വൈദ്യുതി തടസം: മാഞ്ചസ്റ്ററില്‍ നിന്നുള്ള നിരവധി ഫ്ലൈറ്റുകള്‍ റദ്ദാക്കി
വൈദ്യുതി വിതരണത്തില്‍ നേരിട്ട തടസം മൂലം മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള നിരവധി ഫ്ലൈറ്റുകള്‍ റദ്ദാക്കി. പല ഫ്ലൈറ്റുകളും പുറപ്പെടുന്നതില്‍ താമസം നേരിടുകയും ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എയര്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള സ്ഥലത്ത് വൈദ്യുതി വിതരണത്തില്‍ നേരിട്ട തടസ്സമാണ് വിമാനങ്ങള്‍ വൈകുന്നതിലേയ്ക്കും റദ്ദാക്കപ്പെടുന്നതിലേയ്ക്കും വഴി വെച്ചിരിക്കുന്നത്.
വൈദ്യുതി ബന്ധം പുന:സ്ഥാപിച്ച് എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലാക്കാന്‍ പരിശ്രമിക്കുകയാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. പലരുടെയും ലഗേജുകള്‍ അതാത് വിമാനത്തില്‍ തന്നെ ഇല്ലാത്ത സ്ഥിതി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പും നല്‍കപ്പെട്ടിട്ടുണ്ട്. എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം ആകെ താളം തെറ്റിയതിനെ തുടര്‍ന്ന് രാവിലെ മുതല്‍ ആളുകളുടെ വലിയ ക്യൂ രൂപപ്പെട്ടതിന്റെ ചിത്രങ്ങള്‍ ഒട്ടേറെ പേരാണ് സമൂഹ മാധ്യമങ്ങളില്‍ കൂടി പങ്കുവെച്ചത്.
മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനലില്‍ ഒന്നിന്റെയും രണ്ടിന്റെയും പ്രവര്‍ത്തനങ്ങളെ പവര്‍കട്ട് കാര്യമായി ബാധിച്ചിട്ടുണ്ട്. ടെര്‍മിനല്‍ മൂന്നില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും കാലതാമസം നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ടെര്‍മിനലുകള്‍ 1 അല്ലെങ്കില്‍ 2 ല്‍ നിന്ന് യാത്ര ചെയ്യേണ്ട യാത്രക്കാര്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാനത്താവളത്തില്‍ വരരുതെന്നും ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് അവരുടെ എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ട് അറിയിച്ചു. നിരവധി ഫ്ലൈറ്റുകള്‍ മറ്റ് എയര്‍പോര്‍ട്ടുകളിലേയ്ക്ക് തിരിച്ചുവിടുന്നതു മൂലം യാത്രക്കാരെ കൊണ്ടുപോകുവാന്‍ എയര്‍പോര്‍ട്ടില്‍ വരുന്നതും ഏറ്റവും പുതിയ വിവരങ്ങള്‍ പരിശോധിക്കണമെന്ന് അറിയിച്ചിട്ടുണ്ട് .
യോര്‍ക്ക്ഷെയര്‍, വെയിക്ക് ഫീല്‍ഡ്, ഷെഫീല്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ കേരളത്തിലേക്ക് വരാന്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന എയര്‍പോര്‍ട്ട് ആണ് മാഞ്ചസ്റ്റര്‍. കൊച്ചിയില്‍ നിന്ന് മാഞ്ചസ്റ്ററിലേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തു പോകുന്നതിനും തിരിച്ചുമുള്ള ഒട്ടേറെ മലയാളികളെയാണ് എയര്‍പോര്‍ട്ടിലെ പ്രശ്നങ്ങള്‍ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.