യുകെയിലെ വാടകമേഖല താറുമാറായിട്ടും തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ഇക്കാര്യം മിണ്ടാതെ രാഷ്ട്രീയ പാര്‍ട്ടികള്‍.വാടക നിയന്ത്രണവും, കാരണമില്ലാതെ പുറത്താക്കുന്നതിന് എതിരെയും നടപടി വേണമെന്ന് ആവശ്യം ഉയരുമ്പോഴാണ് ഈ മൗനം.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ശരാശരി ശമ്പള വര്‍ദ്ധനയ്ക്ക് മുകളിലാണ് യുകെയിലെ ശരാശരി വാടക നിരക്കുകള്‍ കുതിച്ചുയര്‍ന്നത്. ജൂലൈ 4ന് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കവെ വിവിധ രാഷ്ട്രീയ കക്ഷികള്‍ വാടകയ്ക്ക് താമസിക്കുന്ന ആളുകളെ മറന്ന പോലെയാണ്.
ഈ പൊതുതെരഞ്ഞെടുപ്പില്‍ യുകെയുടെ തകര്‍ന്നുകിടക്കുന്ന വാടക സിസ്റ്റം ശരിപ്പെടുത്താനുള്ള സാധ്യത പോലും ആരും ഉപയോഗിക്കുന്നില്ലെന്ന് ഹൗസിംഗ് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. വാടക പ്രതിസന്ധി നേരിടാന്‍ പാര്‍ട്ടി നേതാക്കള്‍ ശക്തമായ പരിഹാരവുമായി മുന്നോട്ട് വരണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
ഇത് സംബന്ധിച്ച് പ്രധാനമന്ത്രി റിഷി സുനാകിനും, പ്രതിപക്ഷ നേതാവ് കീര്‍ സ്റ്റാര്‍മറിനും തുറന്ന കത്തും പുറത്തുവിട്ടു. സുപ്രധാനമായ ഓഫര്‍ മുന്നോട്ട് വെച്ച് ആയിരക്കണക്കിന് പേര്‍ ഭവനരഹിതരാകുന്നതും, ദാരിദ്ര്യവും, ചൂഷണവും നേരിടുന്നത് ഒഴിവാക്കണമെന്ന് വാടകക്കാരെ പ്രതിനിധീകരിക്കുന്ന ഗ്രൂപ്പുകള്‍ വ്യക്തമാക്കി.
വാടക നിരക്കുകള്‍ 40% വരെ വര്‍ദ്ധിച്ചതോടെ പലരും വീടുകളില്‍ നിന്നും പുറത്താകുന്നതാണ് അവസ്ഥ. വാടക നിയന്ത്രണം, അകാരണമായി പുറത്താക്കുന്നതിന് സമ്പൂര്‍ണ്ണ നിരോധനം, സോഷ്യല്‍ ഹൗസിംഗില്‍ കൂടുതല്‍ നിക്ഷേപം എന്നിവ ഉറപ്പാക്കാന്‍ പാര്‍ട്ടി നേതാക്കള്‍ തയ്യാറാകണമെന്ന് ന്യൂ ഇക്കണോമിക്‌സ് ഫൗണ്ടേഷനും, ജനറേഷന്‍ റെന്റും ഉള്‍പ്പെടുന്ന സംഘടനകള്‍ വ്യക്തമാക്കി.
സുപ്രധാന ഇടപെടല്‍ ഇല്ലാത്ത പക്ഷം നിലവിലെ പ്രതിസന്ധി മൂര്‍ച്ഛിക്കുമെന്നാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ശരാശരി ശമ്പള വര്‍ദ്ധനയ്ക്ക് മുകളിലാണ് യുകെയിലെ ശരാശരി വാടക നിരക്കുകള്‍ കുതിച്ചത്.