ബ്രിട്ടനിലെ വിമാനയാത്ര, സാങ്കേതിക വിഷയങ്ങള്‍ മൂലം സമീപകാലത്തു വലിയ തടസങ്ങള്‍ നേരിട്ടുവരുകയാണ്. ഇതിന് പിന്നാലെയാണ് ഹീത്രൂ വിമാനത്താവളത്തില്‍ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ബ്രിട്ടീഷ് എയര്‍വേസ് ഐടി അലോക്കേഷനില്‍ ഉണ്ടായ വീഴ്ചയാണ് രാത്രി മുതല്‍ യാത്രക്കാരെ വിമാനത്തിന് അകത്ത് കുരുക്കുകയും, ലഗേജുകള്‍ ലഭിക്കാന്‍ മണിക്കൂറുകളുടെ കാലതാമസവും സൃഷ്ടിച്ചത്.
ബ്രിട്ടീഷ് എയര്‍വേസ് അലോക്കേഷന്‍ സിസ്റ്റത്തിലെ വീഴ്ചകള്‍ ടെര്‍മിനല്‍ 5 യാത്രക്കാരെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് യുകെയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം വ്യക്തമാക്കി. മറ്റ് എയര്‍ലൈനുകളെ പ്രശ്‌നം ബാധിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പ്രശ്‌നം നേരിട്ട യാത്രക്കാരുടെ വലിയ നിര വിമാനത്താവളത്തില്‍ ഉടനീളം രൂപപ്പെടുകയും, ലഗേജ് ലഭിക്കാന്‍ ബുദ്ധിമുട്ടുന്നതുമായ കാഴ്ചകളാണ് പുറത്തുവന്നിരിക്കുന്നത്.
ടെര്‍മിനലിലെ ബിഎ ബാഗേജ് ക്ലെയിം ഏരിയയ്ക്ക് പുറത്ത് വലിയ ക്യൂവാണ് രാത്രിയോടെ രൂപപ്പെട്ടത്. രാവിലെ ആകുമ്പോഴും പ്രശ്‌നം ഒതുങ്ങാതെ വന്നതോടെ കസ്റ്റമേഴ്‌സ് തങ്ങളുടെ ദുരിതങ്ങള്‍ പുറത്ത് പറയുകയായിരുന്നു. യാത്രക്കാരായി എത്തിയ കുട്ടികള്‍ക്ക് പാനിക് അറ്റാക് നേരിട്ടെന്നും, യുകെ 'മൂന്നാംകിട' രാജ്യമായെന്നുമാണ് ചിലര്‍ വിമര്‍ശിച്ച് കളഞ്ഞത്.
ഹീത്രൂവിലെ ബിഎ അലോക്കേഷന്‍ സിസ്റ്റത്തിലെ പ്രശ്‌നം മൂലം യാത്രക്കാര്‍ക്കൊപ്പം ബാഗും എത്തിച്ചേരുമെന്ന് ഗ്യാരണ്ടിയില്ലെന്ന് പ്രശ്‌നബാധിതരായ യാത്രക്കാര്‍ക്ക് ബ്രിട്ടീഷ് എയര്‍വേസ് ഖേദ സന്ദേശത്തില്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇമെയില്‍ വഴി അറിയിച്ചിട്ടുണ്ടെന്നും എയര്‍ലൈന്‍ പറഞ്ഞു.