തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി 500 സീറ്റുകളില്‍ ജയിച്ച് കയറുമെന്ന് പഠനം
അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വമ്പന്‍ വിജയം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. ടോറികളുടെ അടിവേര് ഇളകുന്ന തെരഞ്ഞെടുപ്പില്‍ ഏകദേശം 500 ന് അടുത്ത് സീറ്റ് നേടിയാകും ലേബര്‍ വന്‍വിജയം നേടുകയെന്ന് പഠനം വ്യക്തമാക്കുന്നു. 10,000-ലേറെ ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ ആദ്യ മെഗാ പോളിലാണ് പൊതുജനങ്ങള്‍ 476 മുതല്‍ 493 സീറ്റുകള്‍ വരെ കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടിക്ക് സമ്മാനിക്കുമെന്ന് വ്യക്തമാകുന്നത്. സുനാകിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വാഗ്ദാനങ്ങള്‍ ജനമനസ്സുകളെ കാര്യമായി സ്വാധീനിച്ചിട്ടില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
ഇലക്ടറല്‍ കാല്‍ക്കുലസ് നടത്തിയ പഠനമാണ് ഡെയ്‌ലി മെയിലുമായി പങ്കിട്ടത്. ഈ വിധത്തില്‍ പോയാല്‍ ടോറികള്‍ കേവലം 66 മുതല്‍ 72 വരെ എംപിമാരായി ചുരുങ്ങുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. ഇത് സത്യമായാല്‍ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോല്‍വിയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നേരിടേണ്ടി വരിക. കൂടാതെ കീര്‍ സ്റ്റാര്‍മര്‍ക്ക് 300-ലേറെ സീറ്റുകളുടെ വന്‍ ഭൂരിപക്ഷവും കരസ്ഥമാകും.
മുന്‍ ലേബര്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ 1997-ല്‍ 417 സീറ്റുകളുമായി നേടിയ വിജയത്തേക്കാള്‍ വലിയ നേട്ടമാണ് സ്റ്റാര്‍മറെ കാത്തിരിക്കുന്നതെന്നാണ് സൂചന. ആധുനിക പാര്‍ലമെന്റ് ചരിത്രത്തില്‍ ഒരു പാര്‍ട്ടിക്കും നേടാന്‍ കഴിയാത്ത വിജയമായി ഇത് മാറിയേക്കാം. ഈ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍ ലേബറിന് ഒരു ദശകത്തോളം തിരിഞ്ഞ് നോക്കേണ്ടിവരില്ലെന്നും ഉറപ്പാണ്.
ഇത്രയും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് വിജയം നേടാന്‍ കഴിയും. ജൂലൈ 4ന് ഈ വെല്ലുവിളികളെ മറികടന്നു സുനാകിന് മഹാത്ഭുതം സമ്മാനിക്കാന്‍ കഴിയുമോയെന്നാണ് ഇപ്പോള്‍ ചോദ്യം ഉയരുന്നത്.