍ എന്‍എച്ച്എസിന് സാധിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് അമാന്‍ഡ പ്രിച്ചാര്‍ഡ് പ്രതികരിച്ചു.