യുകെയിലെ ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്താന്‍ വലിയ കലാതാമസം. ഇതുമൂലം മലയാളികളടക്കം പ്രതിസന്ധി നേരിടുകയാണ്. പലരും ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാനുള്ള പരീക്ഷകള്‍ക്കായി 5 മാസത്തിലധികം കാത്തിരിക്കേണ്ടി വരുന്നതായുള്ള വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. നേരത്തെ കോവിഡ് മഹാമാരിയുടെ സമയത്ത് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാനുള്ള പരീക്ഷകളുടെ സമയം ഇതുപോലെ താളം തെറ്റിയിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ആരംഭിച്ച ബാക്ക് ലോഗ് ഇതുവരെ ശരിയായില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
നിലവിലെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാനുള്ള കാത്തിരിപ്പ് സമയം കോവിഡിന് മുമ്പുള്ളതിനേക്കാള്‍ കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രൈവര്‍ വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി വിവരവകാശ നിയമപ്രകാരം നല്‍കിയിരിക്കുന്ന മറുപടിയിലാണ് ഈ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുള്ള ഒരു ഡേറ്റിനായി ആഗ്രഹിക്കുന്നവര്‍ക്ക് ശരാശരി 14.8 ആഴ്ച വരെയാണ് കാത്തിരിക്കേണ്ടി വന്നത്. എന്നാല്‍ മെയ് മാസത്തില്‍ ഇത് 17.8 ആഴ്ചകളായി ഉയര്‍ന്നു. രണ്ടുമാസം കൊണ്ട് കാത്തിരിപ്പ് സമയത്തില്‍ 20 ശതമാനം വര്‍ദ്ധനവാണ് വന്നിരിക്കുന്നത്.
24 ആഴ്ച വരെ കാത്തിരിപ്പു സമയമുള്ള ടെസ്റ്റ് സെന്ററുകളുടെ എണ്ണം ഫെബ്രുവരി മാസത്തില്‍ 94 ആയിരുന്നത് മെയ് മാസം ആയതോടെ 124 ആയി ഉയര്‍ന്നു. 2020 ന് മുമ്പ് ഡ്രൈവിംഗ് ലൈസന്‍സിനുള്ള ടെസ്റ്റ് നടത്താനുള്ള കാത്തിരിപ്പ് സമയം ശരാശരി 6 ആഴ്ച മാത്രമായിരുന്നു. കോവിഡ് ലോക്ക് ഡൗണിന്റെ സമയത്ത് 850,000 ടെസ്റ്റുകള്‍ ആണ് റദ്ദാക്കപ്പെട്ടത്. ഇതാണ് രാജ്യംമൊട്ടാകെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റുകള്‍ക്കുള്ള കാത്തിരിപ്പ് സമയം കുതിച്ചുയരാന്‍ കാരണമായത്.