ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റ് ഭീമനായ അസ്ദയുടെ ഉടമകളായ ഇന്ത്യന്‍ വംശജരായ സഹോദരങ്ങള്‍, സുബൈര്‍ ഇസ്സയും മൊഹ്‌സീന്‍ ഇസ്സയും വേര്‍പിരിയുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഇസ്സ സഹോദരന്മാര്‍ തമ്മിലുള്ള പിണക്കം മാധ്യമങ്ങളില്‍ ചര്‍ച്ച ആയിരുന്നു. അസ്ദയുടെ സഹ സി ഇ ഒ സ്ഥാനത്തു നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ സുബൈര്‍ ഇസ്സ തീരുമാനിച്ചതോടെയാണ് വേര്‍പിരിയല്‍ പൂര്‍ത്തിയായത്. ഇനി, സ്ഥാപനം പൂര്‍ണ്ണമായും മൊഹ്‌സീന്റെ അധീനതയിലായിരിക്കും.
ഇസ്സാ സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള ഇ ജി ഗ്രൂപ്പ് അവര്‍ക്ക് യു കെയില്‍ ബാക്കിയുള്ള ഫോര്‍കോര്‍ട്ട് ബിസിനസ്സ്, സഹസ്ഥാപകനായ സുബൈര്‍ ഇസ്സക്ക് 228 മില്യന്‍ പൗണ്ടിന് വിറ്റു. അതേസമയം, സുബൈര്‍ ഇസ്സ, ഈ മേഖലയില്‍ തനിക്കുള്ള ഓഹരികള്‍ കൈവശം വയ്ക്കുകയും, ബോര്‍ഡില്‍ ഒരു നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി തുടരുകയും ചെയ്യും. ഇ ജി ഗ്രൂപ്പിലുള്ള മൊഹ്‌സീന്റെയും ടി ഡി ആര്‍ ക്യാപിറ്റലിന്റെയും ഓഹരികള്‍ മാറ്റമില്ലാതെ തുടരും.
അസ്ദയുടെ ഉടമകളായ ഇ ജി ഗ്രൂപ്പിന്റെ വളര്‍ച്ചക്ക് സുബൈറിനോട് നന്ദി രേഖപ്പെടുത്തിയ ഗ്രൂപ്പ് ചെയര്‍മാന്‍ ലോര്‍ഡ് സ്റ്റുവര്‍ട്ട് റോസ്, മൊഹ്‌സീന്റെ കൈകളില്‍ സ്ഥാപനം കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു. ഇരുവരും ബോര്‍ഡില്‍ തുടരുമെന്നും, അന്താരാഷ്ട്ര തലത്തില്‍ തന്നെ പുതിയ മേഖലകളിലേക്ക് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇ ജി ഗ്രൂപ്പ് കെട്ടിപ്പടുക്കുന്ന യാത്രയില്‍ ഇതുവരെ തങ്ങള്‍ ഇരുവരും ഒരുമിച്ചായിരുന്നു മുന്നേറിയതെന്ന് സ്ഥാപക സി ഇ ഒ മാരായ സുബൈറും മൊഹ്‌സീനും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ 20 വര്‍ഷക്കാലമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന തങ്ങള്‍ ഇനിയും, ഇ ജി ഗ്രൂപ്പിന്റെ ബോര്‍ഡ് അംഗങ്ങള്‍ എന്ന നിലയില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. യു കെയില്‍ ബാക്കിയുള്ള ഫോര്‍കോര്‍ട്ടുകള്‍ വിറ്റതിലൂടെ ലഭിച്ച തുക കടം വീട്ടാനായിരിക്കും ഇ ജി ഗ്രൂപ്പ് ഉപയോഗിക്കുക. ഈ വര്‍ഷം രണ്ടാം പകുതിയോടെ ഈ ഇടപാട് പൂര്‍ണ്ണമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.