ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന് എതിരെ അസാധാരണ നീക്കവുമായി സീനിയര്‍ ഡോക്ടര്‍മാര്‍. എന്‍എച്ച്എസ് ഫിസിഷ്യല്‍ അസോസിയേറ്റുമാരെ അമിതമായി ആശ്രയിക്കുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. രണ്ട് വര്‍ഷത്തെ ട്രെയിനിംഗ് നേടിയ ശേഷം ഡോക്ടര്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അയയ്ക്കുന്നവര്‍ ഡോക്ടര്‍മാരുടെ ജോലി ചെയ്യുന്നതാണ് ഇവരെ ചൊടിപ്പിക്കുന്നത്.
പിഎ'കള്‍ എന്ന് വിളിക്കപ്പെടുന്ന ഫിസിഷ്യന്‍ അസോസിയേറ്റുമാരെ എന്‍എച്ച്എസ് അമിതമായി ആശ്രയിച്ച് തുടങ്ങിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കും, ജിപിമാര്‍ക്കും ഒപ്പം ജോലി ചെയ്യേണ്ട ഇവരെ ഹെല്‍ത്ത് സര്‍വ്വീസിലെ ജോലിക്കാരുടെ ക്ഷാമം നിമിത്തമാണ് ഈ വിധം ഉപയോഗിക്കുന്നത്. എന്നാല്‍ പിഎ'കള്‍ എന്തെല്ലാം ചെയ്യരുത്, എന്ത് ചെയ്യാം എന്ന കാര്യത്തില്‍ ജിഎംസി കൃത്യമായ നിബന്ധനകള്‍ ആവിഷ്‌കരിച്ചിട്ടില്ലെന്ന് ആരോപിച്ചാണ് അനസ്‌തെറ്റിക്‌സ് യൂണൈറ്റഡ് കോടതിയെ സമീപിക്കുന്നത്.
രോഗികളുടെ മെഡിക്കല്‍ ചരിത്രം എടുക്കുക, അടിസ്ഥാന ശാരീരിക പരിശോധനകള്‍ നടത്തുക, പരിശോധനാ ഫലങ്ങള്‍ നിരീക്ഷിക്കുക എന്നിങ്ങനെ പരിമിതമായ ഉത്തരവാദിത്വങ്ങളാണ് പിഎ നിര്‍വ്വഹിക്കേണ്ടത്. ഇതെല്ലാം ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് നടക്കേണ്ടത്. ചില പിഎ'കള്‍ക്ക് സര്‍ജറിക്ക് മുന്നോടിയായ രോഗികളെ സെഡേറ്റ് ചെയ്യുന്നതില്‍ ഡോക്ടറെ സഹായിക്കാം.
എന്നാല്‍ ആശുപത്രികള്‍ നിയമങ്ങള്‍ വളച്ചൊടിച്ച് ജീവനക്കാരുടെ ക്ഷാമം മുന്‍നിര്‍ത്തി പിഎ'കളെ മേല്‍നോട്ടമില്ലാതെ ഇവരുടെ വൈദഗ്ധ്യത്തിന് പുറത്ത് ജോലി ചെയ്യാന്‍ അനുവദിക്കുന്നുണ്ട്. പ്രിസ്‌ക്രിപ്ഷന്‍ എഴുതല്‍, രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്യല്‍ എന്നുതുടങ്ങി തലച്ചോറിന് സര്‍ജറി വരെ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ പിഴവില്‍ രോഗികള്‍ മരിക്കുകയും ചെയ്യുന്നു. ഈ ഘട്ടത്തിലാണ് പിഎ'കളുടെ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി ജിഎംസി നിര്‍വചിക്കാന്‍ സീനിയര്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്.