യു.കെ.വാര്‍ത്തകള്‍

മോദിയുടെ 'കടന്നുകൂടലും' കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പും വാര്‍ത്തയാക്കി പ്രമുഖ വിദേശ മാധ്യമങ്ങള്‍

നരേന്ദ്ര മോദിയും മുന്നണിയും കഷ്ടിച്ച് കടന്നു കൂടിയ സാഹചര്യവും പത്തു വര്‍ഷത്തിനുശേഷമുള്ള കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പും ഒക്കെ വിലയിരുത്തി പ്രമുഖ വിദേശ മാധ്യമങ്ങള്‍. ബിജെപിയ്ക്ക് എവിടെയാണ് പിഴച്ചത്എന്നതിന്റെ കാരണങ്ങള്‍ വിലയിരുത്തുകയാണ് ബിബിസി. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം വലിയൊരു അളവില്‍ തന്നെ ബി ജെ പിക്ക് വോട്ട് നേടിക്കൊടുക്കുമായിരുന്നു എന്ന് അതില്‍ പറയുന്നു. എന്നാല്‍, ആരും, തീവ്ര നിലപാടുകള്‍ പരസ്യമായി പറഞ്ഞ് ഒരു വിഭാഗീയത ഉണ്ടാക്കാന്‍ ബി ജെ പി ശ്രമിക്കും എന്ന് കരുതിയിരുന്നില്ല എന്നും അവര്‍ പറയുന്നു. കോണ്‍ഗ്രസിന്റെ ചില പഴയ പരാമര്‍ശങ്ങളെ എടുത്തുകാട്ടി ഹിന്ദു വോട്ടിന്റെ ധ്രൂവീകരണം മോദി ലക്ഷ്യമിട്ടെങ്കിലും, ഹിന്ദുക്കള്‍ അത് തള്ളിക്കളയുകയായിരുന്നു എന്ന് ബി ബി സി പറയുന്നു.

മാത്രമല്ല, രാമക്ഷേത്ര നിര്‍മ്മാണം ഹിന്ദുക്കളെ എത്രത്തോളം സ്വാധീനിച്ചു എന്നതിലും ബി ബി സി സംശയം പ്രകടിപ്പിക്കുന്നു. ക്ഷേത്രമിരിക്കുന്ന നിയോജകമണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ട കാര്യം പരാമര്‍ശിച്ചു കൊണ്ടാണ് അവര്‍ അത് പറയുന്നത്. തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ബിജെപി ഇതര സര്‍ക്കാരുകള്‍ കൊണ്ടു വന്ന ക്ഷേമ പദ്ധതികളും ബി ജെ പിക്ക് പ്രതീക്ഷിച്ച വിജയം ലഭിക്കുന്നതിന് തടസ്സമായി എന്ന് ബി ബി സി പറയുന്നു. അന്താരാഷ്ട്ര തലത്തില്‍ ഇനി മോദിയുടെ വേഗത ഒന്ന് കുറയും എന്ന് പറഞ്ഞാണ് ബിബിസി അവരുടെ റിപ്പോര്‍ട്ട് സംഗ്രഹിക്കുന്നത്.

മൂന്നാം തവണയും അധികാരത്തിലേറാന്‍ മോദി തയ്യാറെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഹിന്ദു ദേശീയ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ല എന്നതാണ് റോയിറ്റേഴ്സ് പ്രാധാന്യം നല്‍കി റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റൊരു വമ്പന്‍ വിജയമുണ്ടാകുമെന്ന പ്രവചനങ്ങളെ ഇന്ത്യന്‍ ജനത അട്ടിമറിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ഫലം നിക്ഷേപകരെ പുറകോട്ടടിച്ചതായി ഓഹരി വിപണിയിലെ ഇടിവ് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടില്‍ പറയുന്നു.

2014ല്‍ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതിന് ശേഷം ഇതാദ്യമായി ഭരണത്തിലെത്താന്‍ ചുരുങ്ങിയത് മൂന്ന് പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയെങ്കിലും തേടേണ്ട അവസ്ഥയിലാണ് ബി ജെ പി എന്നും അവര്‍ പറയുന്നു. ഇത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നയരൂപീകരണങ്ങളില്‍ അസ്ഥിരതയുണ്ടാകുന്നതിന് ഇടയാക്കിയേക്കുമെന്നും റോയിറ്റേഴ്സ് മുന്നറിയിപ്പ് നല്‍കുന്നു. ഒരു ദശാബ്ദക്കാലം, സര്‍വ്വ പ്രതാപങ്ങളോടും കൂടി രാജ്യം അടക്കി ഭരിച്ച മോദിക്കാണ് ഇപ്പോള്‍ ഈ അവസ്ഥ ഉണ്ടായിരിക്കുന്നതെന്നും അവര്‍ പറയുന്നുണ്ട്.

ബി ജെ പി ക്ക് ഭൂരിപക്ഷം നഷ്ടമായ വാര്‍ത്ത തന്നെയാണ് അല്‍ജസീറയും സ്‌കൈന്യൂസും പ്രധാനമായും നല്‍കിയിരിക്കുന്നത്. ഉത്തര്‍ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടി അപ്രമാദിത്വം നഷ്ടമായതും അല്‍ ജസീറ ചൂണ്ടിക്കാണിക്കുന്നു. എങ്കിലും, ഏറ്റവും വലിയ ഒറ്റക്കക്ഷി ആയി ബി ജെ പി തുടരുന്നതും അവര്‍ പറയുന്നുണ്ട്. 240 സീറ്റുകളുമായി ബി ജെ പി രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തുടരുന്ന കാര്യം സ്‌കൈന്യൂസും എടുത്തു പറയുന്നുണ്ട്. പ്രവചനം പിഴച്ചുപോയ എക്സിറ്റ് പോളുകളെ കുറിച്ചും സകൈ ന്യൂസ് പരാമര്‍ശിക്കുന്നുണ്ട്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി മൂന്നാം സ്ഥാനത്തെത്തുന്ന പ്രധാനമന്ത്രിയാണ് മോദി എന്നും സ്‌കൈ ന്യൂസ് ചൂണ്ടിക്കാണിക്കുന്നു.

ഹിന്ദു ദേശീയവാദികള്‍ നരേന്ദ്ര മോദിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്ന ചിത്രങ്ങളുമായാണ് ഡെയ്ലി മെയില്‍ വന്നിരിക്കുന്നത്. ഒരു അട്ടിമറി വിജയം ഉണ്ടാകാത്തതില്‍ മോദി ഒരു വിഷമവും പ്രത്യക്ഷത്തില്‍ കാണിക്കുന്നില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരു വിരലുകളുയര്‍ത്തി വിജയ ചിഹ്നം കാണിച്ച് അണികളെ അഭിവാദ്യം ചെയ്യുന്ന മോദിയുടെ ചിത്രങ്ങളും ഡെയ്ലി മെയില്‍ നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍- ബ്രിട്ടീഷ് പൊതു തെരഞ്ഞെടുപ്പുകളും അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പും അന്താരാഷ്ട്ര രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്നവയാണെന്നാണ് പാശ്ചാത്യ നിരീക്ഷകരും വിലയിരുത്തിയത്. അതില്‍ ഏറ്റവും വലിയ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നപ്പോള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ അത് വലിയൊരു വാര്‍ത്തയാക്കുകയും ചെയ്തു.

'മൂന്നാം തവണയും ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചു' എന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനയാണ് ഗാര്‍ഡിയന്‍ പത്രം തലക്കെട്ട് നല്‍കിയതെങ്കിലും, പാര്‍ട്ടിക്ക് ഒറ്റക്ക് ഭരിക്കാന്‍ കഴിയില്ലെന്ന് വാര്‍ത്തയില്‍ വ്യക്തമാക്കുന്നു പത്ത് വര്‍ഷത്തിനിടയില്‍ ഇതാദ്യമായി ബി ജെ പിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചില്ലെന്നും ഇത് സഖ്യകക്ഷികളെ കൂടുതലായി ആശ്രയിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുമെന്നും ഗാര്‍ഡിയന്‍ ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയിട്ടും, പാര്‍ട്ടി ഫണ്ടുകള്‍ മരവിപ്പിച്ചിട്ടും, തെരഞ്ഞെടുപ്പിന് മുന്‍പായി നേതാക്കളെ ജയിലിലടച്ചിട്ടും 20 പാര്‍ട്ടികളുടെ സഖ്യത്തിന് പ്രതീക്ഷിച്ചതിലധികം മുന്നോട്ട് പോകാനായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മോദി വിജയിച്ചെങ്കിലും, ബി ജെ പിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കാതെ പോയതാണ് സി എന്‍ എന്നും എടുത്ത് പറയുന്നത്. 400 സീറ്റിലധികം ലഭിക്കുമെന്ന് അവകാശവാദം മുഴക്കിയ മോദിക്ക് ഇപ്പോള്‍ സഖ്യകക്ഷികളുടെ പിന്തുണയില്ലാതെ ഭരിക്കാന്‍ ആകാത്ത സാഹചര്യമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, എഴുതിത്തള്ളിയിരുന്ന കോണ്‍ഗ്രസ്സിന്റെ ഉയര്‍ത്തെഴുന്നേല്‍പും അവര്‍ ചര്‍ച്ചയാക്കുന്നു. , 'മോദി, അംബാനി , അദാനി- ഇന്ത്യന്‍ സമ്പദ്ഘടന രൂപപ്പെടുത്തുന്ന ത്രിമൂര്‍ത്തികള്‍' എന്ന പേരില്‍ വിശദമായ ഒരു വിശകലന കുറിപ്പും ഇവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്തായാലും മോദിയുടെ താന്‍പ്രമാണിത്തം അവസാനിച്ചതായി വിദേശ മാധ്യമങ്ങള്‍ ഒരുപോലെ പറയുന്നു

  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions