കേരളത്തിലെ വേനലിനെ അനുസ്മരിപ്പിക്കുംവിധം ഇംഗ്ലണ്ടില്‍ കടുത്ത ചൂട്. ചൊവ്വാഴ്ച സറേയിലെ ചേര്‍ട്ട്‌സിയില്‍ 30 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയതോടെ കഴിഞ്ഞ സെപ്റ്റംബര്‍ 10 ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ദിനമായി ഇന്നലെ മാറി. ഗ്ലസ്റ്റര്‍ഷയറില്‍ 28.7 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയപ്പോള്‍ വോഴ്സ്റ്റര്‍ഷയറില്‍ 28 ഡിഗ്രിയും മോണ്മൗത്ത്ഷയറില്‍ 27 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. ഇന്ന് (ബുധനാഴ്ച) ചൂട് ഇനിയും വര്‍ദ്ധിക്കുമെന്നാണ് പ്രവചനം. ചിലയിടങ്ങളില്‍ അന്തരീക്ഷ താപനില 31 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് പ്രവചിക്കുന്നു.
യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യു കെ എച്ച് എസ് എ) യുടെ യെല്ലോ അലര്‍ട്ട് വ്യാഴാഴ്ച വൈകിട്ട് 5 മണിവരെ നിലവിലുണ്ട്. കടുത്ത ചൂട് ആരോഗ്യ- സാമൂഹ്യ ക്ഷേമ മേഖലകളില്‍ കനത്ത പ്രത്യാഘാതം ഉണ്ടാക്കീയേക്കാം എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. 65 വയസ്സില്‍ അധികം പ്രായമുള്ളവര്‍ക്കിടയിലും, ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കിടയിലും മരണ സംഖ്യ വര്‍ദ്ധിച്ചേക്കാം എന്നും അതില്‍ പറയുന്നു. ഈ വാരാന്ത്യത്തിനു മുന്‍പായി ചൂട് കുറച്ചൊന്നു ശമിച്ചെക്കാമെങ്കിലും, പൊതുവെ ചൂടുള്ള കാലാവസ്ഥ തന്നെയായിരിക്കും എന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.
മൂന്ന് ദിവസക്കാല തുടര്‍ച്ചയായി താപനില ഒരു നിശ്ചിത അളവിലും കൂടുതല്‍ അനുഭവപ്പെടുന്ന ഉഷ്ണ തരംഗം എന്ന അവസ്ഥ ചിലയിടങ്ങളില്‍ ഉണ്ടായേക്കാം എന്നും മെറ്റ് ഓഫീസ് പറയുന്നു. ബുധനാഴ്ച ആരംഭിക്കുന്ന സംഗീതോത്സവത്തിനായി ഗ്ലാസ്റ്റണ്‍ബറിയിലേക്ക് യാത്രയാകുന്നവര്‍ക്ക് നല്ല വാര്‍ത്തയാണ് നല്‍കാനുള്ളത്. പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും വര്‍ത്തി ഫാമില്‍ എന്ന് മെറ്റ് ഓഫീസ് പറയുന്നു. താപനില 27 ഡിഗ്രിയില്‍ തുടരും. എന്നിരുന്നാലും ശനിയാഴ്ച ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്.
ഇംഗ്ലണ്ടിലും വെയ്സിലും ശരാശരി മഴയേക്കാള്‍ 32 ശതമാനത്തോളം അധികം മഴ ലഭിച്ച ഒരു ഇടവേളക്ക് ശേഷമാണ് ഇപ്പോള്‍ താപനില വര്‍ദ്ധിക്കുന്നത്. ഇംഗ്ലണ്ടില്‍ അഞ്ചാമത്തെയും, വെയ്ല്‍സിലെ എട്ടാമത്തെയും ഏറ്റവുമധികം മഴ ലഭിച്ച ഒരു കാലയളവായിരുന്നു അതെന്നും മെറ്റ് ഓഫീസ് പറഞ്ഞു.