യു.കെ.വാര്‍ത്തകള്‍

ടോറി പാര്‍ട്ടിയില്‍ അടിതുടരുന്നു; ചെയര്‍മാനും കാമറൂണും രാജിവെച്ചു; ഇടക്കാല ഷാഡോ കാബിനറ്റിനെ നിയോഗിച്ച് സുനാക്

പൊതുതെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ടോറി പാര്‍ട്ടിയില്‍ അടിതുടരുന്നു. തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടി ചെയര്‍മാന്‍ റിച്ചാര്‍ഡ് ഹോള്‍ഡെന്‍ രാജിവെച്ചപ്പോള്‍, ഷാഡോ ഫോറിന്‍ സെക്രട്ടറി പദം ലോര്‍ഡ് കാമറൂണും ഒഴിഞ്ഞു. ഇതോടെ ഇടക്കാല ഷാഡോ കാബിനറ്റിനെ നിയോഗിച്ചിരിക്കുകയാണ് റിഷി സുനാക്.

ട്രഷറിയിലെ മുന്‍ ഇക്കണോമിക് സെക്രട്ടറി റിച്ചാര്‍ഡ് ഫുള്ളര്‍ ചെയര്‍മാന്‍ പദവി ഏറ്റെടുത്തപ്പോള്‍ ആന്‍ഡ്രൂ മിച്ചലിനെ ഷാഡോ ഫോറിന്‍ സെക്രട്ടറിയാക്കി.

ജെറമി ഹണ്ടും, ജെയിംസ് ക്ലെവര്‍ലിയും ഷാഡോ ചാന്‍സലര്‍, ഹോം സെക്രട്ടറി റോളുകളില്‍ തുടരുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി നേടിയ വന്‍ വിജയത്തിന് പുറമെ ടോറി വോട്ടുകള്‍ കവര്‍ന്ന റിഫോമിനെ ഏത് വിധത്തില്‍ നേരിടുമെന്നതും പ്രധാന തലവേദനയാണ്. ഇതിന്റെ പേരില്‍ കണ്‍സര്‍വേറ്റീവുകള്‍ തമ്മില്‍ ആഭ്യന്തര കലഹം രൂക്ഷമാണ്.

സുനാക് നേതൃസ്ഥാനത്ത് തുടരുന്നതില്‍ വലത് പക്ഷത്തിന് താല്‍പര്യമില്ല. തെരഞ്ഞെടുപ്പ് തകര്‍ച്ചയില്‍ രക്ഷപ്പെട്ട് എംപിമാരായ സുവെല്ലാ ബ്രാവര്‍മാന്‍, പ്രീതി പട്ടേല്‍, റോബര്‍ട്ട് ജെന്റിക്ക്, ടോം ടുഗെന്‍ഡാറ്റ് എന്നിവര്‍ നേതൃസ്ഥാനം പിടിക്കാനുള്ള പോരാട്ടത്തിലുമാണ്. പാര്‍ട്ടി പകരക്കാരനെ കണ്ടെത്തുന്നത് വരെ സ്ഥാനത്ത് തുടരുമെന്ന് സുനാക് വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ പാര്‍ട്ടി നേതാവിനെ കണ്ടെത്തിയാല്‍ താന്‍ സ്ഥാനമൊഴിയുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 14 വര്‍ഷത്തെ ടോറി ഭരണത്തിന് വിരാമമിട്ട് യുകെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി മൃഗീയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മുന്‍ പ്രധാനമന്ത്രി ലിസ് ട്രസ് ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ തോറ്റതും സുനകിന്റെ നേതൃത്വത്തിന് വലിയ തിരിച്ചടിയായിരുന്നു.

ചരിത്രപരമായ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പ്രധാനമന്ത്രി റിഷി സുനാക് നേരത്തെ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബറില്‍ നടക്കുന്ന പാര്‍ട്ടി സമ്മേളനത്തിന് മുന്‍പായി പുതിയ നേതാവ് സ്ഥാനമേല്‍ക്കുമോ എന്നത് മാത്രമെ അറിയാനുള്ളു.

കാബിനറ്റ് മന്ത്രിമാര്‍ അടക്കം പ്രമുഖരെല്ലാം പരാജയപ്പെട്ടതിന്റെ പഴി മുഴുവന്‍ സുനാകിന്റെ തലയിലാണ്. ഡിസംബര്‍ വരെ കാലാവധി ഉണ്ടായിരിക്കെ ധൃതി പിടിച്ചു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സുനാക് ലേബറിന്റെ കൈയില്‍ അധികാരം വച്ച് കൊടുക്കുന്നതുപോലെയായി എന്നാണ് ആരോപണം. ടോറി നേതാക്കള്‍ പ്രതീക്ഷിച്ചതും ഒരുങ്ങിയിരുന്നതും ഒക്ടോബറില്‍ മാത്രമേ തിരഞ്ഞെടുപ്പ് കാണൂ എന്നായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയും പലിശ നിരയ്ക്കും വിലക്കയറ്റവും എല്ലാം ജനരോഷത്തിനു കാരണമായി.

  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions